പൊന്നമ്മ ചേച്ചി അഭിനയിക്കുകയായിരുന്നില്ല; ഒരമ്മയുടെ പെരുമാറ്റമായിരുന്നു-മഞ്ജു വാര്യർ

ടി കവിയൂർ പൊന്നമ്മയുടെ വിയോഗത്തിൽ ദുഃഖം പങ്കുവെച്ച് മഞ്ജു വാര്യർ. മലയാള സിനിമക്ക് അമ്മയെന്നാൽ പൊന്നമ്മച്ചേച്ചിയാണെന്നും തനിക്ക് ഇതുവരെ ഒരു സിനിമയിൽ പോലും മകളായി അഭിനയിക്കാൻ കഴിഞ്ഞിട്ടില്ലെന്നും മഞ്ജു വാര്യർ സോഷ്യൽ മീഡിയയിൽ കുറിച്ചു. ചേച്ചിയുടെ മക്കളായി അഭിനയിക്കാൻ കഴിയാത്തവർ അപൂർവമാണ്. അതിലൊരാളാണ് താനെന്നും താരം കൂട്ടിച്ചേർത്തു.

'ഞാന്‍ പലപ്പോഴും ഓര്‍ത്ത് സങ്കടപ്പെട്ടൊരു കാര്യമുണ്ട്. സിനിമയില്‍ കവിയൂര്‍ പൊന്നമ്മച്ചേച്ചിയുടെ മകളായി ഒരു സിനിമയില്‍പ്പോലും എനിക്ക് അഭിനയിക്കാനായിട്ടില്ല. മലയാള സിനിമയില്‍ അമ്മയെന്നാല്‍ പൊന്നമ്മച്ചേച്ചിയാണ്. ചേച്ചിയുടെ മക്കളായി അഭിനയിക്കാത്തവര്‍ അപൂര്‍വം. അതിലൊരാളാണ് ഞാന്‍. സിനിമയില്‍ എനിക്ക് പിറക്കാതെ പോയ അമ്മയാണ് പൊന്നമ്മച്ചേച്ചി!

അതുകൊണ്ടുതന്നെ എന്റെ ഓര്‍മയില്‍ ഞങ്ങളൊരുമിച്ചുള്ള രംഗങ്ങളില്ല. പക്ഷേ പലയിടങ്ങളില്‍ വച്ചുള്ള കൂടിക്കാഴ്ചകളില്‍ ഞാന്‍ ആ അമ്മമനസ്സിലെ സ്‌നേഹം അടുത്തറിഞ്ഞു. ചേച്ചിയുടെ സഹോദരി കവിയൂര്‍ രേണുകച്ചേച്ചിയുമൊത്ത് 'കണ്ണെഴുതിപൊട്ടും തൊട്ട്' എന്ന സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. ചില ആംഗിളുകളില്‍ പൊന്നമ്മച്ചേച്ചിയെ ഓര്‍മിപ്പിക്കും രേണുകച്ചേച്ചിയും. അന്ന് കണ്‍മുന്നില്‍ പൊന്നമ്മച്ചേച്ചിയുള്ളതുപോലെ തോന്നിയിട്ടുണ്ട്, പലവട്ടം.

കുട്ടിക്കാലം തൊട്ടേ അമ്മയായി മാത്രമേ പൊന്നമ്മച്ചേച്ചിയെ സിനിമയില്‍ കണ്ടിട്ടുള്ളൂ. ഇങ്ങനെയൊരമ്മയുണ്ടായിരുന്നെങ്കില്‍ എന്ന് കാണുന്നവരെ മുഴുവന്‍ കൊതിപ്പിക്കാനായി എന്നതാണ് പൊന്നമ്മച്ചേച്ചിയുടെ അഭിനയത്തിന്റെ ഭംഗി. നമ്മുടെ വീട്ടുമുറ്റത്തുനിന്നോ അടുക്കളയില്‍ നിന്നോ പൂജാമുറിയില്‍ നിന്നോ സ്‌ക്രീനിലേക്ക് കയറി വന്നൊരാള്‍ എന്നേ തോന്നുമായിരുന്നുള്ളൂ പൊന്നമ്മച്ചേച്ചിയെ കാണുമ്പോള്‍.അത്രത്തോളം സ്വാഭാവികമായ ശൈലി. യഥാര്‍ഥത്തില്‍ അത് അഭിനയമായിരുന്നില്ല,ഒരമ്മയുടെ പെരുമാറ്റമായിരുന്നു.

പൊന്നമ്മച്ചേച്ചി കൂടി പോകുന്നതോടെ അത്തരം അമ്മമാരുടെ പരമ്പരയുടെ അവസാനകണ്ണി കൂടിയാണ് ഇല്ലാതാകുന്നത്. സുകുമാരിയമ്മ, മീനച്ചേച്ചി, ശ്രീവിദ്യാമ്മ, കെ.പി.എ.സി ലളിതച്ചേച്ചി...ഇന്നലെകളില്‍ നമ്മള്‍ സ്‌നേഹിച്ച അമ്മമാരൊക്കെ യാത്രയായി. അമ്മമാര്‍ പോകുമ്പോള്‍ മക്കള്‍ അനാഥാരാകും. അത്തരം ഒരു അനാഥത്വമാണ് മലയാളസിനിമയും ഈ നിമിഷം അനുഭവിക്കുന്നത്'- മഞ്ജു വാര്യർ കുറിച്ചു.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയായിരുന്നു കവിയൂർ പൊന്നമ്മയുടെ അന്ത്യം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആരോഗ്യനില ഗുരുതരമായി തുടരുകയായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നാണ്​ പൊന്നമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​. തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലായിരുന്നു​. കുറച്ചുകാലമായി അഭിനയത്തിൽ നിന്ന്​ വിട്ടുനിൽക്കുകയായിരുന്നു.

ഗായികയായി കലാ രംഗത്തേക്ക് കടന്നുവന്ന കവിയൂര്‍ പൊന്നമ്മ നാടകങ്ങളിലൂടെയാണ് അഭിനയ ലോകത്തേക്ക് എത്തിയത്. നാല് തലമുറയിലെ നായക നടന്മാരുടെ അമ്മ വേഷത്തിലെത്തിയെന്ന പ്രത്യേകതയും കവിയൂര്‍ പൊന്നമ്മയ്ക്കുണ്ട്.തോപ്പില്‍ ഭാസിയുടെ മൂലധനം എന്ന നാടകത്തിലൂടെ ആയിരുന്നു തുടക്കം.കെ.പി.എസിയിലെ പ്രധാന നടിയായി മാറിയ പൊന്നമ്മ 14ാം വയസില്‍ മെറിലാന്റിന്റെ ശ്രീരാമപട്ടാഭിഷേകത്തിലൂടെയാണ് സിനിമയിലെത്തുന്നത്.

Tags:    
News Summary - Manju Warrier pens Heart Touching Words About late actor Kaviyoor Ponnamma

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.