അബൂദബി: വിളയില്‍ ഫസീലയുടെ വേര്‍പാടിലൂടെ, വ്യക്തിപരമായി നഷ്ടമായത് ജ്യേഷ്ഠസഹോദരിയെ ആണെന്ന് മാപ്പിളപ്പാട്ട് ഗായിക മുക്കം സാജിദ. 1980-81 കാലം, എട്ടാം വയസ്സു മുതല്‍ മരിക്കുവോളം വേദികളില്‍നിന്ന് വേദികളിലേക്ക് തന്നെ ചേര്‍ത്തുപിടിച്ച് കൂടെക്കൂട്ടിയ ഫസീലത്തയുമൊത്തുള്ള അനുഭവങ്ങള്‍ ഗള്‍ഫ് മാധ്യമത്തോട് പങ്കുവെക്കുകയായിരുന്നു അവര്‍.
വി.എം. കുട്ടി മാഷോടൊപ്പം മാപ്പിളപ്പാട്ട് വേദിയിലേക്ക് ചെറു പ്രായത്തില്‍ തന്നെ എത്തുമ്പോള്‍, ട്രൂപ്പിലെ പ്രധാന ഗായികയായിരുന്നു വിളയില്‍ ഫസീല. കലാസംഗീത രംഗത്ത് വളര്‍ത്തിക്കൊണ്ടുവന്നതും പാട്ടുകള്‍ പഠിപ്പിച്ചതുമൊക്കെ ഫസീലത്തയാണ്. അതുകൊണ്ടുതന്നെ പ്രിയപ്പെട്ട ഗുരുനാഥയെക്കൂടിയാണ് നഷ്ടമായത്.
മരിക്കുന്നതിന് ഒരാഴ്ച മുമ്പുവരെ ഒരുമിച്ച് വേദി പങ്കിട്ടത് വേദന നിറഞ്ഞ ഓര്‍മയും അനുഭവവുമാണ്. കേരളം, ബംഗളൂരു, മുംബൈ അടക്കം നിരവധി വേദികള്‍ വി.എം. കുട്ടിക്കൊപ്പം പാടി. ബാപ്പു വെള്ളിപ്പറമ്പിനൊപ്പവും ഫസീലത്തയുമൊത്ത് വേദികളില്‍ ഗാനങ്ങളാലപിച്ചു.
നിരവധി കാസറ്റുകളില്‍ ഒരുമിച്ചു പാടി. മാപ്പിളത്തനിമ നിലനിര്‍ത്തിയുള്ള വേറിട്ട ശബ്ദമായിരുന്നു അവര്‍. ഫസീലത്ത പാടിയാലാണ് മാപ്പിളപ്പാട്ടിന്റെ ശരിയായ മധുരം ലഭിക്കുക. അത് നികത്താനാവാത്ത വിടവാണ്. ഫസീലത്ത പാടിവെച്ച ഗാനങ്ങളിലൂടെ ഇനിയും അനശ്വരമായി നിലനില്‍ക്കുമെന്നതാണ് ആ സംഗീത ജീവിതത്തിന്റെ ബാക്കി പത്രമെന്നും മുക്കം സാജിദ കൂട്ടിച്ചേര്‍ത്തു- മുക്കം സാജിദ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.