പിതാവ് അല്ല തങ്ങളുടെ കുടുംബത്തിലെ മികച്ച അഭിനേതാവെന്ന് ആമിർ ഖാന്റെ മകൻ ജുനൈദ് ഖാൻ. കിരൺ റാവു ആണ് തങ്ങളുടെ കുടുംബത്തിലെ മികച്ച അഭിനേതാവെന്നും തനിക്ക് അത് ആത്മവിശ്വാസത്തോടെ പറയാൻ കഴിയുമെന്നും ജുനൈദ് പറഞ്ഞു. ഏറ്റവും പുതിയ സിനിമയായ മഹാരാജിന്റെ റിലീസുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.
' ഞങ്ങളുടെ കുടുംബത്തിലെ മികച്ച അഭിനേതാവ് അച്ഛൻ അല്ല, കിരൺ ആണ്. അതെനിക്ക് ആത്മവിശ്വാസത്തോടെ പറയാൻ കഴിയും. കാരണം, ലാൽ സിങ് ഛദ്ദയുടെ ഓഡീഷനിൽ എന്റെ അമ്മയായി അഭിനയിച്ചത് കിരൺ ആയിരുന്നു. ഒരുമിച്ചു പ്രവർത്തിച്ചതുകൊണ്ട് അത് എനിക്ക് കൃത്യമായി പറയാൻ കഴിയും. മഹാരാജ് ചിത്രം പിതാവ് കണ്ടു. അദ്ദേഹത്തിന് ഒരുപാട് ഇഷ്ടപ്പെട്ടു'- ജുനൈദ് പറഞ്ഞു.
സ്വന്തമായി കാർ വാങ്ങാത്തതിനെക്കുറിച്ചും ജുനൈദ് അഭിമുഖത്തിൽ പറഞ്ഞു. 'സ്വന്തം കാറിനെക്കാൾ പൊതുഗതാഗതമാണ് യാത്ര ചെയ്യാൻ സൗകര്യം. ഞാൻ മുംബൈയിൽ റിക്ഷയിൽ സഞ്ചരിക്കാറുണ്ട്. യാത്ര ചെയ്യാൻ എളുപ്പ മാർഗമാണത്. പാർക്കിങ്ങിനെക്കുറിച്ച് വിഷമിക്കേണ്ടതില്ല'- ജുനൈദ് കൂട്ടിച്ചേർത്തു.
ജുനൈദ് ഖാന്‍റെ അരങ്ങേറ്റ ചിത്രമാണ് മഹാരാജ്. ജയ്ദീപ് അഹ്ലാവത്തും പ്രധാനവേഷത്തിൽ എത്തുന്ന ചിത്രം സിദ്ധാർഥ് പി. മൽഹോത്രയാണ് സംവിധാനം ചെയ്തിരിക്കുന്നത്. 1862 ലെ മഹാരാജ് മാനനഷ്ടകേസ് ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. മാധ്യമപ്രവർത്തകനും സാമൂഹിക പരിഷ്‌കർത്താവുമായ കർസൻദാസ് ആയാണ് ജുനൈദ് ഖാൻ ചിത്രത്തിൽ എത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.