കൗമാരത്തിന്റെ അസ്വസ്ഥതകൾ, മാനസിക സമ്മർദങ്ങൾ, വികാരവിചാരങ്ങൾ എന്നിവയൊക്കെ സൈബർ ലോകത്ത് ചർച്ചയാക്കിയ ഒരു സീരീസ്. പ്രായഭേദമന്യേ എല്ലാവരും കാണണമെന്ന് ഒരേ സ്വരത്തിൽ ആവർത്തിക്കുന്ന സീരീസ്. നെറ്റ്ഫ്ലിക്സിലെ ബ്രിട്ടീഷ് ക്രൈം ഡ്രാമ മിനി സീരീസായ ‘അഡോളസെൻസാ’ണ് ഇപ്പോൾ ചർച്ചാവിഷയം. എന്താണ് ഈ സീരീസിനെ വേറിട്ടുനിർത്തുന്നത്?
ഒരുപാട് ഇമോഷനുകൾ ഉള്ള ഒരു കാലഘട്ടമാണ് കൗമാരം. എന്താണ് കൗമാരക്കാരെ ബാധിക്കുന്നത്? എന്താണ് ഒരു കൗമാരക്കാരനെ കുറ്റവാളിയാക്കുന്നത്? സമ പ്രായക്കാരിൽനിന്ന് നേരിടേണ്ടിവരുന്ന സമ്മർദങ്ങൾ, സമൂഹമാധ്യമങ്ങളുടെ സ്വാധീനം, പെൺകുട്ടികളോട് തോന്നുന്ന അമിത താൽപര്യം, നൈരാശ്യം, അവഗണന, പക, സൈബർ ബുള്ളിയിങ്, ടോക്സിക് മസ്കുലിനിറ്റി, സ്ത്രീ വിരുദ്ധത, ലിംഗ വിവേചനം. അങ്ങനെ ഒരുപാട് ലെയറുകളിലൂടെയാണ് ‘അഡോളസെൻസ്’ കടന്നുപോകുന്നത്. സംഭാഷണങ്ങൾക്ക് പ്രാധാന്യമുള്ള ചിത്രമായതിനാൽ സബ്ടൈറ്റിലുകൾ ഇല്ലാതെ കാണാൻ ശ്രമിച്ചാൽ സംഭവങ്ങൾക്ക് വ്യക്തത ഉണ്ടായെന്നു വരില്ല.
13 വയസ്സുള്ള ജാമി മില്ലർ തന്റെ സഹപാഠിയായ കേറ്റിയെ കുത്തിക്കൊല്ലുന്നു. അവൻ ശിക്ഷിക്കപ്പെടുന്നു. സ്റ്റീഫൻ ഗ്രഹാമും ജാക്ക് തോണും തിരക്കഥ രചിച്ച് ഫിലിപ്പ് ബാരന്റീൻ സംവിധാനം ചെയ്തതാണ് ‘അഡോളസെൻസ്’. നാല് എപ്പിസോഡുകളുള്ള ഈ മിനി സീരീസ് രണ്ട് വ്യത്യസ്ത ഭാഗങ്ങളായാണ് വികസിക്കുന്നത്. ആദ്യ രണ്ട് എപ്പിസോഡുകൾ പൊലീസ് നടപടിക്രമങ്ങൾ, ചോദ്യം ചെയ്യലുകൾ, ജാമിയെ കുറിച്ചുള്ള അന്വേഷണം എന്നിവയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കഥ പുരോഗമിക്കുമ്പോൾ അവസാന രണ്ട് എപ്പിസോഡുകൾ ജാമിയുടെ ജീവിതത്തെയും കുടുംബത്തിന്റെ ഇമോഷനെയും കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യങ്ങളെയും പര്യവേക്ഷണം ചെയ്യുന്നു.
‘അഡോളസൻസ്’ എന്ന സിനിമയുടെ ഏറ്റവും ശ്രദ്ധേയമായ വശങ്ങളിലൊന്ന് അതിന്റെ ഛായാഗ്രഹണമാണ്. ഓരോ എപ്പിസോഡും സിംഗിൾ ഷോട്ടിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ഇത് പ്രേക്ഷകരെ കഥാപാത്രങ്ങളുടെ ലോകത്തിലേക്ക് കൂടുതൽ ആഴത്തിൽ വലിച്ചിടുന്നു. നമ്മൾ അവരോടൊപ്പം സംഭവങ്ങളിലൂടെ ജീവിക്കുന്നതായും തോന്നിപ്പിക്കുന്നു. ഇതിന്റെ സാങ്കേതിക വൈഭവത്തിനപ്പുറം ഈ സീരിസ് പറയുന്ന ഒരുപാട് കാര്യങ്ങളുണ്ട്.
പരമ്പരയിലെ മറ്റൊരു ആകർഷകമായ ഘടകം കഥ എന്താണെന്ന് തുടക്കത്തിൽതന്നെ വെളിപ്പെടുത്തുന്നു എന്നതാണ്. എന്താണ് സംഭവിച്ചതെന്ന് ആശ്ചര്യപ്പെടുത്തുന്നതിന് പകരം ഈ സത്യം എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നു. കാര്യങ്ങൾ അത്ര ലളിതമല്ല. കൊലപാതകത്തിന് പിന്നിലെ വസ്തുതകളെക്കുറിച്ചല്ല, മറിച്ച് മുതിർന്നവർക്ക് പലപ്പോഴും മനസ്സിലാക്കാൻ കഴിയാത്ത വൈകാരിക യാഥാർഥ്യങ്ങളെക്കുറിച്ചാണ് ‘അഡോളസെൻസ്’ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.