ദുബൈ: മലയാള സിനിമയിൽ മികച്ച ഉള്ളടക്കമുള്ള സിനിമകളുടെ ദാരിദ്രമില്ലെന്ന് നടൻ ടൊവീനോ തോമസ്. 'തല്ലുമാല' സിനിമയുടെ റിലീസിന് മുന്നോടിയായി ദുബൈയിൽ വിളിച്ചുചേർത്ത പത്ര സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തും ലോകതലത്തിലും മലയാള സിനിമ ശ്രദ്ധിക്കപ്പെട്ടത് ഉള്ളടക്കത്തിന്‍റെ ശക്തി കൊണ്ടാണ്. ഇപ്പോഴും നല്ല സിനിമകൾ ഇറങ്ങുന്നുണ്ട്. എന്നാൽ ചിലത് മാത്രമാണ് സാമ്പത്തിക വിജയം നേടുന്നുള്ളൂ. കോവിഡ് കാലത്തിന് ശേഷം പ്രേക്ഷകരെ തിയേറ്ററുകളിലേക്ക് തിരിച്ചെത്തിക്കാൻ സഹായിക്കുന്ന നല്ല സിനിമകൾ തീർച്ചയായും വരും -ടൊവീനോ പറഞ്ഞു.
എല്ലാ തരത്തിലുള്ള പ്രേക്ഷകർക്കും യോജിച്ച സിനിമയാണ് 'തല്ലുമാല'യെന്നും തിയേറ്ററുകളിൽ വലിയ വിജയം നേടാൻ ഇതിന് കഴിയുമെന്നും പ്രതീക്ഷിക്കുന്നതായി നടി കല്ല്യാണി പ്രിയദർശൻ പറഞ്ഞു. രസകരമായ സിനിമാ അനുഭവം പ്രേക്ഷകർക്ക് സമ്മാനിക്കാൻ 'തല്ലുമാല'ക്ക് സാധിക്കുമെന്ന് തിരക്കഥാകൃത്ത് മുഹ്സിൻ പരാരി പറഞ്ഞു. കഥ സംഭവിക്കുന്ന പ്രദേശത്തിന്‍റെ സാംസ്കാരികമായ ഘടകങ്ങൾ കൂടി ഉൾപ്പെട്ടാണ് സിനിമ രൂപപ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫെസ്റ്റിവൽ സിറ്റി മാളിൽ സിനിമ പ്രമോഷന്‍റെ ഭാഗമായി ലേസർ ഷോയും സംഘടിപ്പിച്ചു. നടൻ ഷൈൻ ടോം, നിർമാതാവ് ആഷിഖ് റഹ്മാൻ എന്നിവരും പത്ര സമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.