മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നവാഗതനായ റോബി വർഗീസ് രാജ് സംവിധാനം ചെയ്ത കണ്ണൂർ സ്ക്വാഡ് വമ്പൻ വിജയത്തിലേക്ക്. വളരെ കുറഞ്ഞ ഹൈപ്പോടെ എത്തിയ ചിത്രം ബോക്സോഫീസിൽ അപ്രതീക്ഷിത പ്രകടനമാണ് കാഴ്ചവെക്കുന്നത്. സെപ്തംബർ 28 വ്യാഴാഴ്ച റിലീസ് ചെയ്ത കണ്ണൂർ സ്ക്വാഡ് ആദ്യ വീകെൻഡിൽ ആഗോളതലത്തിൽ നേടിയത് 32.07 കോടിയോളമാണെന്നാണ് റിപ്പോർട്ടുകൾ. ഗാന്ധി ജയന്തി അവധി ദിനമായ ഇന്നും ചിത്രത്തിന് ടിക്കറ്റ് കിട്ടാത്ത സാഹചര്യമാണുണ്ടായത്. മമ്മൂട്ടിയുടെ നിർമാണ കമ്പനിയായ മമ്മൂട്ടി കമ്പനിയാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ദുൽഖർ സൽമാന്റെ വേഫെറര്‍ ഫിലിംസാണ് ചിത്രം വിതരണത്തിന് എത്തിച്ചത്.
ഗ്രേറ്റ്ഫാദർ, വെള്ളം, ജോൺ ലൂഥർ തുടങ്ങിയ സിനിമകളുടെ ഛായാഗ്രാഹകനായിരുന്ന റോബി വർഗീസ് രാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ‘കണ്ണൂര്‍ സ്ക്വാഡ്’. മുഹമ്മദ് ഷാഫിയുടേതാണ് കഥ. സംവിധായകന്റെ സഹോദരനും നടനുമായ റോണി ഡേവിഡ് രാജും മുഹമ്മദ് ഷാഫിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
അസീസ് നെടുമങ്ങാട്, റോണി ഡേവിഡ് രാജ്, ശബരീഷ് എന്നിവരാണ് കണ്ണൂർ സ്ക്വാഡിലെ മറ്റ് അംഗങ്ങൾ. വിജയ രാഘവൻ, പ്രശസ്ത തെന്നിന്ത്യൻ നടനും സംവിധായകനുമായ കിഷോർ, ധ്രുവൻ, അർജുൻ രാധാകൃഷ്ണൻ, മനോജ് കെ.യു, ഷെബിൻ ബെൻസൺ, ദീപക് പറമ്പോൽ, ശരത് സഭ തുടങ്ങി വൻ താരനിര തന്നെയുണ്ട് ചിത്രത്തിൽ.
ഞായറാഴ്ച വരെയുള്ള കണക്കിൽ കേരളത്തിൽ 13 കോടി രൂപ പിന്നിട്ട ചിത്രം യു.എ.ഇ-ജി.സി.സിയിൽ നിന്നായി 16 കോടിയിലേറെയാണ് നേടിയത്. ഇതോടെ, 2023-ൽ ഓപണിങ് വീകെൻഡിൽ ഏറ്റവും വലിയ കളക്ഷൻ നേടിയ ചിത്രമായും കണ്ണൂർ സ്ക്വാഡ് മാറി. കിങ് ഓഫ് കൊത്ത, 2018, ആർ.ഡി.എക്സ് എന്നീ ചിത്രങ്ങളെയാണ് മമ്മൂട്ടി പടം മറികടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.