പൃഥ്വിരാജിനെതിരെ വീണ്ടും കടുത്ത വിമർശനവുമായി വീണ്ടും ആര്‍.എസ്. എസ് മുഖപത്രം ഓർഗനൈസർ.'സേവ് ലക്ഷദ്വീപ്' കാമ്പയിന് പിന്നിൽ പ്രവർത്തിച്ച പ്രമുഖരിൽ ഒരാളാണ് പൃഥ്വിരാജ്. ദേശവിരുദ്ധരുടെ ശബ്ദമാണ് പൃഥ്വിരാജിന്. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തെ പിന്തുണച്ചു. ചിലരെ അറസ്റ്റ് ചെയ്തപ്പോൾ സഹോദരൻ ഇന്ദ്രജിത്തും പിന്തുണച്ചു. ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരായ ആക്രമണങ്ങളിൽ പൃഥ്വിരാജ് പ്രതികരിച്ചില്ല. മുനമ്പത്തെ ക്രൈസ്തവ കുടുംബങ്ങളുടെ വഖഫുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇവർക്ക് മൗനമാണെന്നും ഓർഗനൈസർ വിമർശിച്ചു.
സിനിമയിലെ പ്രധാന വില്ലൻ കഥാപാത്രത്തിന് ഹനുമാന്‍റെ മറ്റൊരു പേരായ ബജ്റംഗ് ബലി എന്ന് നൽകിയെന്നും ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു. നടൻ മോഹൻലാലിന്‍റെ ഖേദപ്രകടനം റിപ്പോർട്ട് ചെയ്തുള്ള ആർ.എസ്.എസ് മുഖപത്രത്തിലെ ലേഖനത്തിലാണ് പൃഥ്വിരാജിനെതിരെ വിമർശിക്കുന്നത്.
എമ്പുരാൻ സിനിമ റിലീസ് ചെയ്തതിന് പിന്നാലെ നേരത്തെയും ഓർഗനൈസർ വിമർശനമുന്നയിച്ചിരുന്നു. മോഹൻലാൽ ആരാധകരെ വഞ്ചിച്ചുവെന്നും പൃഥ്വിരാജ് ഹിന്ദു വിരുദ്ധ നിലപാട് സ്വീകരിച്ചുവെന്നുമായിരുന്നു ഓർഗനൈസറിന്‍റെ വിമർശനം. ചിത്രം ചരിത്രത്തെ വളച്ചൊടിക്കുന്നതാണ്. പൃഥ്വിരാജ് സിനിമകളിൽ ദേശവിരുദ്ധതയും ഹിന്ദുവിരുദ്ധതയും ആവർത്തിക്കുകയാണ്. സിനിമ ഭീകരവാദത്തെ വെള്ളപൂശുന്നുവെന്നും ഓർഗനൈസർ ആരോപിച്ചിരുന്നു. അതേസമയം, സംഘ്പരിവാറിന്‍റെ എതിർപ്പിനെ തുടർന്ന് ഏതാനും ഭാഗങ്ങള്‍ വെട്ടിമാറ്റിയ എമ്പുരാന്‍ സിനിമയുടെ പുതിയ പതിപ്പ് ഇന്ന് തിയേറ്ററുകളിലെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.