തെന്നിന്ത്യൻ സിനിമാലോകം ഇന്ത്യയിലൊട്ടാകെ രാജവാഴ്ച നടത്തിയ വർഷമായിരുന്നു 2022. ബോളിവുഡിനും അവിടുത്തെ സൂപ്പർതാരങ്ങൾക്കും വമ്പൻ പരാജയങ്ങൾ ഏറ്റുവാങ്ങേണ്ടി വന്ന വർഷമായും ഇത് മാറി. 1000 കോടിയും കടന്ന് ഇന്ത്യൻ ബോക്സോഫീസിനെ പിടിച്ചുകുലുക്കിയ രണ്ട് വമ്പൻ ഹിറ്റുകൾ പിറന്നത് കന്നഡ, തെലുങ്ക് ഇൻഡസ്ട്രികളിൽ.
തമിഴിലും മലയാളത്തിലുമായി മൂന്ന് ലെജൻഡുകൾ ഗംഭീര തിരിച്ചുവരവ് നടത്തി, പ്രേക്ഷകരെ സന്തോഷിപ്പിച്ച വർഷം കൂടിയായി 2022. പൊന്നിയിൻ സെൽവനിലൂടെ മണിരത്നവും വിക്രം എന്ന ചിത്രത്തിലൂടെ കമൽഹാസനും ഭീഷ്മ പർവ്വത്തിലൂടെ മമ്മൂട്ടിയും വീണ്ടും തിയറ്ററുകൾ നിറക്കുകയും ബോക്സോഫീസ് റെക്കോർഡുകളിൽ മുൻപന്തിയിലെത്തുകയും ചെയ്തു.
2023-ലേക്ക് നാം കാലെടുത്തുവെക്കവേ, ഈ വർഷത്തെ ഏറ്റവും വലിയ 10 ബോക്സോഫീസ് ഹിറ്റുകൾ ഏതൊക്കെയെന്ന് നോക്കാം.
ബീസ്റ്റ് - ഇളയതളപതി വിജയ്
130 കോടി ബജറ്റിലെത്തിയ ബീസ്റ്റ്, പ്രേക്ഷകരെ നിരാശപ്പെടുത്തിയെങ്കിലും വിജയ് എന്ന സൂപ്പർസ്റ്റാറിന്റെ താരമൂല്യം കാരണം, ആഗോള ബോക്സോഫീസിൽ നിന്ന് ചിത്രം 217 കോടി രൂപ സ്വന്തമാക്കി. വലിയൊരു വിജയമായി ബീസ്റ്റിനെ കണക്കാക്കാൻ കഴിയില്ലെങ്കിലും, കളക്ഷൻ കണക്കുകളിൽ ചിത്രം പത്താമതാണ്. നെൽസൺ ദിലീപ് കുമാറാണ് ‘ബീസ്റ്റ്’ സംവിധാനം ചെയ്തത്. പൂജ ഹെഗ്ഡെയായിരുന്നു നായിക.
ഭൂൽ ഭുലൈയ്യ 2 - കാർത്തിക് ആര്യൻ
തുടർ പരാജയങ്ങളിൽ തളർന്ന ബോളിവുഡിന് ജീവൻ നൽകിയ ചിത്രമാണ് അനീസ് ബാസമീ സംവിധാനം ചെയ്ത് കാർത്തിക് ആര്യൻ നായകനായ ഭൂൽ ഭുലൈയ്യ 2. അക്ഷയ് കുമാർ കേന്ദ്ര കഥാപാത്രമായി എത്തിയ ഭൂൽ ഭുലൈയ്യ എന്ന ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗം ആഗോള ബോക്സോഫീസില നിന്ന് 267 കോടി രൂപ നേടി. 75 കോടിയായിരുന്നു ചിത്രത്തിന്റെ ബജറ്റ്. തബുവും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തി.
ദൃശ്യം 2 - അജയ് ദേവ്ഗൺ
50 കോടി ബജറ്റിൽ 307 കോടി നേടിയ ദൃശ്യം 2, അജയ് ദേവ്ഗണിന് തന്റെ കരിയറിലെ ഏറ്റവും വലിയ വിജയ ചിത്രങ്ങളിലൊന്നാണ് സമ്മാനിച്ചത്. മോഹൻലാൽ- ജീത്തു ജോസഫ് ടീം ഒ.ടി.ടി റിലീസായി ഇറക്കിയ ദൃശ്യ 2-ന്റെ റീമേക്ക് അജയ് ദേവ്ഗണിനും ബോളിവുഡിനും മികച്ച തിരിച്ചുവരവ് നൽകിയെന്ന് പറയാം. അഭിഷേക് പതകാണ് ചിത്രം സംവിധാനം ചെയ്തത്. തബു ഈ ചിത്രത്തിലും പ്രധാന വേഷത്തിലെത്തി.
ദ കശ്മീർ ഫയൽസ്
വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയ ചിത്രമായിരുന്നു ദ കശ്മീർ ഫയൽസ്. 1990കളിലെ കശ്മീര്‍ പണ്ഡിറ്റുകളുടെ കൂട്ടപലായനത്തെ ആസ്പദമാക്കി സംഘപരിവാർ അനുകൂലിയായ വിവേക് അഗ്നിഹോത്രിയാണ് ചിത്രം സംവിധാനം ചെയ്തത്. 20 കോടി ബജറ്റിൽ ഒരുക്കിയ ഈ ബോളിവുഡ് ചിത്രം 340 കോടിയാണ് ബോക്സോഫീസിൽ നിന്ന് നേടിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷാ ഉള്‍പ്പെടെയുള്ള പ്രമുഖ ബിജെപി നേതാക്കൾ സിനിമയെ വലിയ തോതില്‍ പ്രകീര്‍ത്തിച്ചിരുന്നു. ബിജെപി ഭരിക്കുന്ന മിക്ക സംസ്ഥാനങ്ങളിലും സിനിയ്ക്ക് നികുതി ഇളവ് നല്‍കുകയും ചെയ്തു.
കാന്താര - ഋഷഭ് ഷെട്ടി
ഈ വർഷം ഏറ്റവും കൂടുതൽ ലാഭം നേടിയ ചിത്രമായിരിക്കും കാന്താര. കാരണം, വെറും 16 കോടി മുടക്കി ഹോംബാലെ നിർമിച്ച ചിത്രത്തിന്റെ ആഗോള കലക്ഷൻ 406 കോടി രൂപയാണ്. കന്നഡ ഇൻഡസ്ട്രിയിൽ നിന്ന് ഇന്ത്യൻ സിനിമാ ലോകത്തെ വിറപ്പിച്ച മറ്റൊരു ചിത്രം. ഇന്ത്യയുടെ എല്ലാ ഭാഗങ്ങളിലും ഒരുപോലെ വൻ വിജയം. പ്രത്യേകിച്ച് നോർത്ത്-ഇന്ത്യൻ സർക്കിളുകളിൽ. കർണാടക ബോക്സോഫീസിൽ കെ.ജി.എഫ് 2-നെ വരെ കാന്താര പിന്നിലാക്കി. സംവിധായകനായും കേന്ദ്ര കഥാപാത്രമായും ഋഷഭ് ഷെട്ടിയുടെ ഗംഭീര പ്രകടനം. കേരളത്തിൽ പൃഥ്വിരാജ് പ്രൊഡക്ഷനാണ് ചിത്രം വിതരണം ചെയ്തത്. വലിയ ലാഭം താരത്തിന് കാന്താര നേടിക്കൊടുത്തു.
വിക്രം - കമൽഹാസൻ
140 കോടി മുടക്കി കമൽഹാസൻ നിർമിച്ച് നായകനായ ചിത്രമായിരുന്നു വിക്രം. കമലിന്റെ ഫാൻ ബോയ് ആയ ലോകേഷ് കനകരാജാണ് ചിത്രം സംവിധാനം ചെയ്തത്. ആഗോള ബോക്സോഫീസിൽ 426 കോടി രൂപ വിക്രം വാരിക്കൂട്ടി. ഏറെക്കാലമായി സിനിമയിൽ സജീവമല്ലാത്ത ഉലകനായകന് ഗംഭീരമായ തിരിച്ചുവരവാണ് വിക്രം സമ്മാനിച്ചത്. വെറുമൊരു വിജയമായിരുന്നില്ല, വിക്രം. മറിച്ച്, തമിഴ്നാട്ടിലെ ബോക്സോഫീസിൽ ഏറ്റവും കൂടുതൽ പണംവാരിയ ചിത്രമായി അത് മാറി, ബോക്സോഫീസ് റെക്കോർഡുകളിൽ രജനി-വിജയ്-അജിത് സിനിമകളെ പിന്നിലാക്കാനും കമൽഹാസന് കഴിഞ്ഞു. കേരളത്തിൽ ഏറ്റവും കൂടുതൽ പണംവാരിയ ചിത്രമായും (45 കോടിയിലേറെ) വിക്രം മാറി. ഫഹദ് ഫാസിൽ, വിജയ് സേതുപതി, സൂര്യ എന്നീ നായക നടൻമാരും ചിത്രത്തിൽ വേഷമിട്ടു.
ബ്രഹ്മാസ്ത്ര - രൺബീർ കപൂർ
410 കോടി രൂപ മുടക്കി കരൺ ജോഹറും സംഘവും നിർമിച്ച്, അയൻ മുഖർജി സംവിധാനം ചെയ്ത ബ്രഹ്മാസ്ത്രയിൽ രൺബീർ കപൂർ - ആലിയ ബട്ട് എന്നിവരായിരുന്നു പ്രധാനവേഷങ്ങളിലെത്തിയത്. 430 കോടി രൂപയാണ് ചിത്രത്തിന്റെ ടോട്ടൽ കലക്ഷൻ. ഡിജിറ്റൽ-സാറ്റലൈറ്റ് റേറ്റ്സിലൂടെയും മറ്റും ചിത്രം വൻ പരാജയത്തിലേക്ക് പോകുന്നതിൽ നിന്നും രക്ഷപ്പെട്ടു എന്ന് പറയാം. കലക്ഷൻ കണക്കുകളിൽ ബോളിവുഡിന് ആദ്യ അഞ്ചിൽ ഇടം നേടാൻ കഴിഞ്ഞത് ബ്രഹ്മാസത്രയിലൂടെ മാത്രമാണ്.
പൊന്നിയിൻ സെൽവൻ പാർട്ട് 1 - മണിരത്നം
ഇതിഹാസ ചലച്ചിത്രകാരൻ മണിരത്നം സംവിധാനം ചെയ്ത മൾട്ടി-സ്റ്റാർ എപിക്-ഹിസ്റ്റോറിക്കൽ ആക്ഷൻ ഡ്രാമയാണ് പൊന്നിയിൻ സെൽവൻ പാർട്ട് 1. 1955-ൽ കൽക്കി കൃഷ്ണമൂർത്തിയുടേതായി പുറത്തുവന്ന പൊന്നിയിൻ സെൽവൻ എന്ന നോവലിനെ അടിസ്ഥാനമാക്കിയുള്ള രണ്ട് സിനിമാറ്റിക് ഭാഗങ്ങളിൽ ആദ്യത്തേതാണ് ഇത്. 500 കോടിയാണ് പി.എസ് -1 എന്ന ചിത്രത്തിന്റെ ആഗോള കലക്ഷൻ.
250 കോടിയോളം മുടക്കി മണിരത്നം, സുബാസ്കരൻ, സുഹാസിനി മണിരത്നം എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്. പൊന്നിയിൻ സെൽവൻ രണ്ടാം ഭാഗം 2023-ൽ എത്തിയേക്കും. രണ്ട് പാർട്ടുകളുടെയും ചിത്രീകരണം ഒരുമിച്ച് പൂർത്തിയാക്കാൻ മണിരത്നത്തിനും സംഘത്തിനും കഴിഞ്ഞിരുന്നു. അതുകൊണ്ട് തന്നെ പി.എസ് 2 എന്ന ചിത്രം നിർമാതാവ് എന്ന നിലയിൽ മണിരത്നത്തിന് വമ്പൻ ലാഭമാണ് സമ്മാനിക്കാൻ പോകുന്നത്.
തമിഴ്നാട്ടിൽ വിക്രം എന്ന ചിത്രത്തിന്റെ ആകെ കലക്ഷനെ പിന്നിലാക്കി ഒന്നാമതാകാൻ മണിരത്നം ചിത്രത്തിന് കഴിഞ്ഞു. ചിയാൻ വിക്രം, കാർത്തി, ഐശ്വര്യ റായ്, തൃഷ, ജയറാം, ജയം രവി, പ്രകാശ് രാജ്, ശരത് കുമാർ, പാർഥിപൻ, തുടങ്ങി വലിയ താരനിരയായിരുന്നു ചിത്രത്തിൽ.
ആർ.ആർ.ആർ - എസ്.എസ് രാജമൗലി
ബാഹുബലിയുടെ ബ്രഹ്മാണ്ഡ വിജയത്തിന് ശേഷം എസ്.എസ്.രാജമൗലി സംവിധാനം ചെയ്ത തെലുങ്ക് ചിത്രം 550 കോടി മുതൽമുടക്കിൽ ഡി.വി.വി ദാനയ്യയാണ് നിർമിച്ചത്. 1,224 കോടി രൂപയാണ് ചിത്രത്തിന്റെ ആഗോള കലക്ഷൻ. ഏറെക്കാലത്തിന് ശേഷം ഒരു ഇന്ത്യൻ ചിത്രം വിദേശ രാജ്യങ്ങളിൽ (പ്രത്യേകിച്ച് അമേരിക്കയിലും ജപ്പാനിലും) വലിയ വിജയമാകുന്നത് ആർ.ആർ.ആറിലൂടെയാണ്. ജൂനിയർ എൻ.ടി.ആറും രാം ചരൺ തേജയുമാണ് കേന്ദ്ര കഥാപാത്രങ്ങളായത്. അജയ് ദേവ്ഗണും ആലിയ ബട്ടും പ്രധാന വേഷങ്ങളിലെത്തി.
കെ.ജി.എഫ് ചാപ്റ്റർ 2 - യഷ്
കെ.ജി.എഫ് ചാപ്റ്റർ 1 (2018) എന്ന ചിത്രത്തിന്റെ വൻ വിജയത്തിന് ശേഷം സംവിധായകൻ പ്രശാന്ത് നീലും നായകൻ യഷും കന്നഡയിൽ നിന്ന് ഇന്ത്യക്ക് സമ്മാനിച്ച ബ്രഹ്മാണ്ഡ ചിത്രമാണ് കെ.ജി.എഫ് ചാപ്റ്റർ 2. 100 കോടി മുടക്കി ഹോംബാലെ ഫിലിംസ് നിർമിച്ച ചിത്രം 1,250 കോടിയാണ് വാരിക്കൂട്ടിയത്. 2022-ലെ നമ്പർ വൺ ബോക്സോഫീസ് ഹിറ്റും യഷ് ചിത്രമാണ്. ഇന്ത്യൻ സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ലാഭം നേടിയ ചിത്രങ്ങളിൽ മുൻപന്തിയിലാകും കെ.ജി.എഫ് ചാപ്റ്റർ 2-ന്റെ സ്ഥാനം. കണക്കുകളിലും ക്വാളിറ്റിയിലും രാജ്യത്ത് ഏറ്റവും താഴെയായിരുന്ന ഒരു ഇൻഡസ്ട്രിയെ 2022 ഏറ്റവും മുകളിലെത്തിച്ചു. കേരളത്തിൽ നിന്ന് 78 കോടി രൂപയോളമാണ് ചിത്രം നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.