ന്യൂഡൽഹി: ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിൽ തിളങ്ങി അച്ഛനും മകനും. ആർ.ആർ.ആർ എന്ന ചിത്രത്തിലൂടെയാണ് പ്രശസ്ത സംഗീത സംവിധായകൻ എം.എം കീരവാണിയും മകൻ കാലഭൈരവയും പുരസ്കാരം നേടിയത്. കീരവാണി മികച്ച പശ്ചാത്തല സംഗീതത്തിനുള്ള പുരസ്‌കാരം നേടിയപ്പോൾ മികച്ച ഗായകനുള്ള പുരസ്‌കാരമാണ് മകന്‍ കാലഭൈരവയെ തേടിയെത്തിയത്. ‘കൊമരം ഭീമുഡോ’ എന്ന ഗാനമാണ് കാലഭൈരവയെ നേട്ടത്തിന് അര്‍ഹനാക്കിയത്. ആർ.ആർ.ആറിലെ നാട്ടുനാട്ടു എന്ന ഗാനത്തിന് കീരവാണിക്ക് മികച്ച ഒറിജിനല്‍ സോങ് വിഭാഗത്തിൽ ഓസ്‌കർ പുരസ്‌കാരം ലഭിച്ചിരുന്നു.
എസ്.എസ് രാജമൗലിയുടെ ആര്‍.ആര്‍.ആറും സഞ്ജയ് ലീല ബൻസാലിയുടെ ഗംഗുഭായ് കത്തിയവാഡിയും ഷൂജിത്ത് സർക്കാറിന്റെ ഹിന്ദി ചിത്രം സർദാർ ഉദ്ദവുമാണ് അവാർഡുകൾ വാരിക്കൂട്ടിയത്. മികച്ച ജനപ്രിയ ചിത്രം, പശ്ചാത്തല സംഗീതം, സ്റ്റണ്ട് കൊറിയോഗ്രാഫർ, മികച്ച ഗായകൻ, കൊറിയോഗ്രാഫർ, സ്പെഷൽ ഇഫക്ട്സ് എന്നീ പുരസ്കാരങ്ങൾ ആർ.ആർ.ആർ സ്വന്തമാക്കി. മികച്ച കലാമൂല്യവും ജനപ്രീതിയുമുള്ള ചിത്രമായി ആര്‍.ആര്‍.ആര്‍ തെരഞ്ഞെടുക്കപ്പെട്ടപ്പോൾ, ഇതേ ചിത്രത്തിന് സംഗീതമൊരുക്കിയ കീരവാണിക്ക് മികച്ച പശ്ചാത്തല സംഗീതത്തിനും പ്രേം രക്ഷിതിന് നൃത്തസംവിധാനത്തിനും പുരസ്കാരം ലഭിച്ചു. മികച്ച സ്റ്റണ്ട് കൊറിയോഗ്രാഫി അവാർഡ് ആർ.ആർ.ആറിലൂടെ കിംഗ് സോളമന് ലഭിച്ചപ്പോൾ ഇതിലെ ‘കൊമരം ഭീമുഡോ’ പാടിയ കാലഭൈരവ മികച്ച ഗായകനായും തെരഞ്ഞെടുക്കപ്പെട്ടു.
സഞ്ജയ് ലീല ബൻസാലി ചിത്രം ഗംഗുഭായ് കത്തിയവാഡിയിലെ അഭിനയത്തിന് ആലിയ ഭട്ടിന് മികച്ച നടിക്കുള്ള പുരസ്കാരം ലഭിച്ചപ്പോൾ മികച്ച തിരക്കഥ, എഡിറ്റിങ്, മേക്കപ്പ് ആർട്ടിസ്റ്റ് പുരസ്കാരങ്ങളും ചിത്രം സ്വന്തമാക്കി. ഷൂജിത്ത് സർക്കാർ സംവിധാനം ചെയ്ത് വിക്കി കൗശൽ മുഖ്യവേഷത്തിലെത്തിയ ഹിന്ദി ചിത്രം ‘സർദാർ ഉദ്ദം’ മികച്ച ഹിന്ദി ചിത്രം, വസ്ത്രാലങ്കാരം, മികച്ച കാമറ, ഓഡിയോഗ്രാഫി, പ്രൊഡക്ഷൻ ഡിസൈനർ എന്നിവക്കുള്ള പുരസ്കാരങ്ങളാണ് നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.