റിയാദ്: നമ്പി നാരായണന്റെ ജീവിതം പറയുന്ന സിനിമ 'റോക്കട്രി: ദി നമ്പി ഇഫക്റ്റ്' ജൂലൈ ഒന്നിന് ലോകത്തെമ്പാടും റിലീസ് ചെയ്യും. 75-ാമത് കാൻ ഫിലിം ഫെസ്റ്റിവലിൽ കയ്യടി നേടി ഇതിനകം ലോകശ്രദ്ധയിലായ ഈ ബയോപിക് സൂപ്പർ താരം ആർ. മാധവനാണ് രചന നിർവഹിച്ച് സംവിധാനം ചെയ്തത്. നമ്പി നാരായണനായി വേഷമിടുന്നതും മാധവനാണ്. ആര്‍. മാധവന്‍റെ ട്രൈകളർ ഫിലിംസിനൊപ്പം പ്രമുഖ പ്രവാസി മലയാളിയായ വർഗീസ് മൂലന്റെ മൂലൻസ് പിക്ചേഴ്സും ഹോളിവുഡ് പ്രൊഡക്ഷൻ കമ്പനിയായ 27th ഇൻവെസ്റ്റ്മെന്‍റ്സും ചേർന്നാണ് ഈ ബിഗ് ബജറ്റ് ചിത്രം നിർമിക്കുന്നത്.
കാൻ ചലച്ചിത്രമേളയിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ചിത്രങ്ങളിലൊന്നായി 'റോക്കട്രി: ദി നമ്പി ഇഫക്റ്റ്' മാറിയിരുന്നു. കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ മുതൽ സംഗീത ഇതിഹാസം എ.ആർ. റഹ്മാൻ വരെ പ്രശംസയുമായി രംഗത്തെത്തി. ഈ ബഹുഭാഷ ചിത്രം കാൻ മേളയിൽ പ്രദർശിപ്പിക്കപ്പെട്ടപ്പോൾ മലയാളികൾക്ക് അഭിമാനിക്കാൻ ഏറെയുണ്ടായിരുന്നു. ഐ.എസ്.ആർ.ഒ മുൻ ശാസ്ത്രജ്ഞൻ പദ്മഭൂഷൻ നമ്പി നാരായണന്റെ ജീവിതം ആസ്പദമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ജീവിതം തന്നെ പോരാട്ടമാക്കി, നിയമത്തിനും കാലത്തിനും മുന്നിൽ നിരപരാധിത്വം തെളിയിച്ച നമ്പി നാരായണന്റെ കഥ വെള്ളിത്തിരയിൽ എത്തിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചത് പ്രമുഖ മലയാളി വ്യവസായി വർഗീസ് മൂലനും അദ്ദേഹത്തിന്റെ മൂലൻസ് പിക്ചേഴ്സും ആണെന്നത് കേരളത്തിന് മാത്രമല്ല, പ്രവാസി സമൂഹത്തിനും വലിയ അഭിമാനം നൽകുന്നതായി.
സൗദി അറേബ്യയിൽ തുടക്കം കുറിച്ച വ്യവസായ ഗാഥയാണ് വർഗീസ് മൂലന്റേത്. പ്രവാസിയെന്ന നിലയിൽകൂടി മൊത്തം മലയാളി സമൂഹത്തിന് അഭിമാനിക്കാൻ വക നൽകുന്നുണ്ട് 'റോക്കട്രി: ദി നമ്പി ഇഫക്റ്റി'ന്റെ നേട്ടം. നമ്പി നാരായണന്റെ ആത്മകഥ 'ഓർമകളുടെ ഭ്രമണപഥ'ത്തിന്റെ രചയിതാവും ക്യാപ്റ്റൻ, വെള്ളം, മേരീ ആവാസ് സുനോ സിനിമകളുടെ സംവിധായകനുമായ ജി. പ്രജേഷ് സെൻ കോ ഡയറക്ടറാണ് എന്നതാണ് ഈ ചിത്രത്തിന്റെ മറ്റൊരു മലയാളി ബന്ധം. എഡിറ്ററടക്കം നിരവധി മലയാളികൾ വേറെയും ഈ സിനിമയുടെ അണിയറയിൽ പ്രവർത്തിക്കുന്നുണ്ട്. ഏറെ സന്തോഷത്തോടെയാണ് സിനിമ ലോകതലത്തിൽ റിലീസിനൊരുങ്ങുന്നതെന്നും ജൂലൈ ഒന്നിന് റിലീസ് തീരുമാനിച്ചിരിക്കുന്നതിനാൽ ജൂൺ 18 മുതൽ സിനിമയുടെ പ്രമോഷൻ പരിപാടികൾ ആരംഭിക്കുമെന്നും നിർമാതാവ് വർഗീസ് മൂലൻ പറഞ്ഞു.
സിനിമയുടെ ട്രെയിലർ കഴിഞ്ഞവർഷം ഏപ്രിലിൽ പുറത്തിറങ്ങിയപ്പോൾ മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മലയാളികൾക്കുള്ള സമ്മാനമായി ഈ സിനിമയുടെ പ്രമോഷൻ പരിപാടി കേരളത്തിൽ നിന്നാണ് തുടക്കം കുറിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മറ്റൊരു നേട്ടവും ചിത്രത്തിന്റെ നിർമാതാക്കളെന്ന നിലയിൽ കാൻ മേളയിൽ നിന്ന് ലഭിച്ചിരുന്നു. മേളയിലെ റെഡ് കാർപ്പറ്റിൽ വർഗീസ് മൂലന്റെ പൗത്രി മന്ത്രക്ക് സിനിമയുടെ അണിയറ പ്രവർത്തകർക്കും നമ്പി നാരായണനുമൊപ്പം നടക്കാൻ അവസരം കിട്ടി എന്നതാണ് അത്. വളരെ അപൂർവമായ നേട്ടമാണ് മൂലൻസ് ഗ്രൂപ്പ് ഡയറക്ടറും വർഗീസ് മൂലന്റെ മകനുമായ വിജയുടെ മകൾ രണ്ടുവയസുകാരി മന്ത്ര ലോകത്തിന്റെ ഏറ്റവും വലിയ ചലച്ചിത്രമേളയിൽ നിന്ന് സ്വന്തമാക്കിയത്
സാധാരണഗതിയിൽ റെഡ് കാർപ്പറ്റിൽ കുട്ടികളെ കയറ്റാറില്ല. പ്രദർശിപ്പിക്കപ്പെടുന്ന ശ്രദ്ധേയ സിനിമകളിൽ വേഷമിട്ട കുട്ടികൾക്ക് ചിലപ്പോൾ അങ്ങനെയൊരു അവസരം ലഭിച്ചെന്ന് വരാം. എന്നാൽ സിനിമയിലൊന്നും വരാതെ തന്നെ, ഒരു ശ്രദ്ധേയ സിനിമയുടെ അണിയറിയിലുള്ള കുടുംബാംഗമെന്നനിലയിൽ മന്ത്രക്ക് ഈ അസുലഭാവസരം ലഭിച്ചത് വലിയ ആഹ്ലാദവും അഭിമാനവുമാണ് നൽകുന്നതെന്ന് വിജയ് 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു. 'റോക്കട്രി: ദി നമ്പി ഇഫക്റ്റ്' സിനിമയിൽ ബോളിവുഡ് താരം ഷാരൂഖ് ഖാനും കോളിവുഡ് സൂപ്പർ താരം സൂര്യയും അതിഥി വേഷത്തിൽ എത്തുന്നുണ്ട്. സിമ്രാനാണ് നായിക. വർഗീസ് മൂലൻ ഗ്രൂപ്പ് 2016-ൽ ആണ് സിനിമാ നിർമാണ മേഖലയിൽ എത്തുന്നത്. വിജയ് മൂലൻ ടാക്കീസിന്റെ ബാനറിൽ 'ഓട് രാജാ ഓട്' എന്ന തമിഴ് ചിത്രമാണ് ആദ്യ സംരംഭം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.