'ചന്തുവിനെ തോല്പിക്കാന്‍ ആവില്ല മക്കളേ...'ഇടിയന്‍ ചന്തു' -റിവ്യൂ

ന്തുവെന്ന് കേള്‍ക്കുമ്പോള്‍ മലയാളികൾക്ക്‌ ഓര്‍മ്മ വരുന്നത് വടക്കന്‍ വീരഗാഥയിലെ ചന്തുവിനെയും ഈ സംഭാഷണങ്ങളുമാണ്. എന്നാല്‍ ഇപ്പോള്‍ പറയാനുള്ളത് വെറുമൊരു പാവം കൊച്ചു ഇടിയന്‍ ചന്തുവിനെക്കുറിച്ചാണ്. സാഹചര്യങ്ങള്‍ കൊണ്ട് ഇടിയന്‍ എന്ന മുദ്ര കുത്തി വളര്‍ന്നവന്‍ .ഇവിടെ ചന്തു എന്നും തോറ്റ ചരിത്രമേ കേട്ടിട്ടുള്ളൂ. ദേഷ്യം വരുമ്പോള്‍ അറിയാതെ പ്രതികരിച്ചു പോവുന്ന ചന്തു എങ്ങോട്ട് തിരിഞ്ഞാലും പൊല്ലാപ്പാണ്. ഇത്തരക്കാരനാവാന്‍ കാരണക്കാരന്‍ ഇടിയന്‍ ചന്ദ്രന്‍ എന്ന ചന്തുവിന്റെ അച്ഛൻ പൊലീസുകാരനാണ്.

കലുഷിത ജീവിതം നയിച്ച ഇടിയന്‍ ചന്ദ്രന് ലഭിച്ചത് ദാരുണമായ അന്ത്യമായിരുന്നു. സിനിമ പറയുന്നൊരു വിഷയമുണ്ടിതില്‍. ലഹരി മാഫിയ ഇന്ന് കുട്ടികളെ അണിനിരത്തിയാണ് തങ്ങളുടെ വിപണി കണ്ടെത്തിയിരിക്കുന്നത്. സ്‌കൂളുകളും കോളജുകളുമാണ് ഇവരുടെ പ്രധാന പ്രവര്‍ത്തി പഥം.കുട്ടികളാവുമ്പോള്‍ സംശയിക്കപ്പെടാതിരിക്കാനും ഒരു പാട് സാഹചര്യമുണ്ട്. മാത്രമല്ല സ്‌കൂള്‍ എന്നത് എറ്റവും നല്ല വിപണിയുമാണ്.ചന്തുവും ഒരു നാള്‍ ലഹരിമാഫിയയുടെ സംഘര്‍ഷത്തിനിടയില്‍ പെട്ടുപോവുന്നിടത്താണ് സിനിമയ്ക്ക് അതിന്റെ ഗൗരവ സ്വഭാവം കൈവരുന്നത്. വെറുക്കപ്പെട്ടവനായിരുന്ന ചന്തു ഉഗ്രന്‍ ഒരു പോരാട്ടക്കാരനായി ഉയര്‍ത്തെഴുന്നേല്‍ക്കുന്നു. രണ്ടാം ഭാഗത്തിന്‌ സൂചനയിട്ടാണ്‌ സിനിമ അവസാനിപ്പിക്കുന്നത്‌.


ചിത്രത്തിൽ എടുത്തുപറയേണ്ട ഒന്നാണ്‌ വിഷ്ണു ഉണ്ണികൃഷ്ണന്‍ എന്ന നടന്റെ വെച്ചുമാറ്റം. സാധു കഥാപാത്രങ്ങളില്‍ നിന്ന് നല്ല ഉശിരുള്ള ഇടി കൊടുക്കുന്ന തകര്‍പ്പന്‍ നടനിലേക്കുള്ള ചുവടുമാറ്റം. തനിക്കും അടിയും ഇടിയും വഴങ്ങും എന്ന് തെളിയിച്ചിരിക്കുകയാണ് വിഷ്ണു. കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്ന സിനിമയിലൂടെ നായക കഥാപാത്രങ്ങളിലേക്ക് എത്തിയ വിഷ്ണു അതിന് വര്‍ഷങ്ങള്‍ക്ക് മുമ്പേത്തന്നെ ബാലതാരമായും മറ്റും സിനിമയില്‍ സാന്നിദ്ധ്യമറിയിച്ചിട്ടുണ്ട്‌. വെടിക്കെട്ട് എന്ന സിനിമ ബിബിന്‍ ജോര്‍ജ്ജുമായി ചേര്‍ന്ന് സംവിധാനവും ചെയ്തു. നായകനാവുന്നതോടൊപ്പം ആ സിനിമയുടെ തന്നെ സ്‌ക്രിപ്റ്റ് റൈറ്ററാവുകയും ചെയ്യുന്നു വിഷ്ണു.

ഈ സിനിമയിലെ ഏറ്റവും വലിയ ഹൈലൈറ്റ് സ്റ്റണ്ട് രംഗങ്ങള്‍ സംവിധാനം ചെയ്ത് പീറ്റര്‍ ഹെയ്ന്‍ ആണ്. ഒരു ക്രൗഡ് സ്റ്റണ്ട് സീനാണ് പീറ്റര്‍ ഈ സിനിമയില്‍ ഒരുക്കിയിരിക്കുന്നത്. ഏകദേശം അഞ്ഞൂറില്‍പ്പരം സ്‌കൂള്‍ കുട്ടികള്‍ ഗുണ്ടകളുമായി ഏറ്റുമുട്ടുന്നതാണ് ഇതിലെ പ്രധാന ഹൈലൈറ്റ്‌സ്. സിനിമ പറയുന്ന സന്ദേശം പീറ്ററിനെ ഏറെ ആകര്‍ഷിച്ചിരുന്നു. അതിനാലാണ് ഈ സിനിമ ചെയ്യാമെന്ന് പീറ്റര്‍ ഏറ്റത്. പക്ഷേ പീറ്റര്‍ സ്റ്റണ്ട് ചെയ്ത ബാഹുബലി യുടെ റേഞ്ചില്‍ കാണാന്‍ ഇടിയന്‍ ചന്തുവിന് ടിക്കറ്റ് എടുക്കരുത് എന്നാണ് പറയാനുള്ളത്. കഥയ്ക്കനുസരിച്ചും സാഹചര്യങ്ങള്‍ക്കനുസരിച്ചുമാണ് പീറ്റര്‍ ഈ സിനിമ ചെയ്തത്. വലിയ പ്രോജക്റ്റ് എന്ന് നോക്കിയില്ല. പറയുന്ന സബ്ജറ്റിന്റെ പ്രത്യേകതയാണ് പീറ്ററിനെ ഇതിലേക്ക് ആകര്‍ഷിച്ചത്.


ചിത്രീകരണത്തിനായി സ്‌കൂളിനെ സമീപിച്ചപ്പോള്‍ അവര്‍ വലിയ സ്വീകരണമാണ് സംവിധായകനും സംഘത്തിനും നല്‍കിയത്. ഇത്തരം സബ്ജക്ടുകളാണ് കൂടുതല്‍ വരേണ്ടത് എന്നാണ് സ്‌കൂള്‍ അധികൃതരും പറഞ്ഞത് എന്നാണ് സംവിധായകനായ ശ്രീജിത്ത് വിജയന്‍ പറയുന്നത്. ജീവിതാനുഭവങ്ങളില്‍ നിന്ന് ഉരുത്തിരിഞ്ഞു വന്ന കഥയാണിത്. ഇതൊരു തല്ലുപടമായി മാത്രം കാണതുത് ഒരു ഇമോഷണല്‍ ട്രാക്ക് കൂടി ഇതിനുണ്ട്.

വിഷ്ണു കഴിഞ്ഞാല്‍ അടുത്തത് എടുത്തു പറയേണ്ടത് ചന്തു എസ്. കുമാര്‍ എന്ന നടനെക്കുറിച്ചാണ്. സലീംകുമാറിന്റെ മകന്‍ എന്ന നിലയിലല്ല നല്ലൊരു അഭിനേതാവ് എന്ന രീതിയിലാണ് ചന്തുവിനെ നാം കാണേണ്ടത്. മഞ്ഞുമ്മല്‍ ബോയ്‌സില്‍ സ്വഭാവവൈചിത്ര്യമുള്ള കൂട്ടുകാരനായി അഭിനയിച്ചതില്‍ നിന്നും വളരെ വ്യത്യസ്തമായ വില്ലന്‍ കഥാപാത്രമാണ് ഇതില്‍ ചന്തുവിന്റേത്‌. തന്റെ കണ്ണുകള്‍ ഒന്ന് തുറന്ന് വെച്ചാല്‍ തന്നെ ക്രൗര്യമുള്ള ഒരു വില്ലനായി തോന്നും. അത്രയ്ക്കുണ്ട് ആ മുഖത്തിലെ വില്ലനിസം. ലാലു അലക്‌സിന്റെ വില്ലത്തരവും നര്‍മ്മവും കലര്‍ന്ന പള്ളീലച്ചന്‍ പ്രേക്ഷകരെ ഒന്ന് ചിരിപ്പിക്കും.ബിജു സോപാനം,ജോണി ആന്റണി, ഐ.എം.വിജയന്‍, ലെന, രമേശ് പിഷാരടി, ശ്രീജിത്ത് രവി, ഐ എം വിജയന്‍, സ്മിനു സിജോ, ഗായത്രി അരുണ്‍, ജയശ്രീ,വിദ്യ, ഗോപി കൃഷ്ണന്‍, കിച്ചു ടെല്ലസ്, സോഹന്‍ സീനുലാല്‍, സൂരജ്, കാര്‍ത്തിക്ക്, ഫുക്രു എന്നിവരും സിനിമയില്‍ നല്ല കഥാപാത്രങ്ങളാകുന്നു.

Tags:    
News Summary - Idiyan Chandhu Malayalam Movie Review

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.