K. G. George Movies History

ചെയ്തുവെച്ച സിനിമകള്‍ പാഠപുസ്തകമാക്കിയ ഒരേയൊരു സംവിധായകൻ

ചെയ്തുവെച്ച സിനിമകള്‍ ഓരോന്നും ഓരോ പാഠപുസ്തകമാക്കിയ ഒരേയൊരു സംവിധായകനേ മലയാളത്തിലുള്ളു. പ്രമേയങ്ങളുടെ വൈവിധ്യം കൊണ്ട് മലയാളികളെ അമ്പരപ്പിക്കുകയും സിനിമ എന്ന മാധ്യമത്തിന്‍െറ സാധ്യതകള്‍ മലയാളത്തിന് ചൊല്ലിക്കൊടുക്കുകയും ചെയ്ത കെ.ജി. ജോര്‍ജ്. 18 വര്‍ഷം മുമ്പ് തന്‍െറ ഒടുവിലത്തെ ചിത്രം സംവിധാനം ചെയ്ത ശേഷം സിനിമയുടെ ലോകത്തില്‍ നിന്നകന്നു നിന്നു.

മരംചുറ്റി വലഞ്ഞ പ്രണയ തീരങ്ങളില്‍ കറുപ്പിലും വെളുപ്പിലുമായി കറങ്ങിത്തിരിഞ്ഞ സിനിമാ കാലത്തായിരുന്നു ‘സ്വപ്നാടനം’ (1975) എന്ന തന്‍െറ കന്നിച്ചിത്രത്തിലൂടെ മലയാളികളെ ഞെട്ടിച്ചു കൊണ്ട് കെ.ജി. ജോര്‍ജ് സിനിമക്കാരനായി കയറിവന്നത്. കലാ മൂല്യങ്ങള്‍ കൈമോശം വരാതെ മികച്ച കച്ചവട സിനിമയും എങ്ങനെ സൃഷ്ടിക്കാമെന്ന് രാമു കാര്യാട്ടെന്ന ചലച്ചിത്ര ഗുരുവില്‍നിന്ന് പഠിച്ച പാഠങ്ങള്‍ കുറച്ചുകൂടി മിഴിവോടെ അവതരിപ്പിക്കുകയായിരുന്നു ജോര്‍ജ്. മനുഷ്യ ജീവിതങ്ങളുടെ സങ്കീര്‍ണമായ മനോവ്യാപാരങ്ങളോട് കെ.ജി. ജോര്‍ജ് ആവര്‍ത്തിച്ച ഒബ്സെഷന്‍ തന്‍െറ ആദ്യ ചിത്രത്തിലൂടെ പരീക്ഷിച്ച് വിജയിച്ചതായിരുന്നു. ‘സ്വപ്നാടനം’ പേരുപോലെ പുറംലോകത്തിന് പിടി കൊടുക്കാത്ത മന:സംഘര്‍ഷങ്ങളിലൂടെ സഞ്ചരിച്ചു. ആ വര്‍ഷത്തെ മികച്ച ചിത്രത്തിനും തിരക്കഥക്കുമുള്ള സംസ്ഥാന അവാര്‍ഡും മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ അവാര്‍ഡും നേടിക്കൊണ്ടായിരുന്നു ഈ പുതുക്കക്കാരന്‍ മലയാള സിനിമയുടെ പൂമുഖത്ത് സ്വന്തം ഇരിപ്പിടം ഉറപ്പിച്ചത്.

മദ്യത്തിലേക്കും മയക്കുമരുന്നിലേക്കും ചെറുപ്പക്കാര്‍ കൂപ്പുകുത്തി വീണ എഴുപതുകളുടെ രാഷ്ട്രീയ-സാമൂഹിക സാഹചര്യങ്ങളിലേക്കായിരുന്നു ജോര്‍ജിന്‍െറ ‘രാപ്പാടികളുടെ ഗാഥ’ (1977) ക്യാമറ തിരിച്ചത്. അസംതൃപ്തമായ ദാമ്പത്യത്തിന്‍െറ ഉള്‍പ്പിരിവുകള്‍ അധികമൊന്നും പ്രമേയമാകാതിരുന്ന കാലത്തായിരുന്നു ആ ചിത്രം പ്രേക്ഷക ശ്രദ്ധയാകര്‍ഷിച്ചത്. നായകന്മാര്‍ക്ക് മാത്രം പ്രാധാന്യമുള്ള സിനിമകളുടെ സ്ഥിരം പാറ്റേണില്‍ ജോര്‍ജ് മാറ്റം വരുത്തിയത് ശ്രദ്ധാപൂര്‍വമായിരുന്നു. നായകനില്‍ നിന്ന് അടര്‍ത്തിമാറ്റാന്‍ കഴിയാത്തത്രയും ശക്തരായ സ്ത്രീ കഥാപാത്രങ്ങളെയും ജോര്‍ജ് സൃഷ്ടിച്ചു. ‘മണ്ണി’ല്‍ ശാരദയും ‘ഉള്‍ക്കടലി’ല്‍ ശോഭയും ‘മേള’യില്‍ അഞ്ജലിയും ‘യവനിക’യില്‍ ജലജയും ‘ആദാമിന്‍െറ വാരിയെല്ലി’ല്‍ ശ്രീവിദ്യയും സുഹാസിനിയും സൂര്യയും അവതരിപ്പിച്ച കഥാപാത്രങ്ങള്‍ സ്ത്രീ കഥാപാത്രങ്ങളുടെ ചിരപരിചിതമായ വഴികളില്‍ നിന്ന് വേറിട്ടവയായിരുന്നു.

ജോര്‍ജിന്‍െറ സിനിമകളില്‍ പ്രമേയങ്ങളുടെ വൈവിധ്യം മാത്രമായിരുന്നില്ല, ഓരോ സിനിമയും ചലച്ചിത്ര പഠിതാക്കള്‍ക്കുള്ള എക്കാലത്തെയും മികച്ച പാഠപുസ്തകവുമായിരുന്നു. ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് സ്വായത്തമാക്കിയ സിനിമയുടെ നല്ല പാഠങ്ങളെ കോംപ്രമൈസുകള്‍ക്ക് കീഴടങ്ങാതെ കച്ചവട സിനിമയിലേക്കും കൊണ്ടുപോയി എന്നതാണ് കെ.ജി. ജോര്‍ജിന്‍െറ മിടുക്ക്. അദ്ദേഹത്തിന് ആകെ പാളിയത് ‘ഇലവങ്കോട് ദേശം’ എന്ന ഒടുവിലത്തെ സിനിമയായിരുന്നു. സമകാലികമായ ജീവിതങ്ങളെ അവതരിപ്പിക്കുന്ന പതിവിന് വിപരീതമായി പഴങ്കാലത്തിന്‍െറ കെട്ടുകഥയിലേക്ക് മമ്മൂട്ടിയെ കെട്ടിയിറക്കാന്‍ നടത്തിയ ശ്രമമായിരുന്നു കെ.ജി. ജോര്‍ജിന്‍െറ പാളിപ്പോയ ആ ചലച്ചിത്ര പരീക്ഷണം. നിര്‍ബന്ധിതാവസ്ഥയില്‍ ചെയ്തു പോയതാണ് ആ ചിത്രമെന്ന് അദ്ദേഹം തന്നെ തുറന്നു കുറ്റസമ്മതം നടത്തി ആ പാപത്തിന്‍െറ പുറംതോട് പൊളിച്ചു കളഞ്ഞിട്ടുമുണ്ട്.

സിനിമയില്‍ തന്‍െറ ചുവടു പിഴയ്ക്കുന്നുവെന്ന് തോന്നിയതു കൊണ്ടാവണം ‘ഇലവങ്കോട് ദേശ’ത്തിനു ശേഷം (1998) മറ്റൊരു സിനിമ ചെയ്യാന്‍ നില്‍ക്കാതെ സിനിമയിലെ തന്‍െറ നല്ലകാലങ്ങളുടെ ഫ്ലാഷ്ബാക്ക് ഓര്‍ത്ത് അദ്ദേഹം ഒതുങ്ങിക്കൂടുകയായിരുന്നു. 

Tags:    
News Summary - K. G. George Movie's History

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.