കൊച്ചി: മലയാള സിനിമയില്‍ അമ്മ ഒന്നേയുള്ളൂ. കവിയൂര്‍ പൊന്നമ്മ. പതിറ്റാണ്ടുകള്‍ നീണ്ട അഭിനയസപര്യയില്‍ പകര്‍ന്നാടിയതില്‍ ഭൂരിപക്ഷവും അമ്മ വേഷങ്ങളായിരുന്നു. 1965ല്‍ കുടുംബിനി എന്ന ചിത്രത്തില്‍ രണ്ട് കുട്ടികളുടെ അമ്മയായെത്തിയ പൊന്നി പിന്നീട് അമ്മ വേഷങ്ങളില്‍ നിറഞ്ഞു നിന്നു. വാത്സല്യവും സ്നേഹവും നിറഞ്ഞു തുളുമ്പുന്ന ഈ അമ്മയില്‍ പലരും സ്വന്തം അമ്മയെ കണ്ടു. മലയാള സിനിമയില്‍ ആറു പതിറ്റാണ്ടിനിടെ നായകന്മാര്‍ പലരും മാറി മാറി വന്നെങ്കിലും ഈ പൊന്നമ്മ മാറിയില്ല. പ്രായത്തില്‍ ജ്യേഷ്ഠന്മാരായ സത്യന്‍, നസീര്‍, മധു മുതല്‍ ഇങ്ങ് മോഹന്‍ലാല്‍, മമ്മൂട്ടി, ദിലീപ് വരെ പൊന്നമ്മക്ക് മക്കളായി.
1962 ശ്രീരാമപട്ടാഭിഷേകം എന്ന ചിത്രത്തില്‍ വേഷമിട്ടാണ് സിനിമാരംഗത്തേക്ക് കവിയൂര്‍ പൊന്നമ്മയുടെ ചുവടുവെപ്പ്. രാവണനായി കൊട്ടാരക്കര ശ്രീധരന്‍ നായരെത്തിയപ്പോള്‍ മണ്ഡോദരിയായത് കവിയൂര്‍ പൊന്നമ്മയായിരുന്നു. പിന്നീട് പൊന്നമ്മയെതേടി അമ്മവേഷങ്ങളെത്തി. തൊമ്മന്റെ മക്കള്‍ (1965) എന്ന സിനിമയില്‍ സത്യന്റെയും മധുവിന്റെയും അമ്മയായി വേഷമിട്ടു. തന്നെക്കാള്‍ പ്രായത്തിന് മുതിര്‍ന്ന സത്യന്റെയും മധുവിന്റെയും ഒക്കെ അമ്മയായി അഭിനയിക്കുമ്പോള്‍ വെറും 22 വയസ്സായിരുന്നു അവരുടെ പ്രായം.
തൊമ്മന്റെ മക്കള്‍, ഓടയില്‍നിന്ന്, അന്വേഷിച്ചു കണ്ടെത്തിയില്ല, അസുരവിത്ത്, വെളുത്ത കത്രീന, നദി, ഒതേനന്റെ മകന്‍, ശരശയ്യ, വിത്തുകള്‍, ആഭിജാത്യം, ശ്രീ ഗുരുവായൂരപ്പന്‍, ഏണിപ്പടികള്‍, പൊന്നാപുരം കോട്ട, നിര്‍മാല്യം, നെല്ല്, ദേവി കന്യാകുമാരി, തുലാവര്‍ഷം, സത്യവാന്‍ സാവിത്രി, കൊടിയേറ്റം, ഇതാ ഇവിടെ വരെ, ഈറ്റ, ചാമരം, സുകൃതം, കരിമ്പന, ഓപ്പോള്‍, ഇളക്കങ്ങള്‍, സുഖമോ ദേവി, നഖക്ഷതങ്ങള്‍, അച്ചുവേട്ടന്റെ വീട്, തനിയാവര്‍ത്തനം, മഴവില്‍ക്കാവടി, വന്ദനം, കിരീടം, ദശരഥം, കാട്ടുകുതിര, ഉള്ളടക്കം, സന്ദേശം, ഭരതം, കുടുംബസമേതം, ചെങ്കോല്‍, മായാമയൂരം, വാത്സല്യം, ഹിസ് ഹൈനസ് അബ്ദുള്ള, തേന്‍മാവിന്‍ കൊമ്പത്ത്, അരയന്നങ്ങളുടെ വീട്, കാക്കക്കുയില്‍, വടക്കുന്നാഥന്‍, ബാബാ കല്യാണി, ഇവിടം സ്വര്‍ഗമാണ്, ഒപ്പം തുടങ്ങിയവയാണ് ശ്രദ്ധിക്കപ്പെട്ട മലയാള ചിത്രങ്ങള്‍.
2021ല്‍ പുറത്തിറങ്ങിയ ആണും പെണ്ണും എന്ന സിനിമയിലാണ് അവസാനം അഭിനയിച്ചത്. സത്യാ എന്ന തമിഴ് ചിത്രത്തിലും പ്രിയുരാലു എന്ന തെലുങ്ക് ചിത്രത്തിലും വേഷമിട്ടിട്ടുണ്ട്. 1963 ല്‍ കാട്ടുമൈന എന്ന സിനിമയിലൂടെ ചലച്ചിത്ര പിന്നണി ഗാനരംഗത്ത് അരങ്ങേറ്റം കുറിച്ചു. എട്ടോളം സിനിമകളില്‍ പാട്ടുപിടിയിട്ടുണ്ട്. ഒട്ടേറെ ടെലിവിഷൻ പരമ്പരകളില്‍ വേഷമിട്ടു.
1971,1972, 1973,1994 എന്നീ വര്‍ഷങ്ങളില്‍ ചലച്ചിത്ര രംഗത്തെ ഏറ്റവും നല്ല സഹനടിക്കുള്ള പുരസ്‌കാരങ്ങൾ ലഭിച്ചു. ഭരത് മുരളി പുരസ്‌കാരം, പി.കെ റോസി പുരസ്‌കാരം, കാലരത്‌നം പുരസ്‌കാരം, കേരള സംസ്ഥാന ചലച്ചിത്ര വകുപ്പിന്റെ പ്രത്യേക പുരസ്‌കാരം തുടങ്ങി ഒട്ടേറെ അംഗീകാരങ്ങള്‍ തേടിയെത്തി. സിനിമാ നിര്‍മാതാവായിരുന്ന മണിസ്വാമിയാണ് കവിയൂര്‍ പൊന്നമ്മയുടെ ഭര്‍ത്താവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.