ഹേമ കമ്മിറ്റി റിപ്പോർട്ട്: കേരള സർക്കാറിന് യു.എസിനെ മാതൃകയാക്കാം; അതിജീവിതർക്ക് പിന്തുണ നൽകണം -മുരളി തുമ്മാരുകുടി

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ ചലച്ചിത്ര മേഖലയിൽ നിന്ന് വെളിപ്പെടുത്തലുകളുമായെത്തുന്ന അതിജീവിതകൾക്ക് ധാർമികമായും നിയമപരമായുമുള്ള പിന്തുണ സംസ്ഥാന സർക്കാർ നൽകണമെന്ന് മുരളി തുമ്മാരുക്കുടി. ഇക്കാര്യത്തിൽ കേരളത്തിന് ഹോളിവുഡിനെ മാതൃകയാക്കാവുന്നതാണ്. ഹോളിവുഡ് പ്രൊഡ്യൂസർ ഹാർവി വെയിൻസ്റ്റീനെതിരായ ലൈംഗികാരോപണങ്ങൾ മാധ്യമങ്ങൾ പുറത്തുകൊണ്ടുവന്നതോടെ അവിടുത്തെ ഔദ്യോഗിക സംവിധാനങ്ങൾ ആരും പരാതി ഔദ്യോഗികമായി തരുന്നത് നോക്കി ഇരുന്നില്ല. ഉടൻ പോലീസ് അന്വേഷണം ആരംഭിച്ചു.

വെയിൻസ്റ്റീൻ അംഗമായിരുന്ന സ്ഥാപനങ്ങൾ അദ്ദേഹത്തെ പുറത്താക്കി. ഉന്നത ബന്ധങ്ങളോ പണമോ സ്വാധീനമോ ഒന്നും അദ്ദേഹത്തെ തുണച്ചില്ല. നിയമം നിയമത്തിന്റെ വഴിക്കു പോയി, കൂടുതൽ കൂടുതൽ സ്ത്രീകൾ ഇയാൾക്കെതിരെ മൊഴിയുമായി വന്നു. പൊലീസ് അതെല്ലാം അന്വേഷിച്ചു. കേസുകൾ കോടതിയിലെത്തി. പല കേസുകളിലും അദ്ദേഹം കുറ്റക്കാരനാണെന്ന് കണ്ടു. പതിറ്റാണ്ടുകൾ ശിക്ഷ വിധിച്ചു. ഇപ്പോൾ അദ്ദേഹം ജയിലിൽ കഴിയുന്നു. ഇയൊരു മാതൃക കേരളത്തിലും പിന്തുടരാവുന്നതാണെന്ന് മുരളി തുമ്മാരക്കുടി പറഞ്ഞു.

മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം

അമേരിക്കയിലെ #metoo നമ്മുടെ #metoo

ജസ്റ്റീസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തായതോടെ തങ്ങൾ അനുഭവിച്ച ലൈംഗിക പീഡനങ്ങൾ തുറന്നു പറയാൻ കൂടുതൽ സ്ത്രീകൾക്ക് ആത്മവിശ്വാസം ലഭിച്ചിരിക്കുന്നു. ഇപ്പോൾത്തന്നെ സിനിമാരംഗത്തെ രണ്ടു പ്രമുഖരുടെ പേരെടുത്ത് പറഞ്ഞ് അവരുമായുള്ള ഇടപെടലിൽ അനാവശ്യമായ സ്പർശനം മുതൽ ബലാത്സംഗം വരെയുള്ള കുറ്റകൃത്യങ്ങൾ ഉണ്ടായി എന്ന് സ്വന്തം പേരും സംഭവം നടന്ന സമയവും വെളിപ്പെടുത്തിക്കൊണ്ട് സ്ത്രീകൾ രംഗത്ത് വന്നിരിക്കുന്നു.

തൽക്കാലം സർക്കാരിലെ മന്ത്രിമാരുടെ പ്രതികരണം നിരാശാജനകമാണ്. ഈ വിഷയത്തിന്റെ പ്രാധാന്യവും ഗൗരവവും അവർ വേണ്ടവിധം മനസ്സിലാക്കുന്നില്ല എന്ന് വേണം കരുതാൻ. പരാതി കിട്ടിയാൽ നടപടി എടുക്കാം എന്നുള്ള "ഔദ്യോഗിക ലൈൻ" ആണ് ഒന്ന്. "He said, she said" ആണ് അടുത്തത്.

"പരാതി വരട്ടെ അന്വേഷിക്കാം" എന്നൊക്കെ കേൾക്കുമ്പോൾ ശരിയാണെന്ന് തോന്നുമെങ്കിലും വർഷങ്ങൾക്ക് മുൻപ് നടന്ന സംഭവങ്ങളിൽ എന്തുകൊണ്ടാണ് ഇവർ പരാതി കൊടുക്കാതിരുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ?

സിനിമാരംഗത്തെ മാത്രമല്ല, രാഷ്ട്രീയമടക്കമുള്ള മറ്റേതൊരു കർമ്മ മണ്ഡലത്തിലെയും ശക്തരായ ആളുകൾക്കെതിരെ ലൈംഗിക അക്രമങ്ങൾക്കെതിരെ പ്രതികരിക്കുക എളുപ്പമല്ല. നമ്മുടെ പൊലീസിങ് കോടതി സംവിധാനം, സമൂഹം, ഇതൊന്നും അതിജീവിക്കുന്നവർക്ക് ആത്മവിശ്വാസം നൽകുന്നവയല്ല.

ശക്തരായവർക്ക് അവരുടെ തൊഴിൽ രംഗത്തുള്ള അതിജീവിതമാരെ പ്രൊഫഷണലായി ഇല്ലാതാക്കാൻ കഴിയുന്ന വ്യക്തിബന്ധങ്ങൾ ഉണ്ട്. ചിലയിടത്തെങ്കിലും കായികമായ അക്രമങ്ങൾ പോലും ഉണ്ടാകുമെന്ന് അതിജീവിക്കുന്നവരെ ഭയപ്പെടുത്താൻ അവർക്ക് സാധിക്കുന്നുമുണ്ട്.

കേരളത്തെക്കാൾ കൂടുതൽ ശക്തമായ നിയമങ്ങളും നിയമവാഴ്ചയും കൂടുതൽ പ്രൊഫഷണലായ സിനിമാരംഗവും ആത്മവിശ്വാസമുള്ള സ്ത്രീകളും ഉണ്ടെന്ന് നാം വിശ്വസിക്കുന്ന അമേരിക്കയിലാണ് Harvey Weinstein എന്ന പ്രൊഡ്യൂസർ പതിറ്റാണ്ടുകളായി അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ചിരുന്ന സ്ത്രീകളെ ലൈംഗികമായി ദുരുപയോഗം ചെയ്യുകയും ബലാത്സംഗം ചെയ്യുകയും ചെയ്തു എന്ന റിപ്പോർട്ട് വരുന്നത്. അവിടെ പോലും ഇദ്ദേഹത്തിനെതിരെ ആരോപണങ്ങൾ പുറത്തുവരാൻ പതിറ്റാണ്ടുകൾ എടുത്തു. ഹോളിവുഡിലെ അതികായനായിരുന്ന അദ്ദേഹത്തിന് അതിശക്തമായ രാഷ്ട്രീയ ബന്ധങ്ങൾക്കൊപ്പം പാവപ്പെട്ടവർക്ക് വേണ്ടി ധാരാളം ജീവകാരുണ്യപ്രവൃത്തി ചെയ്യുന്നതിന്റെ കീർത്തിയുമുണ്ടായിരുന്നു.

എന്നിട്ടും അവിടുത്തെ പ്രധാന പത്രങ്ങൾ വിഷയം പുറത്തുകൊണ്ടുവന്നതോടെ അവിടുത്തെ ഔദ്യോഗിക സംവിധാനങ്ങൾ ആരും പരാതി ഔദ്യോഗികമായി തരുന്നത് നോക്കി ഇരുന്നില്ല. ഉടൻ പൊലീസ് അന്വേഷണം ആരംഭിച്ചു. അദ്ദേഹം അംഗമായിരുന്ന സ്ഥാപനങ്ങൾ അദ്ദേഹത്തെ പുറത്താക്കി. ഉന്നത ബന്ധങ്ങളോ പണമോ സ്വാധീനമോ ഒന്നും അദ്ദേഹത്തെ തുണച്ചില്ല. നിയമം നിയമത്തിന്റെ വഴിക്കു പോയി, കൂടുതൽ കൂടുതൽ സ്ത്രീകൾ അദ്ദേഹത്തിനെതിരെ മൊഴിയുമായി വന്നു. പൊലീസ് അതെല്ലാം അന്വേഷിച്ചു. കേസുകൾ കോടതിയിലെത്തി. പല കേസുകളിലും അദ്ദേഹം കുറ്റക്കാരനാണെന്ന് കണ്ടു. പതിറ്റാണ്ടുകൾ ശിക്ഷ വിധിച്ചു. ഇപ്പോൾ അദ്ദേഹം ജയിലിൽ കഴിയുന്നു.

കേരളത്തിൽ ഇതുവരെ രണ്ടു പേരാണ് തുറന്നുപറച്ചിലുമായി പ്രത്യക്ഷത്തിൽ വന്നിട്ടുള്ളത്. രണ്ടു പേർക്കെതിരെയാണ് കൃത്യമായ ആരോപണങ്ങൾ പറഞ്ഞിട്ടുള്ളത്. ഈ വിഷയത്തിന്റെ രീതി അനുസരിച്ച് ഇത്തരം ആണുങ്ങളുടെ ചെയ്‌തികളിൽ ഒരു പാറ്റേൺ ഉണ്ടാകും. ഒറ്റപ്പെട്ട സംഭവം ആകില്ല. ഇതേ ആളുകളിൽ നിന്നും സമാന അനുഭവമുള്ള അനവധി പെൺകുട്ടികളും സ്ത്രീകളും ഉണ്ടാകും. ഇതേ തരത്തിൽ ചൂഷകരായ മറ്റു സിനിമാ പ്രവർത്തകരും പ്രൊഡൂസർമാരും ഉണ്ടാകും. ആദ്യം പറയുന്നവരെ സമൂഹം എങ്ങനെ കാണുന്നു, കൈകാര്യം ചെയ്യുന്നു, ഉത്തരവാദികൾക്ക് എന്ത് പ്രത്യാഘാതം ഉണ്ടാകുന്നു എന്നതിനെ ആശ്രയിച്ചിരിക്കും കൂടുതൽ പേർ മുന്നോട്ട് വരുന്നത്.

പീഡന പരാതികളുമായി ആദ്യം മുന്നോട്ടു വരുന്നവർ കാണിക്കുന്നത് വലിയ ധൈര്യമാണ്. അതിനെ പൊതുസമൂഹം പിന്തുണക്കേണ്ട ആവശ്യമുണ്ട്. ആരോപണവിധേയരെ അധികാര സ്ഥാനങ്ങളിലുള്ളവർ പിന്തുണക്കേണ്ട ഒരാവശ്യവുമില്ല. ഉടൻ അതിജീവിതർക്ക് നിയമപരവും ധാർമ്മികവുമായ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുക, അന്വേഷണം ആരംഭിക്കുക, ആരോപണങ്ങൾ അന്വേഷിക്കുക, തെളിവുകളുണ്ടെങ്കിൽ പീഡകരെ നീതിപീഠത്തിന് മുന്നിൽ എത്തിക്കുക, ഇത്തരത്തിൽ അനുഭവമുണ്ടായ മറ്റുള്ളവർക്ക് പരസ്യമായോ രഹസ്യമായോ മൊഴി നൽകാൻ അവസരവും ആത്മവിശ്വാസവും നൽകുക, ഇതൊക്കെയാണ് ഇപ്പോൾ അധികാരികൾ ചെയ്യേണ്ടത്. ആരോപണവിധേയരെ സർക്കാർ സംവിധാനങ്ങളിൽ നിന്നും മാറ്റി നിർത്തണം. അന്വേഷണത്തിൽ അവർ നിരപരാധികളാണെന്ന് കണ്ടാൽ തിരിച്ചെടുക്കാമല്ലോ. ഹോളിവുഡിലെ മി ടൂ അവർ എങ്ങനെയാണ് കൈകാര്യം ചെയ്തത് എന്നൊന്ന് പഠിച്ചാൽ മതി. ഹോളിവുഡ് നിലവാരത്തിൽ എത്തുക എന്നതാണല്ലോ മലയാള സിനിമയുടെ സ്വപ്നം. അത് ഇത്തരം പുഴുക്കുത്തുകളെ കൈകാര്യം ചെയ്യുന്നതിലും ആകട്ടെ.

പൊലീസിൽ പൊതുരംഗത്തും സ്വന്തം പേര് വെളിപ്പെടുത്തിയോ രഹസ്യമായോ അവർക്കുണ്ടായ ദുരനുഭവങ്ങൾ തുറന്നുപറയാൻ താല്പര്യമുള്ള അതിജീവിതമാരെ കണ്ടെത്തി ഈ വിഷയത്തിന്റെ വ്യാപ്തി സമൂഹത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരാനും പരിഹാരമുണ്ടാകുന്നതുവരെ നിലനിർത്താനും മാധ്യമങ്ങളും ശ്രമിക്കണം. ഏതൊരു സാഹചര്യത്തിലെയും പോലെ സിനിമാരംഗത്തും കൊള്ളരുതായ്മകൾ ഇഷ്ടപ്പെടാത്ത whistle blowers (തങ്ങളുടെ കൂട്ടത്തിൽ നിയമവിരുദ്ധമായി നടക്കുന്ന കാര്യങ്ങൾ വിളിച്ചുപറയുന്നവർ) ഉണ്ടാകും. മാധ്യമങ്ങൾ അല്പം ശ്രമിച്ചാൽ അനവധി കേസുകളും പേരുകളും പുറത്തു വരും. അടുത്ത വിഷയം കിട്ടുമ്പോൾ ഇതിട്ടിട്ട് അതിലേക്ക് മൊത്തമായി ചാടാതിരുന്നാൽ മാത്രം മതി.


Tags:    
News Summary - Kerala Government Can Model US; Support should be given to those who are struggling

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.