ഭാവനാ സ്റ്റുഡിയോസിന്റെ ബാനറില്‍ ഗിരീഷ് എ ഡി സംവിധാനം ചെയ്ത 'പ്രേമലു'വിനെ അഭിനന്ദിച്ച് സംവിധായകന്‍ ജിസ് ജോയ്. ഗംഭീര ചിത്രമെന്നാണ് സംവിധായകൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നത്. ഒപ്പം പ്രേമലുവിന്റെ അണിയറപ്രവര്‍ത്തകരെയും അഭിനേതാക്കളെയും അഭിനന്ദിക്കുകയും ചെയ്തിട്ടുണ്ട്. 'വൈകാരികമായി സ്പര്‍ശിക്കാനും അതേസമയം പൊട്ടിച്ചിരിപ്പിക്കാനും പ്രേമലുവിനു കഴിഞ്ഞുവെന്നും കോമഡിയും ഇമോഷനും ഒത്തിണങ്ങിയ ഒരു മനോഹര സിനിമയാണെന്നും ജിസ് ജോയ് കുറിച്ചു.
'കോമഡിയും ഇമോഷനും ഒത്തിണങ്ങിയ ഒരു മനോഹര സിനിമ. ഭാവന സ്റ്റുഡിയോയിൽ അഭിമാനിക്കുന്നു. കോമഡിയും ഇമോഷൻ രംഗങ്ങളും എത്ര അനായാസമായാണ് നസ്‍ലിൻ കൈകാര്യം ചെയ്യുന്നത്. മമിത ബൈജു അത്ഭുതപ്പെടുത്തി. കുറച്ച് നാളുകൾക്ക് ശേഷം എന്നെ തിയറ്ററിൽ സന്തോഷിപ്പിച്ചതിന് നന്ദി'. ഗിരീഷ് എഡി, കിരണ്‍ ജോസി, ശ്യാം മോഹന്‍, ദിലീഷ് പോത്തന്‍, ശ്യാം പുഷ്ക്കരന്‍, ഫഹദ് ഫാസില്‍, നസ്‍ലിൻ, മമിത തുടങ്ങിയവരുടെ പേര് എടുത്ത് പറഞ്ഞുകൊണ്ട് സംവിധായകൻ ആശംസ പങ്കുവെച്ചത്.
മികച്ച ജനപിന്തുണയോടെ മുന്നേറുന്ന പ്രേമലു നാളെ മുതല്‍ കൂടുതൽ തീയറ്ററുകളില്‍ പ്രദര്‍ശനം തുടങ്ങുകയാണ്. ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്ക്കരൻ എന്നിവർ ചേര്‍ന്നാണ് 'പ്രേമലു' നിര്‍മ്മിച്ചിരിക്കുന്നത്.
ഹൈദരാബാദിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രത്തിൽ ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, അൽതാഫ് സലിം, മീനാക്ഷി രവീന്ദ്രൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. ഗിരീഷ് എഡിയും കിരണ്‍ ജോസിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ചിത്രത്തിന്റെ ക്യാമറ: അജ്മൽ സാബു, എഡിറ്റിങ്: ആകാശ് ജോസഫ് വർഗീസ്, കലാ സംവിധാനം: വിനോദ് രവീന്ദ്രൻ, കോസ്റ്റ്യൂം ഡിസൈൻസ്: ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്: റോണക്സ് സേവ്യർ, ആക്ഷൻ: ജോളി ബാസ്റ്റിൻ, കൊറിയോഗ്രഫി: ശ്രീജിത്ത് ഡാൻസിറ്റി, പ്രൊഡക്ഷൻ കൺട്രോളർ: സേവ്യർ റിച്ചാർഡ് , വി എഫ് എക്സ്: എഗ് വൈറ്റ് വിഎഫ്എക്സ്, ഡി ഐ: കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, എക്‌സിക്യുട്ടീവ് പ്രൊഡ്യൂസേഴ്സ്: ബെന്നി കട്ടപ്പന, ജോസ് വിജയ്, പിആര്‍ഒ: ആതിര ദില്‍ജിത്ത്
അരുൺ നാരായൺ പ്രൊഡക്ഷൻസിന്റെയും ലണ്ടൻ സ്റ്റുഡിയോസിന്റെയും ബാനറിൽ അരുൺ നാരായൺ, സിജോ സെബാസ്റ്റ്യൻ എന്നിവർ ചേർന്ന് നിർമിക്കുന്ന ബിജു മേനോൻ-ആസിഫ് അലി ചിത്രം തലവനാണ് ജിസ് ജോയിയുടെ ഉടൻ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.