'ഇത് ഇമ്മിണി ബല്യ സന്തോഷം', കഥയുടെ സുല്‍ത്താനും ടൊവിനോയ്ക്കും ഒരേ ദിനം പിറന്നാള്‍; ആശംസകളുമായി നീലവെളിച്ചം ടീം

കൊച്ചി: കഥകളുടെ സുല്‍ത്താനായ വൈക്കം മുഹമ്മദ് ബഷീറിന്റെ 115 ാം ജന്മദിനമാണ് ജനുവരി 21. വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രശസ്ത കഥയായ നീലവെളിച്ചം എന്ന കഥയെ അടിസ്ഥാനമാക്കി അതേപേരില്‍ സംവിധായകന്‍ ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ ആത്മകഥാംശമുള്ള എഴുത്തുകാരനായി എത്തുന്ന നടന്‍ ടൊവിനോ തോമസിന്റെ ജന്മദിനം കൂടിയാണ് ജനുവരി 21.

യാദൃശ്ചികമായി ഒത്തുവന്ന ഈ ആപൂര്‍വ്വത ആഘോഷമാക്കുകയാണ് നീലവെളിച്ചത്തിന്റെ അണിയറ പ്രവര്‍ത്തകര്‍. ടൊവിനോയ്ക്കും ബഷീറിനും ജന്മദിനാശംസകള്‍ എന്ന അടികുറിപ്പോടെ സംവിധായകന്‍ ആഷിഖ് അബു ടൊവിനോയുടെ ഒരു വീഡിയോ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു.

നീലവെളിച്ചം എന്ന കഥയെ അടിസ്ഥാനമാക്കി മലയാളത്തിലെ തന്നെ ആദ്യ ഹൊറര്‍ സിനിമയായ ഭാര്‍ഗവീനിലയം റിലീസ് ചെയ്ത് 59 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും നീലവെളിച്ചത്തിന് പുനരാവിഷ്‌ക്കാരം തയ്യാറാവുന്നത്.

ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ റിമ കല്ലിങ്കല്‍, ടൊവിനോ തോമസ്, റോഷന്‍ മാത്യു, ഷൈന്‍ ടോം ചാക്കോ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്

1964-ലായിരുന്നു നീലവെളിച്ചം എന്ന കഥയെ അടിസ്ഥാനമാക്കി വൈക്കം മുഹമ്മദ് ബഷീര്‍ തന്നെ തിരക്കഥ എഴുതി ഭാര്‍ഗ്ഗവീനിലയം എന്ന സിനിമ പുറത്തുവന്നത്. ഏ.വിന്‍സെന്റ് ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്.

മധു, പ്രേംനസീര്‍, വിജയനിര്‍മ്മല, പി.ജെ ആന്റണി എന്നിവര്‍ അവിസ്മരണീയമാക്കിയ കഥാപാത്രങ്ങളെയാണ് യഥാക്രമം ടോവിനോ തോമസ്, റോഷന്‍ മാത്യൂ, റിമ കല്ലിങ്കല്‍, ഷൈന്‍ ടോം ചാക്കോ എന്നിവര്‍ അവതരിപ്പിക്കുന്നത്. മലയാളത്തിന്റെ പ്രിയതാരം കുതിരവട്ടം പപ്പു ആദ്യമായി അഭിനയിച്ച ചിത്രം കൂടിയാണ് ഭാര്‍ഗവിനിലയം. ഭാര്‍ഗവീനിലയത്തിലെ കുതിരവട്ടം പപ്പുവിന്റെ കഥാപാത്രത്തെ നീലവെളിച്ചത്തില്‍ രാജേഷ് മാധവനാണ് അവതരിപ്പിക്കുന്നത്.

ഒ.പി.എം സിനിമാസിന്റെ ബാനറില്‍ ആഷിഖ് അബു, റിമ കല്ലിങ്കല്‍ എന്നിവരാണ് നീലവെളിച്ചം നിര്‍മ്മിക്കുന്നത്. ഋഷികേശ് ഭാസ്‌ക്കരനാണ് ചിത്രത്തിന്റെ അധികതിരക്കഥ എഴുതിയിരിക്കുന്നത്. സജിന്‍ അലി പുലാല്‍ അബ്ബാസ്പുതുപ്പറമ്പില്‍ എന്നിവരാണ് സഹനിര്‍മാതാക്കള്‍.

ചെമ്പന്‍ വിനോദ് ജോസ്, ജെയിംസ് ഏലിയാസ്, ജയരാജ് കോഴിക്കോട്, ഉമാ കെ. പി, അഭിറാം രാധാകൃഷ്ണന്‍, രഞ്ജി കങ്കോല്‍, ജിതിന്‍ പുത്തഞ്ചേരി, നിസ്തര്‍ സേട്ട്, പ്രമോദ് വെളിയനാട്, തസ്നീം, പൂജ മോഹന്‍ രാജ്, ദേവകി ഭാഗി, ഇന്ത്യന്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ഗിരീഷ് ഗംഗാധരന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന നീലവെളിച്ചത്തിന്റെ എഡിറ്റിങ് വി. സാജനാണ്. സംഘട്ടനം സുപ്രീം സുന്ദര്‍, നൃത്ത സംവിധാനം ഡോ. ശ്രീജിത്ത് ഡാന്‍സിറ്റി. പി.ആര്‍.ഒ.- എ.എസ്. ദിനേശ്, ആതിര ദില്‍ജിത്ത്. പരസ്യകല യെല്ലോ ടൂത്ത്.

Tags:    
News Summary - Vaikom Muhammed Basheer b'day special Neelavelicham Movie Poster Out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.