മുംബൈ: വാഹനത്തിന്‍റെ നമ്പർ പ്ലേറ്റ് അനധികൃതമായി ഉപയോഗിച്ചതിന് ബോളിവുഡ് താരം വിക്കി കൗശലിനെതിരെ ഇൻഡോർ സ്വദേശിയുടെ പരാതി. വിക്കി കൗശലും സഹതാരമായ സാറ അലി ഖാനും ബൈക്കിൽ പോകുന്നതിന്‍റെ ചിത്രങ്ങൾ വൈറലായതിന് പിന്നാലെയാണ് പരാതി. വിക്കി കൗശൽ ഓടിക്കുന്ന ബൈക്കിന്‍റെ നമ്പർ തന്‍റേതാണെന്ന് പരാതിക്കാരനായ ജയ് സിങ് യാദവ് പറയുന്നു.
സിനിമ ചിത്രീകരണത്തിനായി ഉപയോഗിച്ചിരുന്ന ബൈക്കിന്‍റെ നമ്പർ തന്‍റേതാണെന്നും ഇത് നിയമവിരുദ്ധമാണെന്നും യാദവ് പറഞ്ഞു.
'സിനിമ ചിത്രീകരണത്തിനായി ഉപയോഗിച്ചിരിക്കുന്ന വാഹനത്തിന്‍റെ നമ്പർ എന്‍റേതാണ്. ഫിലിം യൂണിറ്റിന് ഇത് അറിയാമോ എന്നത് അറിയില്ല. പക്ഷേ ഇത് നിയമവിരുദ്ധമാണ്. അവർക്ക് നമ്പർ പ്ലേറ്റ് അനുവാദമില്ലാതെ ഉപയോഗിക്കാൻ കഴിയില്ല. ഇതുസംബന്ധിച്ച് സ്റ്റേഷനിൽ ഒരു മൊമോറാണ്ടം നൽകി. അവർ സംഭവത്തിൽ നടപടി സ്വീകരിക്കണം' -യാദവ് വാർത്താ ഏജൻസിയോട് പറഞ്ഞു. യാദവ് തന്‍റെ വാഹനത്തിന്‍റെ നമ്പർ പ്ലേറ്റിന്‍റെ ചിത്രങ്ങളും പങ്കുവെച്ചു.
അനധികൃതമായാണോ നമ്പർ പ്ലേറ്റ് ഉപയോഗിച്ചതെന്ന് പരിശോധിക്കുമെന്നും തെളിഞ്ഞാൽ മോട്ടോർ വെഹിക്കിൾ നിയമപ്രകാരം നടപടി സ്വീകരിക്കുമെന്നും മുതിർന്ന പൊലീസുകാരൻ രാജേന്ദ്ര സോനി പറഞ്ഞു.
ഇൻഡോറിലാണ് വിക്കിയുടെയും സാറയുടെയും പുതിയ ചിത്രത്തിന്‍റെ ഷൂട്ടിങ്. നഗരത്തിൽ ഷൂട്ടിങ്ങിനിടെയുള്ള ഇരുവരുടെയും ചിത്രങ്ങൾ പുറത്തുവന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.