സ്വന്തം പേരിനേക്കാൾ കൂടുതൽ അറക്കൽ അബു, ഷിബു വെള്ളായണി, ഗുണ്ട ജയൻ, പോത്ത് പാപ്പച്ചൻ തുടങ്ങിയ കഥാപാത്രങ്ങളുടെ പേരിൽ അറിയപ്പെടുന്ന നടനാണ് സൈജു കുറുപ്പ്. നായകനാവണോ സഹനടനാവണോ എന്നു ചോദിച്ചാൽ സഹനടനായാൽ മതിയെന്നാണ് സൈജുവിന്റെ ഉത്തരം. കാരണം ഓരോ കഥാപാത്രങ്ങളും പ്രേക്ഷകരിൽ അത്രയേറെ ചേർന്നു നിൽക്കുന്നതിനാൽ പേരിനേക്കാളേറെ കഥാപാത്രങ്ങളുടെ പേരിൽ അറിയപ്പെടുന്നയാളാണ് സൈജു കുറുപ്പ്. 2005ൽ ഹരിഹരൻ സംവിധാനംചെയ്ത ‘മയൂഖം’ എന്ന ചിത്രത്തിലൂടെ പുതുമുഖ നായകനായി പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് കയറിക്കൂടി. പിന്നീട് നായകവേഷങ്ങളിൽ മാത്രമല്ല, സഹനടനായും വില്ലനായും ഹാസ്യതാരവുമായെല്ലാം 19 വർഷത്തോളമായി മലയാള സിനിമയിൽ തിളങ്ങിനിൽക്കുന്നു. അപ്രതീക്ഷിതമായി സിനിമയിലേക്കെത്തിയെ സൈജു കുറുപ്പ് അഭിനേതാവ് എന്ന ലേബൽ വിട്ട് ഇപ്പോൾ നിർമാതാവിന്റെ കുപ്പായംകൂടി അണിയുകയാണ്. ‘ഭരതനാട്യം’ എന്ന കോമഡി ഫാമിലി ചിത്രത്തിലൂടെയാണ് സൈജുവിന്റെ നിർമാതാവായുള്ള അരങ്ങേറ്റം. ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നതും സൈജു തന്നെ. സൈജു കുറുപ്പിന്റെ സിനിമാ വിശേഷങ്ങളിലൂടെ.
ജീവിതത്തിൽ പല സന്ദർഭങ്ങളിലും നമ്മൾ ഭരതനാട്യം കളിക്കുകയാണെന്ന് പറയും. പല കള്ളത്തരങ്ങളും ഒളിപ്പിക്കുന്നതിന് പല സാഹചര്യങ്ങളിലും കളിക്കുന്ന കളിയാണ് ഈ സിനിമയിലെ ഭരതനാട്യം. ദുരഭിമാനം ഭയങ്കര അഭിമാനമായി കാത്തുസൂക്ഷിക്കുന്ന കുടുംബാംഗങ്ങളുടെ കഥ. വീട്ടിൽ ഒരു പ്രശ്നമുണ്ടാകുമ്പോൾ അവർ അതിനെ എങ്ങനെയാണ് നോക്കി കാണുന്നതെന്നും നേരിടുന്നതെന്നും ഉള്ളതാണ് സിനിമ. നാട്ടുകാർ അറിഞ്ഞാൽ പ്രശ്നമാകും എന്ന വിചാരം കൊണ്ടുനടക്കുന്നവർ. വിവാഹം കഴിഞ്ഞുപോയ മകളോ, പെങ്ങളോ ഭർത്താവുമായി തിരികെ വീട്ടിൽ വന്നു നിൽക്കുമ്പോൾ ‘നാട്ടുകാർ എന്തുകരുതും’ എന്ന് ചിന്തിക്കുന്ന ദുരഭിമാനം കാത്തുസൂക്ഷിക്കുന്നവരില്ലേ. അതെല്ലാം ഉൾപ്പെടുന്ന ഒരു രസകരമായ കഥയാണ് ഭരതനാട്യം.
കണ്ടു പരിചയമുള്ള മുഖങ്ങളാണ് ചിത്രത്തിൽ കൂടുതൽ. കലാരഞ്ജിനി ചേച്ചി, സായ് ചേട്ടൻ (സായ് കുമാർ), മണികണ്ഠൻ പട്ടാമ്പി, അഭിറാം രാധാകൃഷ്ണൻ, നന്ദു പൊതുവാൾ, സോഹൻ സീനുലാൽ, ദിവ്യ എം. നായർ, ശ്രുതി സുരേഷ് തുടങ്ങിയവരാണ് ‘ഭരതനാട്യ’ത്തിൽ അഭിനയിക്കുന്നത്.
കൃഷ്ണദാസ് മുരളിയുടെ കഥ വളരെ ഗംഭീരമാണ്. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ ചിത്രം നിർമിക്കാമെന്ന് കരുതിയതും. എന്നെ നായകനായി ചിത്രം ചെയ്തവരിൽ ഭൂരിഭാഗവും പുതുമുഖങ്ങളും അല്ലെങ്കിൽ ഒന്നോ രണ്ടോ ചിത്രങ്ങൾ മാത്രം സംവിധാനം ചെയ്തവരുമായിരുന്നു. ഹിറ്റ് മേക്കർമാരൊന്നും എന്നെ നായകനാക്കി ചിത്രമെടുത്തിട്ടില്ല. ഗുണ്ട ജയനും അന്താക്ഷരിയും ജാനകി ജാനെയും പാപ്പച്ചൻ ഒളിവിലാണും എല്ലാം അങ്ങനെതന്നെയായിരുന്നു. പുതുമുഖ സംവിധായകനാണ് എന്നത് എനിക്ക് ഒരു വിഷയമല്ലായിരുന്നു. അവർ ഇതുവരെ ചെയ്ത ചിത്രങ്ങൾ വിജയിച്ചോ ഇല്ലയോ എന്നതും ഞാൻ പരിഗണിക്കാറില്ല. അവർ പറയുന്ന കഥ എനിക്ക് ഇഷ്ടമായോ എന്നത് മാത്രമാണ് പരിഗണിക്കുക. കൃഷ്ണദാസ് ഒരു ഹ്രസ്വമായ തിരക്കഥയാണ് എനിക്ക് പറഞ്ഞുതന്നത്. അതിൽ യാതൊരു ബോറഡിയുമില്ലായിരുന്നു. നന്നായി ആസ്വദിക്കുകയും ചെയ്തു. ഒരുപക്ഷേ ഞാൻ ഈ ചിത്രത്തിൽ സഹനിർമാതാവ് ആയില്ലെങ്കിലും അഭിനയിച്ചേനെ. അത്രയും ഇത്രപ്പെട്ട വിഷയമാണ് ‘ഭരതനാട്യ’ത്തിന്റേത്.
ഒരു സിനിമ നിർമിക്കണമെന്ന ആഗ്രഹം ഉണ്ടായിരുന്നു. നാലു വർഷം മുമ്പുമുതൽ നിർമാണത്തെ കുറിച്ച് കൂടുതൽ ആലോചിക്കാൻ തുടങ്ങി. നല്ല ഒരു സബ്ജക്ട് വന്നാൽ സിനിമ നിർമിക്കാം എന്ന ഉദ്ദേശ്യത്തോടെ കഴിഞ്ഞവർഷം ഞാനും ഭാര്യ അനുപമയും പാർട്ണർമാരായി സൈജു കുറുപ്പ് എന്റർടെയ്ൻമെന്റ്സ് ആരംഭിച്ചു. സിനിമ നിർമിക്കുന്നതിനു മുമ്പുതന്നെ ഞാൻ തന്നെ നിശ്ചയിച്ചുറപ്പിച്ച നാല് കണ്ടീഷനുകളുണ്ടായിരുന്നു. അത് ഒത്തുവന്നാൽ മാത്രമേ സിനിമ നിർമിക്കൂ എന്നും വിചാരിച്ചിരുന്നു. താങ്ങാൻ കഴിയുന്ന ബജറ്റുള്ള കഥയായിരിക്കണം, എനിക്ക് കാണാനും അഭിനയിക്കാനും ഇഷ്ടപ്പെട്ട കുടുംബ-ഹാസ്യ ചിത്രമായിരിക്കണം എന്നിങ്ങനെയുള്ള നിർബന്ധമുണ്ടായിരുന്നു. കൂടാതെ ഒരു സിനിമ ഒറ്റക്ക് എനിക്കൊരിക്കലും നിർമിക്കാൻ കഴിയില്ല. സിനിമ നിർമിച്ച് പരിചയമുള്ള ഒരു കമ്പനി വേണം. സിനിമയുടെ നിർമാണവുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച് എനിക്ക് അറിയില്ല. അറിയുന്നത് വെറും പത്തോ പതിനഞ്ചോ ശതമാനം മാത്രമാണ്. നിർമാണത്തെക്കുറിച്ച് കേട്ടുകേൾവി മാത്രമേയുള്ളൂ. ഒരു സിനിമയിൽ അഭിനയിക്കാൻ പോകുമ്പോൾ മറ്റൊന്നിനെക്കുറിച്ചും ചിന്തിക്കാറില്ല, പഠിക്കാൻ ശ്രമിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ചിത്രങ്ങൾ നിർമിച്ച് പരിചയമുള്ള ഒരാളായിരിക്കണം എന്നത് എന്റെ നിർബന്ധമായിരുന്നു.
ഞാൻ നിർമിക്കാൻ ഉദ്ദേശിക്കുന്ന സിനിമയുടെ കഥ നിർമാണ പങ്കാളിക്കുകൂടി ഇഷ്ടപ്പെടണം. അവർ ഒരു വ്യക്തിയെന്ന നിലയിലും നിർമാതാവ് എന്ന നിലയിലും നമ്മളോട് ചേർന്നു നിൽക്കുന്ന ഒരാളായിരിക്കണം. എന്നെ അദ്ദേഹത്തിനും ഓകെ ആയിരിക്കണം. ഇതെല്ലാം ഒത്തുവന്ന ഒരു ചിത്രമായിരുന്നു ഭരതനാട്യം. തോമസ് തിരുവല്ല ഫിലിംസിലെ തോമസ് ചേട്ടന് ഭരതനാട്യത്തിന്റെ കഥ ഇഷ്ടപ്പെട്ടു. അദ്ദേഹവുമായുള്ള എന്റെ മൂന്നാമത്തെ ചിത്രമാണിത്. നല്ലപോലെ പരിചയമുള്ള വ്യക്തിയുമാണ്. ഞാൻ മനസ്സിൽ കരുതിയിരുന്നവയെല്ലാം ഒത്തുവന്ന ചിത്രമായിരുന്നു ഭരതനാട്യം. അതോടെ ഭരതനാട്യം നിർമിക്കാൻ ചിന്തിക്കുകയായിരുന്നു.
കഥ കൃത്യമായി കേട്ട് മനസ്സിലാക്കിയ ശേഷമാണ് ഓരോ ചിത്രവും തെരഞ്ഞെടുക്കുക. എല്ലാ കഥയും ആളുകൾക്ക് ഇഷ്ടപ്പെടണമെന്നില്ല. ഒരു കഥ കേൾക്കുമ്പോൾതന്നെ അത് എന്റർടെയ്ൻ ചെയ്യിക്കുന്നുണ്ടെങ്കിൽ, ഇഷ്ടപ്പെടുന്നുണ്ടെങ്കിൽ പ്രേക്ഷകർക്കും ഇഷ്ടപ്പെടും എന്ന വിശ്വാസത്തിലാണ് മുന്നോട്ടുപോകുന്നത്. അതിലാണ് ഓരോ സിനിമയും ചെയ്യുന്നതും. കഥ മാത്രമാണ് മാനദണ്ഡം. കഥ ഇഷ്ടപ്പെട്ടാൽ സിനിമചെയ്യും. അവിടെ മുതിർന്ന സംവിധായകൻ, ഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ, പുതുമുഖ സംവിധായകൻ തുടങ്ങിയ വ്യത്യാസങ്ങളൊന്നും പരിഗണിക്കാറില്ല.
തറവാടി അട്രോസിറ്റി
ചിത്രത്തിന്റെ രണ്ടു പാട്ടുകളുടെ ലിറിക്കൽ വിഡിയോ പുറത്തിറങ്ങി. ചിത്രത്തിലെ കഥാപാത്രങ്ങളെയും അവരുടെ സ്വഭാവവും ഉൾപ്പെടുത്തിയിട്ടുള്ള പാട്ടാണ് ‘തറവാടി അട്രോസിറ്റി’. ഇപ്പോഴും ഞങ്ങളും ഞങ്ങളുടെ കുടുംബവും മറ്റുള്ളവരെക്കാളെല്ലാം മുകളിലാണെന്ന് ചിന്തിക്കുന്ന, ഇന്നത്തെ കാലത്തും പേരുകേട്ട കുടുംബക്കാരാണെന്ന് പറഞ്ഞു നടക്കുന്ന ഒരു കുടുംബത്തിന്റെ കഥ. അതുകൊണ്ടുതന്നെ അവരെ കളിയാക്കുന്ന തരത്തിലുള്ളവയാണ് ഈ തറവാടി അട്രോസിറ്റി പാട്ടും. അജു വർഗീസും ശബരീഷ് വർമയുമാണ് ഈ പാട്ട് പാടിയിരിക്കുന്നത്. ശബരീഷ് വർമ നല്ല പാട്ടുകാരനാണ്. സ്ഥിരമായി പാട്ടുപാടുന്ന ഒരാളെ മനപൂർവം പാടാനായി തിരഞ്ഞെടുത്തതായിരുന്നു. അജു വർഗീസ് അധികം പാട്ടുകളൊന്നും പാടിയിട്ടില്ലല്ലോ. പാട്ടിൽ എന്തെങ്കിലും ചെയ്ഞ്ച് കൊണ്ടുവരാനായി അജുവിനെക്കൊണ്ട് പാടിക്കാമെന്ന് തീരുമാനിക്കുകയായിരുന്നു. അജു വർഗീസ് ഒരു പാട്ടുകാരനല്ല, എന്നാൽ അദ്ദേഹം പാടുമ്പോൾ ഒരു വൈബ് കിട്ടും. ഹൈപിച്ച് നോട്ട്സ് പാടുന്നതെല്ലാം ശബരീഷ് പാടിയതാണ്. വമ്പന്മാരായി വലിയ കൊമ്പത്തേറി... എന്ന് തുടങ്ങുന്ന ഗാനം വൈക്കം വിജയലക്ഷ്മിയാണ് പാടിയിരിക്കുന്നത്. ഒരു സിറ്റുവേഷനൽ പാട്ടാണ്. സിനിമയിൽ വളരെ മനോഹരമായി ആസ്വദിക്കാനും കഴിയും. രണ്ടു പാട്ടുകളുടെയും വരികൾ എഴുതിയിരിക്കുന്നത് മനു മഞ്ജിത്തും ഈണം പകര്‍ന്നിരിക്കുന്നത് സാമുവല്‍ എബിയുമാണ്.
നിർമാണം ഒട്ടും എളുപ്പമുള്ള പണിയല്ല, വളരെ ഉത്തരവാദിത്തമുണ്ട് അതിൽ. തോമസ് തിരുവല്ല ഫിലിംസിനെ പോലെ വളരെക്കാലമായി സിനിമ നിർമിച്ച് പരിചയമുള്ള ഒരു നിർമാണ കമ്പനി പാർട്ണർ ആയതിനാൽ അതെല്ലാം വളരെ നല്ല രീതിയിൽ ചെയ്യാൻ കഴിഞ്ഞു. അതിനാൽ അഭിനയത്തിൽ മാത്രമായിരുന്നു കൂടുതൽ എന്റെ ശ്രദ്ധ. ഇടക്ക് ഞാൻ ഈ സിനിമയുടെ നിർമാതാവുംകൂടിയാണെന്ന് മറന്നുപോകുകയായിരുന്നു. സാധാരണ അഭിനയിക്കുന്ന സിനിമയിൽ പബ്ലിസിറ്റിയും മറ്റുമെല്ലാം അതിനനുസരിച്ച് ഷെഡ്യൂൾ ചെയ്ത് പോകും. എന്നാൽ സ്വന്തമായി ഒരു സിനിമ നിർമിക്കുമ്പോൾ ഓരോ ഏരിയയിലും നമ്മൾ ശ്രദ്ധ കൊടുക്കണം. മറ്റുള്ളവരുമായി ബിസിനസ് മീറ്റിങ്ങുകൾ കൂടുതൽ വേണ്ടിവരും. സിനിമക്ക് പ്രചാരം കൊടുക്കാൻ കഴിയുന്ന എല്ലാ തരത്തിലും നമ്മൾ ചെയ്യണം. അഭിനേതാവ് ആകുമ്പോൾ ഇതൊന്നും അറിയുന്നില്ല. റിലീസിന് മുമ്പ് സിനിമക്ക് പ്രചാരം കൊടുക്കുന്നതിന്റെ ഉത്തരവാദിത്തം മുഴുവൻ നിർമാതാവിനായിരിക്കും. സാമ്പത്തികമായി റിസ്ക് വരുന്നതിനാൽ കൂടുതൽ സമ്മർദവുമുണ്ടാകും.
ഷംസു സൈബയുടെ അഭിലാഷം, ഫെബി ജോർജിന്റെ റിട്ടൺ ആൻഡ് ഡയറക്ടഡ് ബൈ ഗോഡ്, നൗഷാദിന്റെ പൊറാട്ടുനാടകം തുടങ്ങിയവയാണ് റിലീസ് ചെയ്യാനുള്ള ചിത്രങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.