‘പത്താനെതിരെ ഇനി പ്രതിഷേധിക്കേണ്ടതില്ല’; മധ്യപ്രദേശ് മന്ത്രിക്ക് മനംമാറ്റം

ഭോപ്പാല്‍: ചില ഭാഗങ്ങള്‍ സെന്‍സര്‍ ബോര്‍ഡ് ഇടപെട്ട് തിരുത്തിയതിനാല്‍ ഷാരൂഖ് ഖാന്‍ നായകനായ ‘പത്താന്‍’ സിനിമക്കെതിരെ ഇനിയും പ്രതിഷേധിക്കേണ്ടതില്ലെന്ന് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര. പത്താനെതിരെ ആദ്യം രംഗത്തെത്തിയ നേതാക്കളില്‍ ഒരാളായിരുന്നു മന്ത്രി. പത്താനിലെ ചില സീനുകളിൽ താരത്തിന്റെ വസ്ത്രം 'ശരിയാക്കിയില്ലെങ്കിൽ' ചിത്രം മധ്യപ്രദേശിൽ പ്രദർശിപ്പിക്കാൻ അനുവദിക്കണമോ എന്നത് ആലോചിക്കേണ്ടിവരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു. ജെ.എൻ.യുവിലെ 'തുക്‌ഡേ തുക്‌ഡേ ഗ്യാങ്ങിനെ' പിന്തുണക്കുന്ന ആളാണ് ദീപികയെന്നും മന്ത്രി ആരോപിച്ചിരുന്നു.

"സിനിമയിൽ സെൻസർ ബോർഡ് തിരുത്തലുകൾ വരുത്തിയിട്ടുണ്ടെന്ന് ഞാൻ കരുതുന്നു. വിവാദ വാക്കുകൾ നീക്കം ചെയ്തു. അതിനാൽ ഇപ്പോൾ പ്രതിഷേധിക്കേണ്ട കാര്യമില്ല", എന്നിങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മധ്യപ്രദേശില്‍ പത്താനെതിരെ ചില സംഘ്പരിവാര്‍ സംഘടനകള്‍ പ്രതിഷേധം തുടരുന്നതിനെ കുറിച്ച് ചോദിച്ചപ്പോഴാണ് ആഭ്യന്തര മന്ത്രിയുടെ പ്രതികരണം. പ്രതിഷേധത്തെ തുടർന്ന് ഇൻഡോറിലെയും ഭോപ്പാലിലെയും ചില തിയറ്ററുകളില്‍ രാവി​ലത്തെ ഷോ റദ്ദാക്കിയിരുന്നു.

'ബേഷരം രംഗ്' ഗാനത്തിൽ നടി ദീപിക പദുക്കോൺ കാവി നിറത്തിലുള്ള ബിക്കിനി ധരിച്ചതിനെതിരെ മിശ്ര നേരത്തെ രംഗത്തുവന്നിരുന്നു. സിനിമകളെ സംബന്ധിച്ച് അനാവശ്യ പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്ന് ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പാർട്ടി നേതാക്കളോട് ആവശ്യപ്പെട്ടിരുന്നു. ഇതിനെ കുറിച്ചുള്ള ചോദ്യത്തിന് മന്ത്രിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു, "പ്രധാനമന്ത്രിയുടെ ഓരോ വാക്കും വാചകവും ഞങ്ങൾക്ക് പ്രധാനമാണ്. എല്ലാ പ്രവർത്തകരും അദ്ദേഹത്തിൽനിന്ന് പ്രചോദനം ഉൾക്കൊള്ളുന്നു. ഞങ്ങളുടെ സ്വഭാവവും പെരുമാറ്റവും എല്ലായ്പ്പോഴും അദ്ദേഹത്തിന്‍റെ മാര്‍ഗനിര്‍ദേശത്താല്‍ നയിക്കപ്പെടുന്നു. ഭാവിയിലും അത് തുടരും".

ഇന്ത്യൻ സംസ്കാരത്തിനും പാരമ്പര്യത്തിനും യോജിക്കുന്നതല്ലെന്ന് ആരോപിച്ച് നേരത്തെയും ചില സിനിമകൾക്കും വെബ് സീരീസുകൾക്കുമെതിരെ മിശ്ര രംഗത്തുവന്നിരുന്നു. ലീന മണിമേഖല​യുടെ ‘കാളി’ എന്ന ഡോക്യുമെന്ററിയുടെ പോസ്റ്റർ പ്രദർശിപ്പിച്ചതിരെ കേസെടുക്കാൻ കഴിഞ്ഞ ജൂലൈയിൽ അദ്ദേഹം ഉത്തരവിട്ടിരുന്നു.

നാല് വർഷത്തിന് ശേഷം ഷാരൂഖ് ഖാൻ ബിഗ് സ്‌ക്രീനിലേക്ക് തിരിച്ചെത്തിയ സിനിമയാണ് പത്താന്‍. ദീപിക പദുക്കോൺ, ജോൺ എബ്രഹാം എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത്. ചിത്രം ബോക്സ് ​ഓഫിസിൽ പുതിയ ചരിത്രം കുറിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ.

Tags:    
News Summary - 'No more protests against Pathaan'; Madhya Pradesh Minister has changed his view

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.