നസ്ലിൻ, മമിത ബൈജു എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ചിത്രമാണ് പ്രേമലു. ഫെബ്രുവരി ഒമ്പതിന് തിയറ്ററുകളിലെത്തിയ ചിത്രം ഒരു മാസത്തിന് ശേഷവും തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്.
ഇപ്പോഴിതാ ആഗോളതലത്തിൽ നൂറ് കോടി നേടിയിരിക്കുകയാണ് ചിത്രം. 31 ദിവസം കൊണ്ടാണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. മലയാളത്തിൽ നൂറ് കോടി ക്ലബിൽ ഇടംപിടിക്കുന്ന അഞ്ചാമത്തെ ചിത്രമാണ് പ്രേമലു. ലൂസിഫർ, പുലിമുരുകൻ, 2018, മഞ്ഞുമ്മൽ ബോയ്സ് എന്നീ ചിത്രങ്ങളാണ് ഇതിനു മുമ്പ് നൂറ് കോടി നേടിയത്.
കേരളത്തിലെ ബോക്‌സ് ഓഫീസിൽ നിന്ന് മാത്രം പ്രേമലു ഇതുവരെ നേടിയത് 53 കോടിയാണ്. 62 .8 കോടിയാണ് ചിത്രത്തിന്റെ ഡൊമസ്റ്റിക് കളക്ഷൻ. ഓവർസീസിൽ നിന്ന് 37.2 കോടി സമാഹരിച്ചിട്ടുണ്ട്.
കൂടാതെ തെലുങ്ക് പതിപ്പും തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. മാർച്ച് എട്ടിന് പ്രദർശനത്തിനെത്തിയ ചിത്രത്തിന്റെ ഇതുവരെയുളള കളക്ഷൻ രണ്ട് കോടിയാണ്. എസ്. എസ് രാജമൗലിയുടെ മകൻ എസ്. എസ് കാർത്തികേയയാണ് തിയറ്ററുകളിലെത്തിച്ചത്. പ്രേമലൂ ടീമിനെ അഭിനന്ദിച്ച് രാജമൗലി എത്തിയിരുന്നു.
ഗിരീഷ് എ. ഡി ചിത്രത്തിൽ നസ്ലിനും മമിത ബൈജുവിനുമൊപ്പം ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, മീനാക്ഷി രവീന്ദ്രൻ എന്നിവരാണ് മറ്റുകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.