'എട്ട് വർഷത്തെ സംവിധായകന്‍റെ സ്വപ്നമാണ്, ഇങ്ങനെ ചെയ്ത് നശിപ്പിക്കരുത്'; വ്യാജപതിപ്പിനെതിരെ ലിസ്റ്റിൻ സ്റ്റീഫൻ

ടൊവിനോ തോമസിനെ നായകനാക്കി ജിതിൻ ലാൽ സംവിധാനം ചെയ്ത ബിഗ് ബഡ്ജറ്റ് ചിത്രമാണ് അജയന്‍റെ രണ്ടാം മോഷണം. ഓണം റിലീസായി തിയറ്ററിലെത്തിയ ചിത്രം മികച്ച കളക്ഷൻ നേടി മുന്നേറുകയാണ്. എന്നാൽ ചിത്രത്തിന്‍റെ വ്യാജ പതിപ്പ് ഇറങ്ങിയതാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഇത് ഹൃദയം തകർക്കുന്ന കാഴ്ചയാണെന്ന് സംവിധായകൻ നേരത്തെ പോസ്റ്റ് ചെയ്തിരുന്നു. ഇപ്പോഴിതാ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നിർമാതാവായ ലിസ്റ്റിൻ സ്റ്റീഫൻ. സിനിമ എന്ന് പറഞ്ഞത് ഒരുപാട് പ്രയത്നമുള്ള പണിയാണെന്നും ഈ കാണുന്ന അധ്വാനം ഒന്നുമല്ലാതെയാക്കുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നതെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.

'നന്ദി ഉണ്ട്… ഇങ്ങനെ പ്രചരിപ്പിക്കുന്നത്തിൽ ഒരുപാട് ഒരുപാട് നന്ദി ഉണ്ട്. ഇന്നത്തെ ദിവസം കൊണ്ട് 50 കോടി ക്ലബിൽ കയറാൻ പോകുന്ന സിനിമയുടെ അവസ്ഥയാണ് ! വീട്ടിൽ ഇരുന്ന് തിയേറ്റർ പ്രിന്‍റ് കാണുകയും സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റും ചെയ്യുന്നു. 150 ദിവസങ്ങൾക്ക് മേലെ ഷൂട്ടിങ്, ഒന്നര വർഷത്തെ പോസ്റ്റ് പ്രൊഡക്ഷൻ, 8 വർഷത്തെ സംവിധായകൻ - തിരക്കഥാകൃത്തിന്‍റെ സ്വപ്നം , ഇൻവെസ്റ്റ് ചെയ്ത നിർമാതാക്കൾ , 100ൽ അധികം വരുന്ന ടീമിന്‍റെ സ്വപ്നം, അധ്വാനം എല്ലാം ഒന്നും അല്ലാതെ ആക്കുന്ന കാഴ്ച ആണ് ഈ കാണേണ്ടി വരുന്നത്. മലയാള സിനിമയെ നശിപ്പിക്കുന്നു എന്നല്ലാതെ കൂടുതൽ ആയി വേറെ എന്തു പറയാനാ? ഈ നേരവും കടന്നു പോവും. കേരളത്തിൽ 90% എ.ആർ.എം കളിക്കുന്നതും 3ഡി ആണ്, 100% തിയേറ്റർ എക്സ്പീരിയൻസ് അനുഭവിക്കേണ്ട സിനിമയാണ്, ഒരിക്കലും ഇങ്ങനെ ചെയ്തു കൊണ്ട് നശിപ്പിക്കരുത് പ്ലീസ്.

Nb : കുറ്റം ചെയ്യുന്നതും , ചെയ്തത് പ്രചരിപ്പിക്കുന്നതും കുറ്റകരം തന്നെ ആണ് !!!,' എന്നാണ് ലിസ്റ്റിൻ സ്റ്റീഫൻ സോഷ്യൽ മീഡിയയിൽ കുറിച്ചത്.


ടൊവിനോടയൊടൊപ്പം ബേസിൽ ജോസഫ്, കൃതി ഷെട്ടി, ഐഷ്വര്യ രാജേഷ്, സുരഭി, ജഗദീഷ് ഹരീഷ് ഉത്തമൻ, രോഹിണി, ബിജുകുട്ടൻ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Tags:    
News Summary - listin stephen against leaked prints of arm

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.