ചെന്നൈ:മാനനഷ്ടകേസിൽ നടൻ മൻസൂർ അലി ഖാൻ പിഴയടക്കണമെന്ന് മദ്രാസ് ഹൈകോടതി. പിഴ അടക്കണമെന്ന ഉത്തരവ് സ്റ്റേ ചെയ്യാനാകില്ലെന്നും നേരത്തെ പിഴ അടക്കാമെന്ന് സമ്മതിച്ചില്ലെയെന്നും കോടതി മൻസൂർ അലി ഖാനോട് ചോദിച്ചു. കൂടാതെ സിംഗിൾ ബെഞ്ചിനെ സമീപിക്കാനും നിർദേശിച്ചിട്ടുണ്ട്.
തൃഷ അടക്കം ഉള്ള താരങ്ങൾക്കെതിരെ നൽകിയ മാനനഷ്ട കേസിലാണ് മൺസൂർ അലി ഖാന് ഒരു ലക്ഷം രൂപ പിഴ വിധിച്ചത്. പണം കാൻസർ സെൻററിന് കൈമാറാനാണ് കോടതി നിർദേശം. മൻസൂറിൻറെ സ്ത്രീവിരുദ്ധ പരാമർശത്തിൽ കേസ് നൽകേണ്ടത് തൃഷയാണെന്ന് നേരത്തെ കേസ് പരിഗണിച്ചപ്പോൾ കോടതി അഭിപ്രായപ്പെട്ടു. പൊതുവിടത്തിൽ എങ്ങനെ പെരുമാറണമെന്ന് നടൻ പഠിക്കണമെന്നും കോടതി വിമർശിച്ചു.
വിജയ് ചിത്രം ‘ലിയോ’യുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖത്തിലാണ് നടി തൃഷക്കെതിരെ മൻസൂർ അലി ഖാൻ വിവാദ പരാമർശങ്ങൾ നടത്തിയത്. ലിയോയിൽ തൃഷയാണ് നായികയെന്നറിഞ്ഞപ്പോൾ ഒരു കിടപ്പറ രംഗമുണ്ടാവുമെന്ന് പ്രതീക്ഷിച്ചുവെന്നാണ് നടൻ പറഞ്ഞത്. തൃഷ തന്നെയാണ് നടനെതിരേ ആദ്യം രംഗത്തുവന്നത്. ഇനിയൊരിക്കലും കൂടെ അഭിനയിക്കില്ലെന്നും നടി വ്യക്തമാക്കി. നടന്മാരായ ചിരഞ്ജീവി, നിതിൻ, സംവിധായകൻ ലോകേഷ് കനകരാജ്, നടി മാളവിക മോഹനൻ, ഗായിക ചിന്മയി തുടങ്ങിയവരും തൃഷക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.
അതേസമയം സ്ത്രീവിരുദ്ധപരാമർശത്തിന്റെ പേരിൽ മൻസൂർ അലി ഖാൻ പൊലീസിന് മുന്നിൽ ഖേദം പ്രകടിപ്പിച്ചിട്ടുണ്ട് . തൗസന്റ് ലൈറ്റ്‌സ് വനിതാ പൈലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യലിന് ഹാജരായപ്പോഴാണ് വിവാദ പരാമർശത്തിൽ മാപ്പ് പറഞ്ഞത്. നടിയെന്ന നിലയിൽ താൻ ഏറെ ബഹുമാനിക്കുന്ന വ്യക്തിയാണ് തൃഷയെന്ന് പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.