തെലുഗു സംവിധായകൻ എസ്.എസ്. രാജമൗലിയുടെ വിവാദ പ്രസ്താവന വീണ്ടും ചർച്ചയാകുന്നു. 2009 ല്‍ ഇറങ്ങിയ പ്രഭാസിന്‍റെ ബില്ല എന്ന ചിത്രത്തിന്‍റെ ഓഡിയോ റിലീസിനിടെയാണ് രാജമൗലി വിവാദമായ പരാമര്‍ശം നടത്തിയത്. രാജമൗലി സംവിധാനം ചെയ്ത ആർ.ആർ.ആർ ഗോള്‍ഡന്‍ ഗ്ലോബ് നേടിയതിനുപിന്നാലെയാണ് പഴയ പരാമർശങ്ങൾ വീണ്ടും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. തന്റെ വാക്കുകൾക്ക് വിശദീകരണവുമായി സംവിധായകൻ തന്നെ രംഗത്തുവരികയും ചെയ്തിട്ടുണ്ട്.
ബാഹുബലി ഹിറ്റായ സമയത്ത് രാജമൗലിയുടെ പഴയ വിഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ഇതിന്‍റെ പേരില്‍ അന്ന് സോഷ്യല്‍ മീഡിയയില്‍ ഫാന്‍ ഫൈറ്റും ഉണ്ടായിരുന്നു.
‘ദൂം 2 ഹിന്ദിയിൽ റിലീസ് ചെയ്തപ്പോൾ എനിക്ക് വിഷമം തോന്നിയിരുന്നു. എന്തുകൊണ്ടാണ് ബോളിവുഡിന്റെ നിലവാരമുള്ള സിനിമ നമ്മുക്ക് ലഭിക്കാത്തതെന്നോർത്തായിരുന്നു സങ്കടം. എന്തുകൊണ്ട് ഹൃത്വിക് റോഷനെപ്പോലുള്ള നായകന്മാർ ഇല്ല എന്നതിലും എനിക്ക് സങ്കടമുണ്ടായിരുന്നു. എന്നാൽ ബില്ലയുടെ പാട്ടുകളും പോസ്റ്ററുകളും ട്രെയിലറുകളും കണ്ടപ്പോൾ പ്രഭാസിന് മുന്നിൽ ഹൃത്വിക് ഒന്നുമല്ലെന്ന് എനിക്ക് മനസിലായി. തെലുഗു സിനിമ ബോളിവുഡിനേക്കാൾ മികച്ച ഹോളിവുഡിന് തുല്യമായ ചിത്രങ്ങൾ നിർമ്മിക്കുന്നു’- രാജമൗലി പഴയ വിഡിയോയില്‍ പറയുന്നു.
അടുത്തകാലത്ത് വീണ്ടും ഈ വീഡിയോ ചര്‍ച്ചകളില്‍ നിറഞ്ഞിരുന്നു. ഇതിന് പിന്നാലെ ന്യൂയോര്‍ക്കില്‍ വച്ച് ഈ വീഡിയോ സംബന്ധിച്ച് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് രാജമൗലി പ്രതികരിച്ചു.
ന്യൂയോർക്ക് ഫിലിം ക്രിട്ടിക്‌സ് സർക്കിൾ അവാർഡിന്‍റെ റെഡ് കാര്‍പ്പറ്റില്‍ പഴയ വീഡിയോ സംബന്ധിച്ച് രാജമൗലി പറഞ്ഞത് ഇതാണ്. 'പരാമര്‍ശം വളരെ മുമ്പുള്ളതാണ്. ഏകദേശം 15– 16 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ളത്. അന്ന് ഞാന്‍ തിരഞ്ഞെടുത്ത എന്റെ വാക്കുകള്‍ നല്ലതായിരുന്നില്ല. അത് ഞാന്‍ സമ്മതിക്കുന്നു. ഒരിക്കലും ഹൃത്വിക്കിനെ താഴ്ത്താന്‍ ഉദ്ദേശിച്ചിരുന്നില്ല. അദ്ദേഹത്തെ ഞാന്‍ വളരെ അധികം ബഹുമാനിക്കുന്നു’-രാജമൗലി കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.