നായികയായി ഈച്ച; മാത്യുവിന്‍റെ ത്രീഡി ചിത്രം ലൗലി റിലീസ് ഡേറ്റ്

നായികയായി ഈച്ച; മാത്യുവിന്‍റെ ത്രീഡി ചിത്രം 'ലൗലി' റിലീസ് ഡേറ്റ്

ഈച്ചയും മനുഷ്യരുമായുള്ള അപൂർവ്വമായൊരു ആത്മബന്ധത്തിന്‍റെ കഥയുമായെത്തുന്ന ത്രീഡി ചിത്രം 'ലൗലി' റിലീസ് തീയതി പുറത്ത്. മാത്യു തോമസിനെ നായകനാക്കി ദിലീഷ് കരുണാകരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഒരു ഈച്ചയാണ് നായികയായി എത്തുന്നത് എന്നതാണ് പ്രത്യേകത. മെയ് രണ്ടിനാണ് റിലീസ്. വേനലവധിക്കാലത്ത് പ്രത്യേകിച്ച് കുട്ടികളെ ലക്ഷ്യമിട്ടുകൊണ്ടാണ് ഈ ത്രീഡി ചിത്രം പുറത്തിറങ്ങുന്നതെന്നാണ് മനസ്സിലാക്കാനാകുന്നത്.

ഒരു ആനിമേറ്റഡ് ക്യാരക്ടർ മുഖ്യ കഥാപാത്രമായെത്തുന്ന ഹൈബ്രിഡ് ചിത്രം എന്ന പ്രത്യേകതയും 'ലൗലി'ക്കുണ്ട്. ഹോളിവുഡിലും മറ്റും മുഖ്യധാരാ സിനിമ താരങ്ങള്‍ തന്നെ ആനിമേറ്റഡ് ക്യാരക്ടറുകള്‍ക്ക് ശബ്‍ദം നല്‍കുന്നതുപോലെ ഈ ചിത്രത്തില്‍ നായികയായെത്തുന്ന ഈച്ചക്ക് ശബ്‍ദം കൊടുത്തിരിക്കുന്നത് മലയാള സിനിമയിൽ സജീവമായ ഒരു താരമാണെന്നാണ് ടീസർ നൽകിയിരിക്കുന്ന സൂചന. 'ടമാര്‍ പഠാര്‍' എന്ന ചിത്രത്തിന് ശേഷം ദിലീഷ് കരുണാകരൻ തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റേതായി ഇറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറും വൈറലായിരുന്നു.

സെമി ഫാന്‍റസി ജോണറിലെത്തുന്ന ചിത്രം നിർമിക്കുന്നത് വെസ്റ്റേണ്‍ ഗട്ട്സ് പ്രൊഡക്ഷന്‍സിന്‍റെയും നേനി എന്‍റർടെയ്ൻമെന്‍റ്സിന്‍റേയും ബാനറില്‍ ശരണ്യയും ഡോ. അമര്‍ രാമചന്ദ്രനും ചേര്‍ന്നാണ്. മാത്യു തോമസിനെ കൂടാതെ മനോജ് കെ.ജയന്‍, കെ.പി.എ.സി ലീല തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാനവേഷങ്ങളിലെത്തുന്നത്. ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്നത് സംവിധായകൻ ആഷിഖ് അബുവാണ്. വിഷ്ണു വിജയ് സംഗീത സംവിധാനം നിർവഹിക്കുന്ന സിനിമയുടെ എഡിറ്റിങ് കിരൺ ദാസ് ആണ്.

പ്രൊഡക്ഷൻ ഡിസൈൻ: ജ്യോതിഷ് ശങ്കർ, കോ പ്രൊഡ്യൂസർമാർ: പ്രമോദ് ജി ഗോപാൽ, ഡോ.വിമൽ രാമചന്ദ്രൻ, ആർട്ട്: കൃപേഷ് അയ്യപ്പൻകുട്ടി, പ്രൊഡക്ഷൻ കൺട്രോളർ: കിഷോർ പുറക്കാട്ടിരി, സിജിഐ ആൻഡ് വിഎഫ്എക്സ്: ലിറ്റിൽ ഹിപ്പോ സ്റ്റുഡിയോസ്, ക്യാരക്ടർ ഡിസൈൻ: അഭിലാഷ്, കോസ്റ്റ്യൂം: ദീപ്തി അനുരാഗ്, സൗണ്ട് ഡിസൈൻ: നിക്സൺ ജോർജ്ജ്, ഗാനരചന: സുഹൈൽ കോയ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ഹരീഷ് തെക്കേപ്പാട്ട്, വെതർ സപ്പോർട്ട്: അഭിലാഷ് ജോസഫ്, ആക്ഷൻ കോറിയോഗ്രഫി: കലൈ കിങ്സൺ, ഡിഐ: കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, സൗണ്ട് മിക്സിങ്: സിനോയ് ജോസഫ്, പിആർഒ: എഎസ് ദിനേശ്, ആതിര ദിൽജിത്ത്, സ്റ്റിൽസ്: ആർ റോഷൻ, പബ്ലിസിറ്റി ഡിസൈൻ: യെല്ലോ ടൂത്ത്സ്, മീഡിയ ഡിസൈൻസ്: ഡ്രിപ്‍വേവ് കളക്ടീവ്

Tags:    
News Summary - Mathew Thomas's lovely release date

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.