വടശ്ശേരിക്കര: ശ്രദ്ധേയമായ ഒട്ടേറെ സിനിമകൾ മലയാളത്തിന് സംഭാവന നൽകിയ സംവിധായകൻ കെ.ജി. ജോർജ് കാലയവനികക്കുള്ളിൽ മറയുമ്പോൾ അത് മലയാള സിനിമക്ക് അടൂർ ഗോപാലകൃഷ്ണനെയും ഡോ. ബിജുവിനെയുമൊക്കെ സംഭാവന ചെയ്ത പത്തനംതിട്ടയുടെകൂടി നഷ്ടമാണ്. ബ്ലസിയെയും എം.ജി. സോമനെയും ഉൾപ്പെടെ സിനിമയുടെ വെള്ളിത്തിരയിലും അണിയറയിലും ഒട്ടേറെ പ്രതിഭകളെ നൽകിയ തിരുവല്ലയുടെ കൂടി നഷ്ടമാണ്.
പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് സിനിമ പഠനം പൂർത്തിയാക്കിയ കെ.ജി. ജോർജ് രാമു കാര്യാട്ടിന്റെ സഹായിയായാണ് മലയാള സിനിമയിൽ വരുന്നത്. 1976ൽ സ്വപ്നാടനം എന്ന സ്വതന്ത്ര ചിത്രത്തിലൂടെ മലയാള സിനിമയിൽ പുതിയൊരു ദൃശ്യഭാഷക്ക് തുടക്കംകുറിച്ച അദ്ദേഹം തുടർന്ന് സംവിധാനം ചെയ്ത ഇരകൾ, യവനിക, ആദാമിന്റെ വാരിയെല്ല് തുടങ്ങിയ ഒട്ടനവധി ചിത്രങ്ങളിലൂടെ സിനിമയിൽ കഥാപാത്ര നിർമിതിയിൽ മനഃശാസ്ത്രപരമായ സമീപനങ്ങളുടെ സാധ്യതകൾ തുറന്നിട്ടു.
മലയാളത്തിൽ തന്നെ പിന്നീട് നിരവധി സിനിമകൾക്ക് പ്രേരണയാകുകയും പകർത്തിയവതരിപ്പിക്കുകയും ചെയ്തു. ഇരകൾ ഉൾപ്പെടെ നിരവധി സിനിമകളുടെ സ്രഷ്ടാവായ തിരുവല്ല കുളക്കാട്ടിൽ ഗീവർഗീസ് ജോർജിനെ ജന്മനാട് വേണ്ട രീതിയിൽ അറിഞ്ഞിരുന്നില്ലെന്നുള്ളതാണ് യാഥാർഥ്യം. ലാഭം കൊയ്യുന്ന കച്ചവട സിനിമകളുടെ തിളക്കത്തിനിടയിലും മലയാള സിനിമയെ അന്തർദേശീയ തലത്തിലെത്തിച്ചു അദ്ദേഹം.
പതിറ്റാണ്ടുകൾക്ക് മുമ്പുതന്നെ ആദാമിന്റെ വാരിയെല്ല് എന്ന സിനിമയിലൂടെ ശക്തമായ സ്ത്രീപക്ഷ രാഷ്ട്രീയം പറഞ്ഞു. ഓരോ ഫ്രെയിമിലും സംഭാഷണത്തിലും അങ്ങേയറ്റം രാഷ്ട്രീയ ശ്രദ്ധ പുലർത്തിയ ഒരു കലാകാരന്റെ നഷ്ടംകൂടിയാണ് കെ.ജി. ജോർജിന്റെ വിയോഗം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.