നടൻ വിജയിയുടെ വിവാഹമോചനം വാർത്തകളിൽ നിറയുകയാണ്. ഏറ്റവും പുതിയ ചിത്രമായ വാരിസിന്റെ ഓഡിയോ ലോഞ്ചിൽ ഭാര്യ സംഗീത എത്തിയിരുന്നില്ല. താരപത്നിയുടെ അഭാവം സോഷ്യൽ മിഡിയയിൽ വലിയ ചർച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരും ബന്ധം വേർപിരിയുന്നതായി വാർത്തകൾ പ്രചരിച്ചത്.
കൂടാതെ നടന്റെ വിക്കിപീഡിയ പേജിലും വിവാഹമോചിതനായെന്ന തരത്തിൽ വിവരങ്ങൾ എഡിറ്റ് ചെയ്തിരുന്നു. 1999 ല്‍ വിവാഹിതനായെന്നും 2022 ല്‍ ഡിവോഴ്സ് ആയെന്നുമാണ് കാണിച്ചത്. എന്നാൽ വിക്കിപീഡിയ പേജ് ആർക്കു വേണേമെങ്കിലും എഡിറ്റ് ചെയ്യാൻ സാധിക്കും.
വിവാഹമോചന വാർത്ത സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുമ്പോൾ സംഭവത്തിൽ പ്രതികരിച്ച് നടന്റെ അടുത്ത വൃത്തങ്ങൾ എത്തിയിട്ടുണ്ട്. പ്രചരിക്കുന്ന വാർത്ത വാസ്തവ വിരുദ്ധമാണെന്നും വ്യാജ വാർത്തയുടെ അടിസ്ഥാനം അറിയില്ലെന്നും പിങ്ക് വില്ലയോട് പറഞ്ഞു.
അതേസമയം മക്കൾക്കൊപ്പം വിദേശത്താണ് സംഗീത. അതിനാലാണ് വാരിസിന്റെ ഓഡിയോ ലോഞ്ചിൽ പങ്കെടുക്കാതിരുന്നതെന്നും റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്. കൂടാതെ ഇപ്പോൾ വിക്കിപീഡിയ പേജും പൂർവസ്ഥിതിയിലാക്കിയിട്ടുണ്ട്.
വർഷങ്ങൾ നീണ്ടുനിന്ന പ്രണയത്തിന് ശേഷമാണ് വിജയ് യും സംഗീതയും വിവാഹിതരാവുന്നത്. നടന്റെ കടുത്ത ആരാധികയാണ് സംഗീത. 1999 ആഗസ്റ്റ് 25നായിരുന്നു വിവാഹം. ജെയ്സൺ സഞ്ജയ്, ദിവ്യ സാക്ഷ എന്നിവരാണ് മക്കൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.