ലാൽ ജോസ് // ചിത്രം: ന​ജു വ​യ​നാ​ട്​

മലയാള സിനിമാ പ്രേക്ഷകരുടെ ഇഷ്ട സംവിധായകനായ ലാൽ ജോസ് ചലചിത്ര രംഗത്ത് മൂന്ന് പതിറ്റാണ്ട് പിന്നിട്ടിരിക്കയാണ്. 'ഒരു മറവത്തൂർ കനവ്' എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷക ഹൃദയങ്ങളിൽ ചേക്കേറിയ ലാൽ ജോസ്, 'അറബിക്കഥ' അടക്കമുള്ള ചിത്രങ്ങളിലൂടെ പ്രവാസ ലോകത്തിനും പ്രിയങ്കരനായ സംവിധായകനാണ്. 'സോളമന്‍റെ തേനീച്ചകൾ' എന്ന പുതിയ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് ദുബൈയിലെത്തിയ അദ്ദേഹം മലയാള ചലചിത്ര രംഗത്തെ പുതുകാല പ്രവണതകളും തന്‍റെ നിലപാടുകളും പങ്കുവെക്കുന്നു.

മാറുന്ന മലയാള സിനിമക്കൊപ്പം

സംവിധാന രംഗത്ത് കടന്നുവന്നിട്ട് 25കൊല്ലമായി. സിനിമയിലെത്തിയ കാലത്തെ മുതിർന്ന തലമുറയുടെ സിനിമകളിൽ നിന്ന് എന്തോ ഒരു മാറ്റം എന്‍റെ സിനിമകൾക്കുണ്ടായിരുന്നതിനാലാണ് ഞാൻ ശ്രദ്ധിക്കപ്പെട്ടത്. കഴിഞ്ഞ എട്ടു വർഷം സിനിമ അനലോഗിൽ നിന്ന് ഡിജിറ്റലിക്കേ് മാറിയ കാലമാണ്. നിസ്സാരമായ മാറ്റമല്ലിത്. സിനിമ ഫിലിമായിരുന്ന കാലത്ത് പല നിയന്ത്രണങ്ങളുണ്ടായിരുന്നു. ആർക്കും കടന്നു ചെല്ലാവുന്ന ഒരു മേഖലയായിരുന്നില്ല അത്. ഡിജിറ്റലായതോടെ ഒരു മൊബൈൽ ഫോണുപയോഗിച്ചും സിനിമയെടുക്കാമെന്ന അവസ്ഥയുണ്ടായിട്ടുണ്ട്. ഒമ്പത് വർഷം അസിസ്റ്റന്‍റ് ഡയറക്ടറും അസോ. ഡയറക്ടറുമൊക്കെയായി നിന്നാണ് ഞാൻ സംവിധാനം പഠിച്ചെടുത്ത്. ഇപ്പോ അതിന്‍റെ ആവശ്യമില്ല. മൂന്നോ നാലോ ക്യാമറ ഉപയോഗിച്ച് ഷൂട്ട് ചെയ്യാനും നല്ല എഡിറ്ററുണ്ടെകിൽ നല്ല സിനിമ പുറത്തിറക്കാനും കഴിയും.

ഈ പ്രവണത സിനിമകളുടെ ഒരു പ്രളയം തന്നെ സൃഷ്ടിച്ചു. അതിൽ നല്ല കഥകൾ പറയുന്ന ഒരുപാട് ആളുകളുണ്ട്. ഏത് തരം സിനിമയാണ്, കഥയാണ് പറയേണ്ടതെന്ന ബാരിക്കേഡുകളില്ലാതെ സിനികൾ ചെയ്യുന്നുണ്ട്. ഇതെല്ലാം ജനങ്ങളിലേക്ക് എത്തിക്കാൻ പല വേദികളും ഇന്നുണ്ട്. ഇതിനൊപ്പം കഴിഞ്ഞ 25വർഷത്തിനിടയിൽ മലയാളി ജീവിതത്തിനുണ്ടായ മാറ്റവുമുണ്ട്. അന്നത്തെ കാലത്ത് യുവാക്കൾ ജീവിതത്തെ കണ്ടത് പോലെയല്ല ഇന്ന് യുവാക്കൾ ജീവിതത്തെ കാണുന്നത്. പഴയ കാലത്തെ കാൽപനികഭാവവും അതിന്‍റെ രീതികളിലും വ്യത്യാസം വന്നു. ആശയവിനമയ സംവിധാനത്തിലുണ്ടായ മാറ്റം ഇമോഷൻസിലും മാറ്റമുണ്ടാക്കി.

ഇതോടൊപ്പം സിനിമ പറയുന്ന കാര്യങ്ങളിലും വിഷയങ്ങളിലും മാറ്റമുണ്ടാക്കി. കാൽനൂറ്റാണ്ട് മുമ്പ് ജനങ്ങൾക്ക് വിഷയമായിരുന്ന കാര്യം ഇന്ന് വലിയ സംഭവമല്ലാതായി. എട്ടു വർഷം മുമ്പ് ഈ മാറ്റം ശക്തമായ രീതിയിലുണ്ടായി. ഈ മാറ്റത്തോടൊപ്പം ചേരുക എന്നത് ഒരു ചെറുപ്പക്കാരനെപ്പോലെ എന്നെ പോലൊരാൾക്ക് എളുപ്പമല്ല. എങ്കിലും മാറുന്ന ഈ കാലത്തും സാന്നിധ്യമാകാൻ സാധിക്കുന്നതിൽ ആശ്വസിക്കുന്ന ഒരാളാണ്. ഒരുപക്ഷേ പുറത്താക്കപ്പെടാതെ നിലനിന്നത് തന്നെ വലിയ കാര്യമാണ്. പുതിയ കാലത്തെ പഠിച്ചുകൊണ്ടിരിക്കുന്ന ഒരാളാണ്.

പുതിയ കാലത്തേക്ക് എന്‍റെ പാലം

മുമ്പ് പ്രേക്ഷകരുടെ മുമ്പിലേക്കാണ് സിനിമ കൊണ്ടുവന്നത്. ഇന്ന് ഓരോരുത്തരും സംവിധായകരായ കാലമാണ്. അവർക്ക് വേണ്ടി സിനിമ ചെയ്യേണ്ടി വരുന്ന സാഹചര്യമുണ്ട്. മുമ്പ് കാലത്ത് സിനിമയെ കുറിച്ച് അഭിപ്രായം പറഞ്ഞിരുന്നത് 'പാട്ട് ഇഷ്ടമായി, ചിത്രങ്ങൾ ഇഷ്ടമായി' എന്നൊക്കെ മാത്രമായിരുന്നു. ഇപ്പോൾ സിനിമ കാണുന്ന ഓരോ ആളും സിനിമ ഉണ്ടാക്കുന്നവരാണ്. റീൽസും മറ്റുമായി ഓരോരുത്തരും സിനിമ ചെയ്യുന്നു. ഇത്തരത്തിലുള്ള ആളുകളെ തൃപ്തിപ്പെടുത്തേണ്ടതായിട്ടാണ് ഇന്നുള്ളത്. എഡിറ്റിനെ കുറിച്ചും മറ്റുമൊക്കെയാണ് ഇന്നത്തെ സിനിമാ ആസ്വദകർ സംസാരിക്കുന്നത്.

വർഷത്തിൽ 65സിനിമ ഇറങ്ങിയിരുന്നതിന്‍റെ സ്ഥാനത്ത് ഇന്ന് 200ലേറെ സിനിമകളാണ് മലയാളത്തിൽ ഇറങ്ങുന്നത്. പ്രേക്ഷകരിലേക്ക് ഒരു സിനിമയുടെ ശ്രദ്ധ കൊണ്ടുവരാനുള്ള സമയം വളരെ കുറവാണ്. അപ്പോഴേക്കും അടുത്ത സിനിമ വരും. ഓരോ ആഴ്ചയും അഞ്ചു സിനിമയൊക്കെയാണ് റിലീസ് ചെയ്യുന്നത്. ചില സിനിമകൾ വിജയിക്കും ചിലത് പരാജയപ്പെടും. സിനിമകളുടെ എണ്ണം നിയന്ത്രിക്കുന്നത് കൊണ്ടൊന്നും ഇത് മറികടക്കാൻ കഴിയില്ല. ഈ കാലവും കഴിഞ്ഞുപോകും. ഈ കാലത്തും പിടിച്ചു നിൽക്കുക എന്നതാണ് എന്നെപ്പോലെ ഒരാൾക്ക് ചെയ്യാനുള്ളത്. 'സോളമന്‍റെ തേനീച്ചകൾ' എന്‍റെ പഴയകാലത്തെ സിനിമകൾക്കും പുതിയ കാലത്തെ സിനിമകൾക്കുമിടയിലെ ഒരു പാലമാണെന്ന് പറയാം. പഴയ എന്നെയും പുതിയ എന്നെയും ഇതിൽ കാണാനാവും.

രൂപം മാറുന്ന നിരൂപകർ

പല തരം അഭിരുചികളുള്ളവർക്ക് ആവശ്യമായ പല ജോണറുകളിലുള്ള സിനിമകൾ ഉണ്ടാകും. നല്ല സിനിമ, ചീത്ത സിനിമ എന്ന് പറയുന്നത് ഇഷ്ടല്ല. ചില ജോണറുകളിൽ ഉള്ളത് ചിലർക്ക് ഇഷ്ടപ്പെടുന്നു എന്ന് മാത്രം. ഒരു നിരൂപകന് ചിലപ്പോൾ ഒരു സിനിമ ഇഷ്ടപ്പെടില്ല. കാരണം അത് അയാളുടെ അഭിരുചിയെ തൃപ്തിപ്പെടുത്തുന്നതായിരിക്കില്ല. പഴയ നിരൂപകർ കുറവുകൾ പറയുന്നതോടൊപ്പം സിനിമയിലെ നന്മകളും കൂടി പറയുമായിരുന്നു. പുതിയ നിരൂപകർ അവർക്കിഷ്ടപ്പെടാത്ത തരത്തിലെ സിനിമകളെ അടച്ചാക്ഷേപിക്കുകയും ഇഷ്ടപ്പെട്ടാൽ പാടിപ്പുകഴ്ത്തുകയും ചെയ്യും. ഓൺലൈൻ രംഗത്ത് പ്രവർത്തിക്കുന്ന ചില നിരൂപകർ വാടകക്കൊലയാളികളെയും ഗുണ്ടകളെയും പോലെയാണ് പ്രവർത്തിക്കുന്നത്.

പണം നലകുന്നവരുടെ സിനിമയെ കുറിച്ച് മാത്രമാണ് ഇത്തരം നിരൂപകർ നല്ലത് പറയുന്നത്. മറ്റുള്ളവരെ തകർക്കാൻ എല്ലാ തരത്തിലും മോശം അഭിപ്രായം പ്രചരിപ്പിക്കുകയും ചെയ്യും. എന്നാൽ സിനിമയെ ശരിയായ രീതിയിൽ വിലയിരുത്തുന്നവരും ഏറെയുണ്ട്. നല്ല ഫോളോവേഴ്സുള്ള യുട്യൂബ് ചാനലുകാർ പണം നൽകിയാൽ മാത്രമേ സിനിമയെക്കുറിച്ച്  പറയാൻ തയാറാകുന്നുള്ളൂ. പണമാവശ്യപ്പെട്ട് പലരും സിനിമക്കാരെ സമീപിക്കുന്നു. ഇങ്ങനെ പണം നൽകിയാലേ സിനിമ ആളുകളിലേയ്ക്ക് എത്തുകയുള്ളൂ എന്ന അവസ്ഥയാണുള്ളത്. പണം നൽകാത്തവരുടെ സിനിമ കൊള്ളില്ലെന്ന് പറയാനും പലരും മുതിരുന്നു. ഇത് മോശം പ്രവണതയാണ്.

വേറിട്ടതും മാറിമാറിയും കഥ പറയണം

ലോകത്തെ വിവിധ ഭാഷകളിലെ ക്ലാസിക് സിനിമകൾ തേടിപ്പിടിച്ച് കാണുന്ന പതിവുള്ള ആളാണ് ഞാൻ. എല്ലാ സിനിമകളും ഹിറ്റാക്കിയ ആളല്ല ഞാൻ. നല്ല അഭിപ്രായവും സാമ്പത്തിക വിജയവും നേടിയ സിനിമകളും ബോക്സോഫീസിൽ പരാജയപ്പെട്ട സിനിമകളുമുണ്ട്. എന്നാൽ എന്‍റെ ആത്മധൈര്യമെന്തന്നാൽ, അന്ന് പരാജയപ്പെട്ട സിനികൾ ഇന്നും പരാമർശിക്കപ്പെടുന്നുണ്ട് എന്നതാണ്. ഒരോ സിനിമയുടെയും പ്രതികരണങ്ങളും മെറിറ്റ്സുമാണ് തീർച്ചയായും മുന്നോട്ടു നയിക്കുന്നത്. എന്‍റെ സിനിമകൾക്ക് കൂടുതൽ ഷെൽഫ് ലൈഫ് കിട്ടുമെന്ന പ്രതീക്ഷയുണ്ട്. 'രണ്ടാംഭാവം' പൂർണമായും തന്നെ തള്ളിക്കളഞ്ഞ പ്രേക്ഷകരാണ് പിന്നീട് യൂട്യൂയൂബിൽ കണ്ട ശേഷം നല്ല സിനിമയാണെന്ന് അഭിപ്രായപ്പെടുന്നത്.

എല്ലാ കാലത്തും വേറിട്ട കഥ പറയണമെന്നും മാറിമാറി കഥ പറയണമെന്നുമാണ് ആഗ്രഹിച്ചിട്ടുള്ളത്. പ്രേക്ഷകർ പ്രതീക്ഷിക്കാത്ത സിനിമയാകണം ഓരോന്നും എന്ന് ഞാൻ ആഗ്രഹിച്ചിട്ടുണ്ട്. 27സിനിമ ഒരാൾ ചെയ്യുമ്പോൾ അതിൽ കോമണായ ചില ഘടകങ്ങൾ വരാം. എന്നാൽ പുതിയ സിനിമയിൽ അത് കാണാതാകുമ്പോൾ ചിലർ 'മാജിക്' കാണാനില്ല എന്നൊക്കെ ചിലർ പറയും. പുതിയ വഴി വെട്ടിത്തെളിച്ച് പോവുകയാണ് വേണ്ടത്. നേരത്തെ മുതർന്ന തലമുറ വഴിയില്ലാത്ത സ്ഥലത്തുകൂടെ നടന്നാണ് മനോഹരമായ പാതയുണ്ടാക്കിയത്. ആ വഴിയിലൂടെ സഞ്ചരിച്ചാൽ പോര. ഓരോരുത്തരും ഓരോ വഴികൾ കണ്ടെത്തേണ്ടതുണ്ട്. 

Tags:    
News Summary - Dreams of Lal Jose

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.