nani

മഹാഭാരതത്തിൽ നാനിയും; ഇതെന്‍റെ സ്വപ്ന പദ്ധതിയെന്ന് രാജമൗലി

എസ്.എസ്. രാജമൗലിയുടെ സ്വപ്ന പദ്ധതിയായ 'മഹാഭാരത'ത്തിൽ നടൻ നാനി ഭാഗമാകുമെന്ന് എസ്.എസ്. രാജമൗലി തന്നെ സ്ഥിരീകരിച്ചു. എക്കാലത്തെയും മികച്ച ഇതിഹാസങ്ങളിലൊന്നിനെക്കുറിച്ച് 10 ഭാഗങ്ങളുള്ള ഒരു ഫ്രാഞ്ചൈസി നിർമിക്കാനുള്ള ആഗ്രഹം സംവിധായകൻ എസ്.എസ്. രാജമൗലി പലപ്പോഴും പ്രകടിപ്പിച്ചിട്ടുണ്ട്.

അടുത്തിടെ ഹൈദരാബാദിൽ നടന്ന 'ഹിറ്റ്: ദി തേർഡ് കേസ്' എന്ന സിനിമയുടെ പ്രീ-റിലീസ് പരിപാടിയിൽ പങ്കെടുത്ത രാജമൗലിയോട്, ഫ്രാഞ്ചൈസിയിൽ നാനിയെ അവതരിപ്പിക്കാൻ പ്രശസ്ത സംവിധായകൻ തീരുമാനിച്ചതായി പ്രചരിക്കുന്ന അഭ്യൂഹങ്ങളിൽ എന്തെങ്കിലും സത്യമുണ്ടോ ചോദിച്ചിരുന്നു. ഏത് കഥാപാത്രത്തെ അവതരിപ്പിക്കുമെന്ന് പറഞ്ഞില്ലെങ്കിലും, മഹാഭാരതത്തിൽ നാനി ഭാഗമാകുമെന്ന് രാജമൗലി സ്ഥിരീകരിച്ചു. 'തീർച്ചയായും, നാനി ചിത്രത്തിന്റെ ഭാഗമാകും, അത് ഉറപ്പാണ്' രാജമൗലി പറഞ്ഞു. എസ്.എസ്. രാജമൗലിക്കൊപ്പം ബ്ലോക്ക്ബസ്റ്റർ ചിത്രമായ 'ഈച്ച'യിലും നാനി ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്.

രാജമൗലി നിലവിൽ മഹേഷ് ബാബുവിന്റെ 'SSMB 29' എന്ന ചിത്രത്തിൽ പ്രവർത്തിക്കുകയാണ്. വലിയ ബജറ്റിൽ നിർമിക്കുന്ന ചിത്രത്തിന്റെ ഒരു പ്രധാന ഭാഗം ഒഡീഷയിലാണ് ചിത്രീകരിച്ചത്. മഹേഷ് ബാബുവിന് പുറമേ പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു. ചരിത്രവും പുരാണങ്ങളും ഉൾക്കൊള്ളുന്ന ഒരു ആക്ഷൻ സാഹസിക ചിത്രം 2027 ൽ റിലീസ് ചെയ്യുമെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. 

Tags:    
News Summary - Nani will be a part of Mahabharatha confirms SS Rajamouli

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.