രവി ബസ്റൂര്‍ ആദ്യമായി മലയാളത്തിൽ; 'മഡ്ഡി' ട്രെയ്‌ലർ നാളെ

കൊച്ചി: കെ.ജി.എഫിലൂടെ ശ്രദ്ധേയനായ സംഗീത സംവിധായകൻ രവി ബസ്റൂര്‍ ആദ്യമായി മലയാളത്തിലെത്തുന്ന 'മഡ്ഡി'യുടെ ട്രെയ്‌ലർ നാളെ പുറത്തിറങ്ങും. സോഷ്യൽ മീഡിയയിലൂടെയാണ് ട്രെയ്‌ലർ പ്രേക്ഷകരിലേക്കെത്തുന്നത്. രാക്ഷസന്‍ സിനിമയിലൂടെ ശ്രദ്ധേയനായ സാന്‍ ലോകേഷ് എഡിറ്റിങ്‌ നിർവഹിച്ചിരിക്കുന്നു എന്നതും ഈ ചിത്രത്തെ കൂടുതല്‍ ശ്രദ്ധേയമാക്കുന്നു.

നവാഗതനായ ഡോ. പ്രഗഭൽ സംവിധാനം ചെയ്ത ഇന്ത്യയിലെ ആദ്യത്തെ 4x4 മഡ്റേസ് സിനിമയാണ് 'മഡ്ഡി'. അഞ്ച് വർഷത്തിലധികം ചിലവിട്ടാണ് പ്രഗഭൽ ചിത്രം പൂർത്തിയാക്കിയത്. നവാഗതരായ പ്രധാന അഭിനേതാക്കളെ ഓഫ് റോഡ് മഡ് റേസിങ്ങില്‍ രണ്ട് വര്‍ഷത്തോളം പരിശീലിപ്പിച്ചതിന് ശേഷം ഡ്യൂപ്പുകളെ ഉപയോഗിക്കാതെയാണ് അതിസാഹസിക രംഗങ്ങള്‍ ചിത്രീകരിച്ചത്.

വിജയ് സേതുപതിയും, ശ്രീ മുരളിയും അവരുടെ സോഷ്യൽ മീഡിയ പേജിലൂടെ പുറത്തിറക്കിയ 'മഡ്ഡി'യുടെ മോഷൻ പോസ്റ്റർ കൈനീട്ടി സ്വീകരിച്ചത് മൂന്നര ദശലക്ഷത്തോളം സിനിമ പ്രേമികളാണ്. ചിത്രത്തിന്‍റെ ടീസര്‍ ഹോളിവുഡ് നടൻ അർജുൻ കപൂർ, ഫഹദ് ഫാസില്‍, ഉണ്ണി മുകുന്ദന്‍, അപര്‍ണ ബാലമുരളി, ആസിഫ് അലി, സിജു വില്‍സണ്‍, അമിത് ചക്കാലക്കല്‍ എന്നീ താരങ്ങള്‍ ഫെബ്രുവരിയിൽ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടിരുന്നു.

മലയാളം കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിലും 'മഡ്ഡി' ദൃശ്യ വിരുന്നൊരുക്കും. പി.കെ 7 ബാനറില്‍ പ്രേമ കൃഷ്ണദാസാണ് നിര്‍മ്മിക്കുന്നത്. പുതുമുഖങ്ങളായ യുവന്‍ കൃഷ്ണ, റിദ്ദാന്‍ കൃഷ്ണ, അനുഷ സുരേഷ്, അമിത് ശിവദാസ് നായര്‍ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ അണിനിരക്കുന്നത്. ഹരീഷ് പേരടി, ഐ.എം.വിജയന്‍, രണ്‍ജി പണിക്കര്‍, സുനില്‍ സുഗത, ശോഭ മോഹന്‍, ഗിന്നസ് മനോജ് എന്നിവരാണ് മറ്റ് താരങ്ങള്‍. വാര്‍ത്ത വിതരണം പി.ആർ 360.

ഡിസംബര്‍ 10ന് ലോകമെമ്പാടും 1500ലധികം തീയേറ്ററുകളിൽ ചിത്രം പ്രദർശനത്തിനെത്തും. 

Tags:    
News Summary - Muddy Malayalam Movie trailer release date

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.