ഹേമ കമീഷൻ വിലക്കിയ വിവരവും പുറത്തുവിട്ട് സർക്കാർ

തിരുവനന്തപുരം: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിൽ സംസ്ഥാന വിവരാവകാശ കമീഷന്‍ വിലക്കിയ വിവരം സംസ്ഥാന പബ്ലിക് ഇൻഫർമേഷൻ ഓഫിസർ പുറത്തുവിട്ടത് സർക്കാറിനെയും മലയാള സിനിമ മേഖലയെയും വെട്ടിലാക്കി. ജൂലൈ അഞ്ചിലെ ഉത്തരവില്‍ റിപ്പോർട്ട് അപേക്ഷകർക്ക് നൽകുമ്പോൾ പേജ് 49ലെ 96-ാം ഖണ്ഡിക, ഒഴിവാക്കണമെന്ന് വിവരാവകാശ കമീഷണര്‍ ഡോ.എ. അബ്ദുല്‍ ഹക്കിം ഉത്തരവില്‍ പറഞ്ഞിരുന്നു.

എന്നാല്‍, പുറത്തുവന്ന റിപ്പോര്‍ട്ടില്‍ 96-ാം ഖണ്ഡികയുണ്ട്. സിനിമ വ്യവസായത്തിലെ അതിപ്രശസ്തരില്‍നിന്നുവരെ സ്തീകള്‍ക്ക് ലൈംഗികാതിക്രമം നേരിടേണ്ടിവന്നുവെന്ന് തങ്ങള്‍ക്ക് ലഭിച്ച വിവരങ്ങളില്‍നിന്ന് മനസ്സിലാക്കുന്നുവെന്നാണ് ആ ഖണ്ഡികയില്‍ ഹേമ കമ്മിറ്റി പറയുന്നത്. ഇവരുടെ പേരുകൾ കമ്മിറ്റിക്ക് മുന്നിലുള്ളതായി റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, ഇതിന് ശേഷമുള്ള അഞ്ച് പേജുകളാണ് അപേക്ഷകരെപ്പോലും അറിയിക്കാതെ എസ്.പി.ഐ.ഒ ഒഴിവാക്കിയത്.

ഇതിനുപുറമെ റിപ്പോർട്ടിൽ മറ്റൊരു അബദ്ധവും സർക്കാറിന് പറ്റി. സ്വകാര്യ വിവരങ്ങളുള്ളതിനാൽ 118 മുതൽ 162 വരെയുള്ള ഖണ്ഡികകൾ നൽകാൻ കഴിയില്ലെന്നാണ് അപേക്ഷകരെ സാംസ്കാരിക വകുപ്പ് അറിയിച്ചത്. എന്നാൽ, അപേക്ഷകർക്ക് നൽകിയ റിപ്പോർട്ടിൽ 147ാം ഖണ്ഡിക ഉൾപ്പെട്ടു. വ്യക്തിഗത വിവരങ്ങളില്ലെങ്കിലും ഗുരുതര നിരീക്ഷണങ്ങളാണ് ഈ ഭാഗത്ത് കമ്മിറ്റി നടത്തിയത്. ശാരീരികമായി ഉപദ്രവിച്ച നടനുമായി പ്രമുഖ നടിക്ക് തൊട്ടടുത്ത ദിവസം ഭാര്യ ഭർതൃരീതിയിൽ കെട്ടിപ്പിടിച്ച് അഭിനയിക്കേണ്ടിവന്നെന്നും എന്നാൽ നടനോടുള്ള വെറുപ്പുകാരണം 17 റീടേക്കുകളാണ് എടുക്കേണ്ടിവന്നതെന്നും ഇതോടെ സംവിധായകൻ നടിയോട് ദേഷ്യപ്പെട്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

പ്രശസ്തിക്കും പണത്തിനും വേണ്ടിയാണ് സ്ത്രീകൾ സിനിമയിലേക്ക് വരുന്നതെന്നും, സിനിമയിൽ അവസരം ലഭിക്കാൻ അവർ ഏത് പുരുഷനോടൊപ്പവും കിടക്ക പങ്കിടുമെന്നാണ് പൊതുവെയുള്ള ധാരണയെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടി. കലയോടും അഭിനയത്തോടുമുള്ള അഭിനിവേശം കൊണ്ടാണ് ഒരു സ്ത്രീ സിനിമയിലേക്ക് വരുന്നതെന്ന് സിനിമയിലെ ഒരുവിഭാഗം പുരുഷന്മാർക്ക് ചിന്തിക്കാൻപോലും കഴിയുന്നില്ലെന്നും 147ാം ഖണ്ഡികയിൽ പറയുന്നു.

Tags:    
News Summary - The government also released the information prohibited by the Hema Commission

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.