കരിയറിന്റെ തുടക്കത്തിൽ നേരിടേണ്ടി വന്ന വെല്ലുവിളിയെക്കുറിച്ച് ബോളിവുഡ് താരം വിദ്യ ബാലൻ. തുടക്കകാലത്തെ ചിത്രങ്ങൾ പാതിവഴിയിൽ നിന്ന് പോയതോടെ ഭാഗ്യമില്ലാത്ത നടിയെന്ന് മുദ്രകുത്തപ്പെട്ടുവെന്നും പല നിർമാതാക്കളും ചിത്രത്തിൽ നിന്ന് തന്നെ ഒഴിവാക്കിയെന്നും വിദ്യ ബാലൻ ഏറ്റവും പുതിയ അഭിമുഖത്തിൽ പറഞ്ഞു.
'മോഹൻലാൽ നായകനായതുൾപ്പെടെ രണ്ട് മലയാള സിനിമകളുടെ ചിത്രീകരണം മുടങ്ങി പോയി. അങ്ങനെ സിനിമയിൽ ഭാഗ്യമില്ലാത്തയാൾ എന്ന് മുദ്രകുത്തപ്പെട്ടു. അത് എന്നെ ഏറെ വേദനിപ്പിച്ചു. അന്ന് എനിക്ക് സ്വയം ദേഷ്യം തോന്നി. ഈ സിനിമകൾ നിന്നു പോയതോടെ വേറെ രണ്ട് ചിത്രങ്ങളിൽ നിന്ന് അറിയിക്കുകപോലും ചെയ്യാതെ അവർ എന്നെ മാറ്റി.
ഒരു തമിഴ് നിർമാതാവ് എന്നെ കാണാൻ പോലും തയാറായില്ല. എന്റെ ജാതകം പരിശോധിച്ചപ്പോൾ ഭാഗ്യമില്ലെന്ന് കണ്ടതിനാലാണ് സിനിമയിൽ നിന്ന് ഒഴിവാക്കിയത്. ഇതാണ് കാര്യമെന്ന് ഞാൻ പിന്നീടാണ് അറിഞ്ഞത്. അച്ഛനും അമ്മക്കുമൊപ്പം ആ നിർമാതാവിനെ ചെന്നൈയിൽ പോയി കണ്ടു. നായിക ആകാനുള്ള സൗന്ദര്യം എനിക്കില്ലെന്നായിരുന്നു പറഞ്ഞത്. എന്റെ രൂപത്തേക്കുറിച്ചുള്ള കമന്റ് എന്നെ മാനസികമായി തളർത്തി. അന്നത്തെ ആ സംഭവത്തിന് ശേഷം ഏകദേശം ആറുമാസത്തോളം കണ്ണാടിയില്‍ നോക്കാൻ പോലും ധൈര്യമുണ്ടായില്ല. മൂന്നുവർഷത്തോളം ജീവിതത്തിലെ പ്രതിസന്ധി തുടർന്നു. ആ സമയത്ത് സിനിമ ഉപേക്ഷിക്കുന്നതിനെക്കുറിച്ചുവരെ ചിന്തിച്ചു. പക്ഷെ ലക്ഷ്യം കാണാനുള്ള തീവ്രമായ ആഗ്രഹം എല്ലാത്തിനേയും മറികടക്കാൻ സഹായിച്ചു'- വിദ്യാ ബാലൻ പറഞ്ഞു
ലോഹിതദാസിന്റെ തിരക്കഥയിൽ കമൽ സംവിധാനം ചെയ്ത് മോഹൻലാൽ നായകനായ ചക്രം ആയിരുന്നു വിദ്യയുടെ ആദ്യ ചിത്രമായി ഇറങ്ങേണ്ടിയിരുന്നത്. എന്നാൽ ഷൂട്ടിങ് തുടങ്ങിയെങ്കിലും ഈ ചിത്രം പാതിവഴിയിൽ ഉപേക്ഷിച്ചു.
ദോ ഓർ ദോ പ്യാർ ആണ് ഉടൻ തിയറ്ററുകളിലെത്തുന്ന വിദ്യ ബാലന്റെ ചിത്രം. കാർത്തിക് ആര്യൻ നായകനാവുന്ന ഭൂൽ ഭൂലയ്യയിൽ വിദ്യ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.