ജയറാമും പാർവതിയും മക്കൾക്കും മരുമക്കൾക്കും ഒപ്പം

ജയറാമിന് പല പല പ്രായമെന്ന് പാർവതി, പ്രായം ആസ്വദിക്കുന്നെന്ന് ജയറാം

നടൻ ജയറാമിന് 60 വയസ്സായെന്ന് പറയുമ്പോൾ, അത്രയുമായോ എന്ന് ചോദിച്ചുപോകും ഓരോ മലയാളിയും. സൂപ്പർ സ്റ്റാർ എന്ന വിശേഷണമില്ലാതെ ഓരോ മലയാള സിനിമ ആസ്വാദകന്റെയും സ്വന്തമായി ജയറാം മാറിയിട്ട് 36 വർഷമാകുന്നു. ആദ്യ സിനിമയിലെ നായിക പാർവതിയെ തന്നെ ജീവിത പങ്കാളിയാക്കിയ ജയറാം, മകളുടെയും മകന്റെയും വിവാഹവും കഴിഞ്ഞ് കാരണവരായി മാറി. ഇപ്പോഴും മലയാളിക്ക് ജയറാം പ്രിയങ്കരനായി തുടരുന്നു.

മിമിക്രിയിലൂടെ സിനിമയിലെത്തിയ മലയാള നടന്മാരിൽ ഏറ്റവും വിജയിച്ചത് ജയറാമാണ്. മറ്റ് പല മിമിക്രി നായകരും വീണിട്ടും ജയറാം ഇവി​ടെത്തന്നെ തുടരുന്നു. ഇടയ്ക്ക് തമിഴിലേക്ക് കൂടുമാറിയ ജയറാം എബ്രഹാം ഓസ്‍ലറിലൂടെ വീണ്ടും മലയാളത്തിൽ തിരികെയെത്തി. അതിനു മുമ്പ് മണിരത്നത്തിന്റെ ബിഗ് ബജറ്റ് ചിത്രമായ ‘പൊന്നിയിൻ ശെൽവ’ത്തിന്റെ രണ്ടു ഭാഗങ്ങളിലും സുപ്രധാന വേഷത്തിൽ ജയറാം എത്തിയിരുന്നു.

60 വയസിലെത്തിയ ജയറാം തന്റെ പ്രായ​ത്തെക്കുറിച്ച് പറയുന്നത് അൽപം തത്വചിന്താപരമായാണ്. ‘ജനിക്കുന്ന വയസ്സൊന്ന്. പള്ളിക്കൂടത്തിൽ ചേർക്കാൻ കൊടുക്കുന്ന വയസ്സ് വേറൊന്ന്. ജോലി കിട്ടാനും ജീവിതത്തിലെ പലഘട്ടങ്ങളിലും പറയുന്ന വയസ്സുകൾ പലത്. മറ്റൊരാൾ നമ്മുടെ മുഖത്ത് നോക്കി പറയുന്നൊരു വയസ്സുണ്ട്. അതിനെക്കാൾ ഏറ്റവും വലുത് നമ്മുടെ മനസ് പറയുന്ന വയസ്സാണ്. അങ്ങനെ നോക്കുകയാണെങ്കിൽ എന്റെ വയസ്സി​പ്പോഴും ചെറുപ്പമാണ്’ - ജയറാം പറയുന്നു.

‘എസ്.എസ്.എൽ.സി ബുക്കിലും പാസ്​പോർട്ടിലും 1965 ഡിസംബർ 10 ആണ് ജന്മദിനം. അങ്ങനെ നോക്കിയാൽ 59 ആയതേയുള്ളു. കടന്നു വരുന്ന ഓരോ പ്രായവും ആസ്വദിക്കുന്ന ഒരാളാണ് ഞാൻ. നരയും ശരീരത്തിലുണ്ടാവുന്ന ചുളിവുമെല്ലാം ഞാൻ എൻജോയ് ചെയ്യാറുണ്ട്. മകന്റെയും മകളുടെയും വിവാഹം കഴിഞ്ഞു. ഇനി ജീവിതത്തിലെ മറ്റൊരു ഘട്ടമാണ്’ ജയറാം പറയുന്നു.

എന്നാൽ, ജയറാമിന്റെ പ്രായത്തെപ്പറ്റി മറ്റൊരഭിപ്രായമാണ് പാർവതിക്ക് പറയാനുള്ളത്. ‘ജയറാമിന് ഓരോ സമയത്തും ഓരോ പ്രായമാണ്. വീട്ടുകാരും കുട്ടികളുമായി ഇരിക്കു​മ്പോൾ ഒരു 22 വയസ്സ് തോന്നിക്കും. ഉത്സവപറമ്പിലോ മറ്റോ പോകുമ്പോൾ രണ്ട് വയസ്സുകൂടി കുറയും. പക്ഷേ, അമ്യൂസ്മെന്റ് പാർക്കുകളിലെ റൈഡറുകളിൽ നമ്മൾ കയറാ​നൊരുങ്ങുമ്പോൾ ജയറാമിന് 70 വയസ്സുള്ള മുത്തശ്ശന്റെ പ്രായമാകും..’ പാർവതി ജയറാമിന് നൽകുന്ന പിറന്നാൾ ആശംസയാണിത്.

Tags:    
News Summary - Happy sixteenth Birth day of Actor Jayaram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.