ഒരു പള്ളിപ്പെരുന്നാളിന്‍റെ പിന്നാമ്പുറങ്ങൾ ആ നാടിനെത്തന്നെ സംഘർഷഭരിതമാക്കുന്ന മൂന്നു ചെറുപ്പക്കാരുടെ കഥ പറയുന്ന ചിത്രമാണ് ആർ.ഡി.എക്സ്. നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രം വീക്കെന്‍റ് ബ്ലോഗ്‌ബസ്റ്ററിന്‍റെ ബാനറിൽ സോഫിയാ പോളാണ് നിർമിക്കുന്നത്. മൾട്ടി ആക്ഷൻ ബിഗ് ബഡ്ജറ്റ് ചിത്രമായ ആർ.ഡി.എക്സിന്‍റെ ആദ്യ ടീസർ പുറത്തുവിട്ടു.
ചോരക്കു ചോര, പല്ലിനു പല്ല് എന്നു വിശ്വസിച്ചു പോരുന്ന മൂന്നു ചെറുപ്പക്കാർ -റോബർട്ട്, ഡോണി, സേവ്യർ എന്നിവരുടെ കഥയാണ് ചിത്രം പറയുന്നത്. തങ്ങളിൽ ഒരാൾക്കു നേരെ കൈയ്യോങ്ങുന്നവന്‍റെ പൊടിപോലും പിന്നെ കാണിക്കാത്ത ചങ്കൂറ്റത്തിന്‍റെ പ്രതീകങ്ങളാണ് മൂവർ സംഘം. 'കൂട്ടത്തിലൊരാളെ തൊട്ടതിന്‍റെ പേരിൽ കൊച്ചിൻ കാർണിവൽ നിർത്തിച്ച ടീമാ... ഓരോരുത്തനേയും എണ്ണിയെണ്ണി പൊക്കിയിരിക്കും.' ഇതാണ് ആർ.ഡി.എക്സ് എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന റോബർട്ടിന്‍റെയും ഡോണിയുടേയും സേവ്യറിന്‍റെയും പൊതു സ്വഭാവം.
തീപാറുന്ന സംഘട്ടന രംഗങ്ങളാണ് ചിത്രത്തിന്‍റെ പ്രത്യേകത. ഷെയ്ൻ നിഗം, ആന്‍റണി വർഗീസ്, നീരജ് മാധവ് എന്നിവരാണ് റോബർട്ട്, ഡോണി, സേവ്യർ എന്നിവരെ അവതരിപ്പിക്കുന്നത്. ലാൽ, ബാബു ആന്‍റണി, ബൈജു സന്തോഷ്, മാലാ പാർവ്വതി, നിഷാന്ത് സാഗർ, സന്ദീപ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ദക്ഷിണേന്ത്യൻ സിനിമയിലെ മികച്ച ആക്ഷൻ കോറിയോഗ്രാഫർ അൻപ് അറിവാണ് ഈ ചിത്രത്തിലെ സംഘട്ടനങ്ങൾ ഒരുക്കിയിരിക്കുന്നത്.
ഷബാസ് റഷീദ് - ആദർശ് സുകുമാരൻ എന്നിവരാണ് തിരക്കഥ. സംഗീതം -സാം സി.എസ്, ഗാനങ്ങൾ - മനു മഞ്ജിത്ത്, ഛായാഗ്രഹണം - അലക്സ് ജെ. പുളിക്കൽ, എഡിറ്റിംഗ് - റിച്ചാർഡ് കെവിൻ, കലാസംവിധാനം - ജോസഫ് നെല്ലിക്കൽ, പ്രൊഡക്ഷൻ എക്സിക്യുട്ടീവ് - എസ്റ്റാൻ, പ്രൊഡക്ഷൻ കൺട്രോളർ- ജാവേദ് ചെമ്പ്. ആഗസ്റ്റ് 25ന് ചിത്രം പ്രദർശനത്തിനെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.