കണ്ണൂർ സ്ക്വാഡിന്‍റെ സംവിധായകൻ റോബി വർഗീസ് രാജ്

മമ്മൂട്ടി സ്ക്വാഡ്: നവാഗത സംവിധായകരുടെ ഗോഡ്ഫാദർ

കണ്ണൂർ സ്ക്വാഡ് സൂപ്പർ ഹിറ്റാകുമ്പോൾ ചർച്ചയാകുന്നത് മമ്മൂട്ടിയും നവാഗത സംവിധായകരും തമ്മിലുള്ള ജാതകപ്പൊരുത്തം കൂടിയാണ്. ഛായാഗ്രഹകൻ റോബി വർഗീസ് രാജാണ് മമ്മൂട്ടി അവസരം നൽകിയ ലിസ്റ്റിലെ പുതിയ സംവിധായകൻ. ഒരു പക്ഷേ ഇത്രയധികം നവാഗത സവിധായകർക്കു ആക്ഷൻ വിളിക്കാൻ ചാൻസ് നൽകിയ മറ്റൊരു സൂപ്പർതാരമുണ്ടാകില്ല. അതൊരു റെക്കോർഡ് തന്നെയാണ്. പലതും സൂപ്പർ ഹിറ്റാകുകയും ചെയ്തു. എല്ലാ കഴിവുകളും അധ്വാനവും പുറത്തെടുത്തായിരിക്കും ആദ്യ സിനിമ ചെയ്യുന്നത്. അതിനാലാണ് നവാഗത സംവിധായകരുടെ കഥ കേൾക്കാൻ പ്രധാന പരിഗണന നൽകുന്നതെന്നാണ് മമ്മൂട്ടിയുടെ ന്യായം.

പ്രമുഖ സംവിധായകരുടെ അസോസിയേറ്റുകൾ, ‍ഛായാഗ്രാഹകർ, തിരക്കഥാകൃത്തുക്കൾ തുടങ്ങിവർ മമ്മൂട്ടി കാൾഷീറ്റ് നൽകിയ നവാഗത സംവിധായകരിൽ പെടുന്നു. മമ്മൂ‍ട്ടിയുടെ കരിയറിലെ ഒട്ടനവധി ഹിറ്റ് ചിത്രങ്ങളുടെ സംവിധായകർ നവാഗതർ തന്നെയാണ്. പല സംവിധായകരുടെയും കരിയര്‍ ബ്രേക്ക് ചിത്രമായി മമ്മൂട്ടി ചിത്രങ്ങൾ മാറിയിട്ടുമുണ്ട്. കൊമേഴ്സ്യൽ സിനിമകൾ മാത്രമല്ല, ആർട്ട് സിനിമകളിലും തമിഴ്, തെലുങ്ക് ഭാഷകളിലും മമ്മൂട്ടി സിനിമകൾക്ക് നവാഗതർ കൈയൊപ്പ് ചാർത്തിയിട്ടുണ്ട്.


ഛായാഗ്രാഹകരിൽ അമൽ നീരദ് മുതൽ റോബി വർഗീസ് രാജ് വരെ എത്തി നിൽക്കുന്നു. ഡെന്നീസ് ജോസഫ്, ലോഹിതദാസ്, ബാബു ജനാർദനൻ പോലെയുള്ള തിരക്കഥാകൃത്തുക്കൾക്കും മമ്മൂട്ടി സിനിമയായിരുന്നു ആദ്യപടം. പുതിയ സിനിമ ബസൂക്ക എന്ന സിനിമയുടെ സംവിധായകൻ ഡിനു ഡെന്നിസിനും മമ്മൂട്ടി ഡേറ്റ് നൽകിയത് സ്ക്രിപ്റ്റും പ്രോജക്ടിന്റെ സവിശേഷതയും കണക്കിലെടുത്താണ്. കഴിവും കഥയുടെ പുതുമയും പരിഗണിച്ചാണ് മമ്മൂട്ടി കൈകൊടുക്കുക. ഡേറ്റ് നൽകിയാൽ പിന്നെ മമ്മൂട്ടി അവരുടെ ഒപ്പം നിൽക്കും. പെർഫക്ഷനു വേണ്ടി മമ്മൂട്ടി കൊച്ചുകുട്ടികളെ പോലെ നിർബന്ധം പിടിപ്പിക്കുമെന്നാണ് സംവിധായകരുടെ സാക്ഷ്യം.

തർക്കത്തിനൊടുവിൽ സംവിധായകൻ ശരിയെന്നു തോന്നിയാൽ തലകുലുക്കി നിന്നു കൊടുക്കും. അതുകൊണ്ടു തന്നെയാണ് മമ്മൂട്ടി അഭിനയിക്കുന്ന പുതിയ സംവിധായകരുടെ ചിത്രങ്ങളുടെ റിലീസും ഹൈപ്പ് ഒട്ടും കുറയാതെ നിൽക്കുന്നത്. നവാഗത സംവിധായകരുടെ ചിത്രങ്ങളില്‍ മമ്മൂട്ടി അഭിനയിക്കുമ്പോഴെല്ലാം സൂപ്പർഹിറ്റുകള്‍ ഉണ്ടായിട്ടുണ്ടെന്നതും ചരിത്രമാണ്. ഹിറ്റ് കൂട്ടുകെട്ടുകളിൽ കംഫോർട്ട് സോണിൽ പോകുമ്പോഴും പുതിയ സംവിധായകരുടെ കഥ കേൾക്കാൻ മറക്കാറില്ല.


തമിഴിൽ ലിംഗുസ്വാമി, ടി. അരവിന്ദ്, ധരണി, തെലുങ്കിൽ മഹി, ഹിന്ദിയിൽ ബാപ്പാദിത്യ റോയ് അടക്കം മമ്മൂട്ടി ഡേറ്റ് നൽകിയ ലിസ്റ്റിൽ അന്യഭാഷാ നവാഗത സംവിധായകരുമുണ്ട്. രത്തീന, സുമതി റാം എന്നീ വനിതാ സംവിധായകർക്കും ആദ്യ സിനിമക്കായി മമ്മൂട്ടി ഡേറ്റ് നൽകി. നവാഗത സംവിധായകരെ താനല്ല, അവർ തന്നെയാണ് തെരഞ്ഞെടുക്കുന്നതെന്നാണ് മമ്മൂട്ടിയുടെ നിലപാട്. നവാഗതർ കഥ തയാറാക്കുമ്പോൾ ഒരു കഥ മമ്മൂട്ടിക്കും തയാറാക്കി വെക്കുന്നു. അദ്ദേഹം അവർക്കു നൽകുന്ന വലിയ പ്രതീക്ഷകളും അവസരങ്ങളും തന്നെയാണ് അതിനുപിന്നിലെ പ്രധാന പ്രേരക ഘടകം.


കൊച്ചിൻ ഹനീഫ – ഒരു സന്ദേശം കൂടി, കെ. മധു – മലരും കിളിയും, തേവലക്കര ചെല്ലപ്പൻ/പ്രശാന്ത്- ആളൊരുങ്ങി അരങ്ങൊരുങ്ങി, ഡെന്നിസ് ജോസഫ് – മനു അങ്കിൾ, ജി.എസ്. വിജയൻ – ചരിത്രം, ജോമോൻ – സാമ്രാജ്യം, ലോഹിതദാസ് – ഭൂതകണ്ണാടി, ലാൽ ജോസ് – ഒരു മറവത്തൂർ കനവ്, ധരണി – എതിരും പുതിരും, പ്രമോദ് പപ്പൻ – വജ്രം, സഞ്ജീവ് ശിവൻ – അപരിചിതൻ, ബ്ലെസ്സി – കാഴ്ച്ച, അൻവർ റഷീദ് – രാജമാണിക്യം, അമൽ നീരദ് – ബിഗ് ബി, എം. മോഹനൻ – കഥ പറയുമ്പോൾ, തോമസ് സെബാസ്റ്റ്യൻ – മായാബസാർ, ആഷിഖ് അബു – ഡാഡി കൂൾ, വൈശാഖ് – പോക്കിരിരാജ, മാർട്ടിൻ പ്രക്കാട്ട് – ബെസ്റ്റ് ആക്ടർ, സോഹൻ സീനുലാൽ – ഡബിൾസ്, ബാബു ജനാർദനൻ – ബോംബെ മാർച്ച്‌ 12, അനൂപ് കണ്ണൻ – ജവാൻ ഓഫ് വെള്ളിമല, മാർത്താണ്ഡൻ – ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, പ്രമോദ് പയ്യന്നൂർ – ബാല്യകാലസഖി, ഷിബു ഗംഗാധരൻ – പ്രെയ്സ് ദി ലോർഡ്, അജയ് വാസുദേവ് – രാജാധിരാജ, നിതിൻ രഞ്ജിപണിക്കർ – കസബ, ഹനീഫ് അദേനി – ദി ഗ്രേറ്റ്‌ ഫാദർ, ശ്യാംദത് – സ്ട്രീറ്റ്ലൈറ്റ്, ശരത് സന്ദിത് – പരോൾ, ഷാജി പാടൂർ – അബ്രഹാമിന്റെ സന്തതികൾ, സേതു – ഒരു കുട്ടനാടൻ ബ്ലോഗ്, ശങ്കർ രാമകൃഷ്ണൻ – പതിനെട്ടാം പടി, ജോഫിൻ ടി. ചാക്കോ – ദി പ്രീസ്റ്റ്, രത്തീന – പുഴു, റോബി വർഗീസ് രാജ് – കണ്ണൂർ സ്ക്വാഡ്, ഡിനു ഡെന്നീസ് – ബസൂക്ക.....ഈ ലിസ്റ്റ് തുടരുക തന്നെയാണ്.

Tags:    
News Summary - Mammootty Squad: The Godfather of Debut Directors

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.