കണ്ണൂര്‍ സ്‍ക്വാഡിന്റെ ഇതുവരെയുള്ള കലക്ഷൻ റിപ്പോര്‍ട്ട് പുറത്ത്

അടുത്തിടെ ഇറങ്ങിയ മലയാള ചിത്രങ്ങളിൽ മികച്ച വിജയമാണ് മമ്മൂട്ടി നായകനായ കണ്ണൂര്‍ സ്‍ക്വാഡ് നേടിയത്. ഹൈപ്പില്ലാതെ എത്തിയിട്ടും ചിത്രം നിരവധി കലക്ഷൻ റെക്കോര്‍ഡുകള്‍ തിരുത്തുകയും ചെയ്‍തു. ചിത്രത്തിന്‍റെ നാലാഴ്‍ചത്തെ കലക്ഷൻ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാർ.

സിനിമ ആഗോളതലത്തില്‍ ഇതുവരെ 82.95 കോടി രൂപയാണ് ആകെ നേടിയത്. ഒക്ടോബര്‍ 17ന് സിനിമ ആകെ 75 കോടി രൂപ നേടിയെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു. അതിനുശേഷമാണ്​ എട്ട്​ കോടിയോളം സ്വന്തമാക്കിയത്​. നാലാമാഴ്‍ചയിലും കണ്ണൂര്‍ സ്‍ക്വാഡിന് മോശമല്ലാത്ത കലക്ഷൻ നേടാനായി എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്​.

സെപ്റ്റംബർ 28 ന് റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് തുടക്കംമുതൽ ലഭിച്ചത്. റിലീസ്​ ചെയ്ത്​ ആദ്യ ദിവസം 2.4 കോടിയാണ് കേരളത്തിൽ നിന്ന് ചിത്രം നേടിയത്. ഏകദേശം ആറ് കോടി രൂപയായിരുന്നു ചിത്രത്തിന്റെ ഒന്നാം ദിവസത്തെ വേൾഡ് വൈഡ് കലക്ഷൻ.

ഗ്രേറ്റ്ഫാദർ, വെള്ളം, ജോൺ ലൂഥർ തുടങ്ങിയ സിനിമകളുടെ ഛായാഗ്രാഹകനായ റോബി വർഗീസ് രാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ‘കണ്ണൂര്‍ സ്ക്വാഡ്’. സംവിധായകന്റെ സഹോദരനും നടനുമായ റോണി ഡേവിഡ് രാജും മുഹമ്മദ് ഷാഫിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. ചിത്രത്തിൽ റോണി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുമുണ്ട്. മമ്മൂട്ടി കമ്പനിയാണ് സിനിമ നിർമിച്ചത്​. ദുൽഖർ സൽമാന്റെ വേഫെറര്‍ ഫിലിംസാണ് സിനിമ തിയറ്ററുകളിൽ എത്തിച്ചത്.

മമ്മൂട്ടി ജോര്‍ജ് മാര്‍ട്ടിൻ എന്ന കഥാപാത്രമായി വിസ്‍മയിപ്പിക്കുമ്പോള്‍ കണ്ണൂര്‍ സ്‍ക്വാഡില്‍ കിഷോർ കുമാർ, വിജയരാഘവൻ, അസീസ് നെടുമങ്ങാട്, ശബരീഷ്, റോണി ഡേവിഡ്, മനോജ് കെ യു, അർജുൻ രാധാകൃഷ്‌ണൻ, ദീപക് പറമ്പോല്‍, ധ്രുവൻ, ഷെബിൻ ബെൻസൺ, ശ്രീകുമാർ തുടങ്ങി നിരവധി താരങ്ങളും പ്രധാന വേഷങ്ങളിലുണ്ട്.

Tags:    
News Summary - The collection report of the Kannur squad so far is out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.