കോട്ടയം: നിരവധി മലയാളം ഹിറ്റ് സിനിമകൾക്ക് തൂലിക ചലിപ്പിച്ച തിരക്കഥാകൃത്തും സംവിധായകനും പത്രപ്രവര്‍ത്തകനുമായ ഡെന്നീസ് ജോസഫ് (63) അന്തരിച്ചു. തിങ്കളാഴ്ച രാത്രി എട്ട് മണി കഴിഞ്ഞ് ഏറ്റുമാനൂര്‍ പേരൂര്‍ റോഡിലെ വസതിയില്‍ കുഴഞ്ഞുവീണ അദ്ദേഹത്തെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
1957 ഒക്ടോബര്‍ 29ന് എം.എന്‍. ജോസഫിന്‍റെയും ഏലിയാമ്മ ജോസഫിന്‍റെയും മകനായി ഏറ്റുമാനൂരിലാണ് ഡെന്നീസ് ജോസഫ് ജനിച്ചത്. ഏറ്റുമാനൂർ ഗവണ്‍മെന്‍റ് ഹൈസ്ക്കൂളിലായിരുന്നു സ്കൂള്‍ വിദ്യാഭ്യാസം. ദേവമാതാ കോളേജില്‍ നിന്നു ബിരുദം നേടിയശേഷം ഫാര്‍മസിയില്‍ ഡിപ്ലോമ നേടി.
തുടർന്ന് കട്ട് കട്ട് എന്ന സിനിമ വാരികയുടെ സബ് എഡിറ്റർ ആയിട്ടാണ് തന്‍റെ കരിയർ ആരംഭിക്കുന്നത്. 1985ൽ ജേസി സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രമായ 'ഈറൻസന്ധ്യ'യുടെ കഥ എഴുതിയാണ് മലയാള സിനിമയിലേക്ക് കടന്നുവരുന്നത്. പിന്നീട് തിരക്കഥ രചനയിലേക്ക് കടന്ന അദ്ദേഹം തൊട്ടതെല്ലാം പൊന്നായി. 80കളിലെയും 90കളിലെയും നിരവധി ഹിറ്റ് സിനിമകൾക്ക് തിരക്കഥയെഴുതി.
ജോഷി, തമ്പി കണ്ണന്താനം എന്നീ സംവിധായകർക്കൊപ്പമായിരുന്നു ഹിറ്റ് സിനിമകൾ ഒരുക്കിയത്. മമ്മൂട്ടിയെയും മോഹൻലാലിനെയും സുരേഷ്ഗോപിയെയും സൂപ്പർതാര പദവിയിലേക്ക് ഉയർത്തിയതിൽ ഡെന്നീസ് ജോസഫിന്‍റെ തിരക്കഥകൾക്കുള്ള പങ്ക് വളരെ വലുതാണ്. കെ ജി ജോർജ്, ടി എസ് സുരേഷ് ബാബു, സിബി മലയിൽ, ഹരിഹരൻ എന്നിവർക്കായും സിനിമകൾ എഴുതി.
നിറക്കൂട്ട് (1985), രാജാവിന്‍റെ മകൻ (1986), ശ്യാമ (1986), ന്യൂഡൽഹി (1987), നമ്പർ 20 മദ്രാസ് മെയിൽ (1990),കോട്ടയം കുഞ്ഞച്ചൻ (1990), ആകാശദൂത് (1993), പാളയം (1994), എഫ്.ഐ.ആർ (1999) തുടങ്ങിയവ ഡെന്നീസ് ജോസഫിന്‍റെ ഹിറ്റ് സിനിമകളിൽ ചിലതാണ്. മികച്ച കുട്ടികളുടെ ചലച്ചിത്രത്തിനുള്ള ദേശീയ-സംസ്ഥാന അവാർഡുകൾ നേടിയ മനു അങ്കിൾ അടക്കം അഞ്ച് സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. അഗ്രജന്‍, തുടര്‍ക്കഥ, അപ്പു, അഥര്‍വ്വം എന്നിവയാണ് സംവിധാനം ചെയ്ത മറ്റ് സിനിമകൾ. അദ്ദേഹത്തിന്‍റെ ഏറ്റവും അവസാനം പുറത്തുവന്ന ചിത്രം പ്രിയദർശന്‍റെ ഗീതാഞ്ജലിയാണ്. ഒമർ ലുലു സംവിധാനം ചെയ്യുന്ന പവർസ്റ്റാർ എന്ന സിനിമ ചിത്രീകരണത്തിലാണ്.
സിനിമയ്ക്ക് അകത്തും പുറത്തുമുള്ള തന്‍റെ ജീവിതത്തെ കുറിച്ച് അദ്ദേഹം 'മാധ്യമം' ആഴ്ചപ്പതിപ്പിലെഴുതിയ 'നിറക്കൂട്ടുകളില്ലാതെ' ഏറെ ശ്രദ്ധനേടിയിരുന്നു. പിന്നീടത് പുസ്തകമായപ്പോൾ മമ്മൂട്ടിയാണ് പ്രകാശനം നിർവഹിച്ചത്. അഭിനേതാവ് ജോസ് പ്രകാശിന്‍റെ മരുമകനാണ് ഡെന്നീസ് ജോസഫ്. ഭാര്യ: ലീന. മക്കൾ: എലിസബത്ത്, റോസി, ജോസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.