ഈ ചിത്രങ്ങൾ പറയും ആരും 'കേൾക്കാത്ത' കഥ

ചിത്രങ്ങൾ കഥ പറയുന്നത് കണ്ടവരുണ്ടോ? സംസാരിക്കുന്ന ചിത്രങ്ങളെന്നു പലരും പറഞ്ഞുകേട്ടിട്ടുണ്ടാകും. പക്ഷേ, കഥപറയുന്ന ചിത്രങ്ങളെ കുറിച്ച് ആരും കേട്ടുകാണാൻ വഴിയില്ല. എന്നാൽ, ചില ചിത്രങ്ങൾ കഥ പറയും. എല്ലാ ഫോട്ടോഗ്രാഫർമാരും 'സൗന്ദര്യ'മുള്ള മുഖങ്ങൾക്കുപിന്നാലെ മാത്രം ഓടിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് പല വിധത്തിലും വേട്ടയാടപ്പെട്ടവരുടെ കഥകൾ തന്റെ കാമറക്കണ്ണിലൂടെ പകർത്തുകയാണ് തിരുവനന്തപുരത്ത് ഐ.ടി പ്രഫഷനലായി ജോലി ചെയ്യുന്ന അരുൺ രാജ് ആർ. നായർ.

അരുൺ രാജ് ആർ.നായർ

ഫാഷൻ ഫോട്ടോഗ്രഫിയിലൂടെയാണ് തുടക്കം. എല്ലാവരും ചെയ്യുന്നതിൽനിന്ന് വ്യത്യസ്തമായി തനിക്കെന്തെങ്കിലും ചെയ്യണമെന്ന് തീരുമാനിച്ചപ്പോൾ പിന്നീട് കൺസപ്റ്റ് ഫോട്ടോഗ്രഫിയിലേക്ക് തിരിയുകയായിരുന്നു. അധികം ആളുകളൊന്നും പരീക്ഷിച്ചുനോക്കാൻ തയാറാകാത്ത കൺസപ്റ്റ് ഫോട്ടോഗ്രഫിയെ അനായാസം തന്നെ അരുൺ വശത്താക്കി. പലരും തുറന്നുപറയാൻ മടിച്ച പല വിഷയങ്ങളും അരുണിന്റെ കാമറയിലൂടെ കഥകളാകാൻ തുടങ്ങി. തന്‍റെ ചിത്രങ്ങളിലൂടെ സമൂഹത്തിൽ അവബോധം സൃഷ്ടിക്കണമെന്നാഗ്രഹിച്ചപ്പോൾ വളരെ പെട്ടെന്നുതന്നെ സമൂഹമാധ്യമങ്ങൾ അതേറ്റെടുത്തു.

അരുൺ ചിത്രങ്ങളിലൂടെ പറഞ്ഞ ഓരോ കഥകളും ശബ്ദമില്ലാത്തവരുടെ ശബ്ദമായി മാറി സമൂഹത്തിനുനേരെ വിരൽചൂണ്ടിക്കൊണ്ടേയിരുന്നു. ഫ്രാങ്കോ മുളയ്ക്കൽ, വാളയാർ പെൺകുട്ടികൾ തുടങ്ങി നീതി നിഷേധിക്കപ്പെട്ട പല സംഭവങ്ങളും അരുണിന്റെ കാമറക്കണ്ണുകൾ ഒപ്പിയെടുത്തു. തൊട്ടാൽ പൊള്ളുമെന്നുറപ്പുള്ളതുതന്നെയായിരുന്നു അരുണിന്‍റെ എല്ലാ ഫ്രെയ്മുകളും. ലോകത്ത് എല്ലാത്തിനോടും പ്രതികരിക്കുന്നവർ എന്തുകൊണ്ടായിരിക്കും ചില സംഭവങ്ങൾക്കുമുന്നിൽ മാത്രം വാ തുറക്കാത്തത്‍? ഈ ചോദ്യമാണ് അരുൺ പകർത്തിയ ഓരോ കഥകൾക്കുപിന്നിലുമുള്ള പ്രചോദനം.


സമൂഹത്തിൽ ഏറ്റവും കൂടുതൽ മാനസികമായും ശാരീരികമായും ആക്രമിക്കപ്പെടുന്നത് സ്ത്രീയാണെന്ന ധാരണയുള്ളതിനാൽ സ്ത്രീപക്ഷപരമായ വിഷയങ്ങൾക്കാണ് അരുൺ കൂടുതൽ മുൻ‌തൂക്കം നൽകിയത്. 'നീ വെറും പെണ്ണാണെ'ന്ന തരത്തിലുള്ള സമൂഹത്തിന്റെ പുച്ഛം നിറഞ്ഞ നോട്ടത്തിനുമുന്നിൽ അവസരത്തിനനുസരിച്ച് ഉയരാൻ സാധിക്കുന്നവൾ തന്നെയാണ് സ്ത്രീയെന്ന് വനിത ദിനത്തിൽ പുറത്തിറക്കിയ 'അവളെപ്പോലെ അവൾ മാത്രം' എന്ന ചിത്രങ്ങളിലൂടെ വിളിച്ചുപറഞ്ഞു.


മാസാമാസം അവൾ കടന്നുപോകുന്ന വേദനകളെ എണ്ണി തിട്ടപ്പെടുത്തിയല്ല സ്ത്രീകൾക്ക് ലഭിക്കേണ്ട ബഹുമാനം നേടിക്കൊടുക്കേണ്ടതെന്ന ഉത്തമ ബോധം അരുണിനുണ്ടായിരുന്നു. മറ്റാരെയുംപോലെ അവളും മാനസികമായും ശാരീരികമായും പവർഫുളാണെന്ന് തന്റെ ചിത്രങ്ങളിലൂടെ പറയാൻ അരുൺ ശ്രമിക്കുന്നു. അങ്ങനെ അരുണിന്റെ ചിത്രങ്ങൾ കഥ പറഞ്ഞുതുടങ്ങി. അമ്മക്കുവേണ്ടി, സഹോദരിക്കുവേണ്ടി, മകൾക്കുവേണ്ടി.



സ്ത്രീയെ വർണിച്ചുകൊണ്ട് പല കവികളും കാവ്യമനോഹരമായ വരികൾ സൃഷ്ടിക്കുന്നു. പക്ഷേ, അവൾക്കുവേണ്ടി സമയോചിതമായി ശബ്ദമുയർത്താൻ എല്ലാവരും ഭയക്കുന്നു. ഇരക്ക് നൽകേണ്ട പിന്തുണ സമൂഹമാധ്യമങ്ങളിലെ 'അവൾക്കൊപ്പം' എന്ന ഹാഷ്ടാഗിൽ മാത്രം ഒതുങ്ങിനിൽക്കുമ്പോൾ പ്രതിഷേധങ്ങൾക്കും നിലപാടുകൾക്കും വെറും കടലാസ് കഷണത്തിന്റെ വില മാത്രമുള്ള ഈ കാലത്ത് അരുണിന്റെ ചിത്രങ്ങൾ ശബ്ദമില്ലാത്തവരുടെ ശബ്ദമായി ഇനിയും സംസാരിക്കുകതന്നെ ചെയ്യും.




Tags:    
News Summary - These films tell a story that no one 'hears'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.