ന്യൂഡൽഹി: പായൽ കപാഡിയ സംവിധാനം ചെയ്ത ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ സിനിമക്ക് രണ്ട് ഗോൾഡൻ ഗ്ലോബ് നാമനിർദേശം. മികച്ച ഇംഗ്ലീഷ് ഇതര ഭാഷാചിത്രം, മികച്ച സംവിധാനം എന്നിവക്കാണ് നാമനിർദേശം ലഭിച്ചത്. എമിലിയ പെരസ് (ഫ്രാൻസ്), ദി ഗേൾ വിത്ത് ദി നീഡ്ൾ (പോളണ്ട്), ഐ ആം സ്റ്റിൽ ഹിയർ (ബ്രസീൽ), ദി സീഡ് ഓഫ് സേക്രഡ് ഫിഗ് (യു.എസ്), വെർമിഗ്ലിയോ (ഇറ്റലി) എന്നീ ചിത്രങ്ങളുമായാണ് ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ മാറ്റുരക്കുക.
82ാമത് ഗ്ലോബ്സിൽ മികച്ച സംവിധായികയാവാൻ പായൽ കപാഡിയ ബ്രാഡി കോർബെറ്റ് (ദി ബ്രൂട്ടലിസ്റ്റ്), കോറലി ഫാർഗീറ്റ് (ദി സബ്സ്റ്റാൻസ്), എഡ്വേർഡ് ബെർഗെർ (കോൺക്ലവ്), ജാക്വസ് ഓഡിയാഡ് -സീൻ ബേകർ (എമിലിയ പെരസ്) എന്നിവരുമായി മത്സരിക്കും. ജനുവരി അഞ്ചിനാണ് ലോസ് ആഞ്ജലസിൽ ഗോൾഡൻ ഗ്ലോബ് പുരസ്കാര വിതരണം നടക്കുക.
കാൻ ചലച്ചിത്ര മേളയിൽ ഗ്രാൻഡ് പ്രിക്സ് പുരസ്കാരം ലഭിച്ച ആദ്യ ഇന്ത്യൻ ചിത്രം എന്ന നിലയിൽ ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ ചരിത്രത്തിൽ ഇടംനേടിയിരുന്നു. തിരക്കേറിയ മുംബൈ നഗരത്തിൽ ജീവിക്കുന്ന രണ്ട് മലയാളി നഴ്സുമാർ ഉൾപ്പെടെ മൂന്ന് സ്ത്രീകളുടെ പ്രണയവും സൗഹൃദവും പ്രതിപാദിക്കുന്നതാണ് സിനിമ. കനി കുസൃതി, ദിവ്യ പ്രഭ, ഛായ കദം എന്നിവരാണ് മുഖ്യ വേഷത്തിൽ അഭിനയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.