തൃശൂർ: 'സുരറൈ പോട്ര്' എന്ന തമിഴ് സിനിമയിൽ ബൊമ്മിയെ അവതരിപ്പിച്ചപ്പോൾ ഭാഷാപരമായ വെല്ലുവിളി നേരിടേണ്ടിവന്നെന്ന് മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര അവാർഡ് നേടിയ അപർണ ബാലമുരളി. തമിഴ് ശൈലി പഠിക്കാനും സാഹചര്യങ്ങളുമായി ഇടപഴകാനും ഒരു വർഷത്തെ പരിശ്രമമുണ്ടായെന്ന് തൃശൂർ പ്രസ് ക്ലബിന്‍റെ 'മീറ്റ് ദി പ്രസി'ൽ അപർണ പറഞ്ഞു.
വ്യത്യസ്തതയുള്ള കഥാപാത്രങ്ങൾക്കായി ഇനിയും കാത്തിരിക്കുകയാണ്. ഒരേ കാലഘട്ടത്തിലുള്ള നടീനടന്മാർക്ക് പ്രതിഫല കാര്യത്തിലുള്ള അന്തരം ശരിയല്ല. അതിനോടു യോജിക്കുന്നില്ല. പ്രവൃത്തികൾ ഒരുപോലെ പരിഗണിക്കണം. അതിൽ ലിംഗവിവേചനം വേണ്ട. എന്നാൽ സിനിമകളിൽ സീനിയർ താരങ്ങൾക്ക് പ്രതിഫലം കൂടുതൽ നൽകുന്നതിൽ തെറ്റില്ലെന്ന് ചോദ്യത്തോടു പ്രതികരിച്ചു.
നഞ്ചിയമ്മക്ക് ഗായികക്കുള്ള അവാർഡ് നൽകിയതിൽ തെറ്റില്ല. അവർ മനസ്സിൽ തൊട്ടാണ് ആ പാട്ടു പാടിയത്. ശബ്ദം അത്രയ്ക്കു പ്രത്യേകതയുള്ളതായിരുന്നു. സാധാരണക്കാർക്ക് അങ്ങനെ പാടാനാകില്ല. അവാർഡ് കിട്ടുമെന്നു പലരും പറഞ്ഞിരുന്നു. സംവിധായിക സുധ കൊങ്കാര പ്രസാദിന് അത്ര വിശ്വാസമുണ്ടായിരുന്നു. അതു ചിലപ്പോഴൊക്കെ തന്നെ ടെൻഷനടിപ്പിച്ചു. ഒരുപക്ഷേ ഈ നേട്ടത്തിൽ അവരായിരിക്കും ഏറെ സന്തോഷിച്ചിട്ടുണ്ടാകുക. സിനിമയിൽ ഇപ്പോൾ നായികമാർക്കും നല്ല പ്രാധാന്യം ലഭിക്കുന്നുണ്ട്.
നടിമാരിൽ ചിലർ മോശം അനുഭവം നേരിട്ടതിനെ കുറിച്ചു പറയുന്നതു കേട്ടപ്പോൾ വിഷമം തോന്നി. തനിക്ക് അത്തരമൊരു അനുഭവമുണ്ടായിട്ടില്ല. ലിംഗവിവേചനം ഏതൊരു രംഗത്തുമുണ്ട്. അതു പെട്ടെന്ന് മാറില്ല. സിനിമാ സെറ്റിൽ നല്ല സഹകരണമാണ് ലഭിച്ചിട്ടുള്ളത്. അതുകൊണ്ട് എല്ലാം നല്ല നിലയിലാണെന്നു പറയാനാകില്ല. ഇതിനാൽ വനിതാകൂട്ടായ്മകൾക്കു പ്രാധാന്യമുണ്ട്.
വിവാഹം കഴിഞ്ഞാലുടനെ അഭിനയം നിർത്തുക, പിന്നീട് തിരിച്ചുവരുക എന്ന രീതിയോടു യോജിക്കുന്നില്ല. മലയാളത്തിൽ അഭിനയിച്ചതിനാലാണ് തമിഴിൽ അവസരം ലഭിച്ചത്. അതിനാൽ അവാർഡ് ലഭിച്ചതിൽ മലയാളത്തിനോടും കടപ്പാടുണ്ടെന്നും അപർണ ബാലമുരളി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.