ഓസ്‌കറില്‍ 'ബെസ്റ്റ് ഇന്റര്‍നാഷണല്‍ ഫീച്ചര്‍ ഫിലിം' വിഭാഗത്തിൽ നാമനിര്‍ദേശം ചെയ്യപ്പെട്ട ചിത്രമാണ് ലാപതാ ലേഡീസ്. കിരൺ റാവു സംവിധാനം ചെയ്ത ചിത്രം ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായിട്ടാണ് തിരഞ്ഞെടുക്കപ്പെട്ടത്. ആമിര്‍ ഖാന്‍ പ്രൊഡക്ഷന്‍സ്, കിന്‍ഡ്ലിങ് പിക്ചേഴ്സ്, ജിയോ സ്റ്റുഡിയോസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. എന്നാൽ ഇപ്പോഴിതാ ചിത്രത്തിലെ സീനുകൾ കോപ്പിയടിച്ചതാണെന്നാണ് സോഷ്യൽ മീഡിയ ചർച്ച.
2019 ലെ അറബി ചിത്രമായ ബുർഖ സിറ്റിയുമായി സാമ്യമുണ്ടെന്ന് ആരോപിച്ച് നിരവധി സോഷ്യൽ മീഡിയ പോസ്റ്റുകളാണ് വരുന്നത്. ബുർഖ സിറ്റിയിൽ നിന്നുള്ള ഒരു രംഗം ഉൾക്കൊള്ളുന്ന വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്നാണ് ഈ ഊഹാപോഹങ്ങൾ പൊട്ടിപ്പുറപ്പെട്ടത്. പോസ്റ്റ് വൈറലായതോടെ നിരവധി പേരാണ് ലപാത ലേഡീസിന്‍റെ പ്ലോട്ടിനെ വിമർശിച്ചും അനുകൂലിച്ചും രംഗത്തെത്തിയത്.
ഇന്ത്യയിലെ ഗ്രാമീണ പശ്ചാത്തലത്തിൽ നടക്കുന്ന കഥയാണ് ലപാത ലേഡീസ്. ബിപ്ലബ് ഗോസ്വാമിയുടെ നോവലിനെ ആസ്പദമാക്കി ഒരുക്കിയ ചിത്രം 2024 മാർച്ച് ഒന്നിനാണ് തിയറ്ററിലെത്തിയത്. പുതുമുഖങ്ങളായ പ്രതിഭ രത്ന, സ്പർഷ് ശ്രീവാസ്തവ്, നിതാൻഷി ഗോയൽ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഏപ്രിൽ 26ന് ചിത്രം നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിച്ചു. ചിരിക്കാനും അതിലേറെ ചിന്തിക്കാനും ചിത്രത്തിൽ ഏറെയുണ്ട്.
ലാപത ലേഡീസിന്‍റെ പ്രത്യേക പ്രദർശനം സുപ്രീംകോടതിയിൽ നടന്നിരുന്നു. തിയറ്റർ റിലീസിന് മുമ്പ് 2023ൽ ടൊറന്‍റോ ഇന്‍റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ (TIFF) പ്രദർശിപ്പിച്ച ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിച്ചത്. ‘ധോബി ഘട്ടി’ന് ശേഷം കിരൺ റാവു സംവിധാനം ചെയ്ത ചിത്രമാണ് ലാപതാ ലേഡീസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.