ഇഫ് എനിതിങ് ഹാപ്പൻസ് ഐ ലവ് യു

മാതാപിതാക്കൾ സന്തോഷത്തോടെ സ്കൂളിലേക്ക് യാത്രയാക്കിയ 12കാരി മകൾ ക്ലാസ് മുറിയിൽ നടക്കുന്ന വെടിവെപ്പിൽ കൊല്ലപ്പെടുന്നു. അതുവരെ ജീവിതത്തിലുണ്ടായിരുന്ന സന്തോഷം നഷ്ടപ്പെടുന്നതോടെ ആ അച്ഛനും അമ്മയും പരസ്പരം അപരിചിതരായി ഒരു വീട്ടിൽ കഴിയുന്നു. വെറുമൊരു ആനിമേറ്റഡ് ചിത്രം മാത്രമല്ല ‘ഇഫ് എനിതിങ് ഹാപ്പൻസ് ഐ ലവ് യു’, അമേരിക്കയിൽ നിരന്തരം അരങ്ങേറുന്ന സ്കൂളു​കളിലെ ആക്രമണങ്ങളിൽ ഒറ്റപ്പെടുന്ന ജീവിതങ്ങളെ വരച്ചുകാട്ടുന്നു.

12 മിനിറ്റ് മാ​ത്രമാണ് അമേരിക്കൻ 2ഡി ആനിമേറ്റഡ് ഹ്രസ്വചിത്രമായ ‘ഇഫ് എനിതിങ് ഹാപ്പൻസ് ഐ ലവ് യു’വിന്റെ ദൈർഘ്യം. വിൽ മക്കോർമാക്കും മൈക്കല ഗോവിയറും ചേർന്നാണ് ചിത്രത്തിന്റെ കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. 2020ൽ പുറത്തിറങ്ങിയ ചിത്രത്തിന് മികച്ച ആനിമേറ്റഡ് ഹ്രസ്വചിത്രത്തിനുള്ള 93ാമത് ഓസ്കർ പുരസ്കാരവും ലഭിച്ചിരുന്നു.

ഒരു മുറിക്കുള്ളിൽ പരസ്പരം അകന്നുകഴിയുന്ന ദമ്പതികളെയാണ് ചിത്രത്തിന്റെ തുടക്കത്തിൽ കാണിക്കുന്നത്. തീൻമേശയുടെ അകലം അവർ തമ്മിലുള്ള മാനസിക അക​ലത്തെ സൂചിപ്പിക്കുന്നു. മാത്രമല്ല, അവരുടെ നിഴലുകൾ പരസ്പരം കലഹിക്കുന്നതും ആദ്യ സീനുകളിൽ കാണാം. വികാരങ്ങൾ പുറത്തുകാണിക്കാത്ത മനുഷ്യ രൂപങ്ങളും യഥാർഥ വികാരങ്ങൾ പ്രകടിപ്പിക്കുന്ന നിഴലുകളുമാണ് ഈ ചിത്രത്തിന്റെ കാതൽ.

തുണി അലക്കുന്നതിനിടെ മകളുടെ ഒരു ടീ ഷർട്ട് അമ്മക്ക് കിട്ടുന്നു. ഇതോടെയാണ് മകളുടെ കഥാപാത്രത്തെ ചിത്രത്തിൽ കാണിക്കുന്നത്. അമ്മ വാഷിങ് മെഷീന് സമീപം നിന്ന് കരയുന്നതോടെ ഒരു സോക്കർ ബോൾ ഉരുണ്ട് താ​ഴേക്ക് ചാടുകയും മകളുടെ കിടപ്പുമുറിയിലേക്ക് ഉരുണ്ടുപോയി ഒരു പഴയ റെക്കോഡ് ​പ്ലെയറിൽ ഗാനം ​പ്ലേ ആകുകയും ചെയ്യുന്നു. ഇതോടെ, അമ്മ മകളുടെ മുറി​യിലെത്തുന്നു. പിന്നാലെ പാട്ടുകേട്ട് അച്ഛനും.

മകളെ പ്രതിനിധാനം ചെയ്യുന്ന ഒരു നിഴൽ റെക്കോഡ് പ്ലെയറിൽനിന്ന് പുറത്തുവരുകയും പൂച്ചയുമായി സന്തോഷം പങ്കിടുകയും ചെയ്യുന്നു. ഇതോടെ, മാതാപിതാക്കൾ തങ്ങളുടെ പഴയകാല ഓർമകളിലേക്ക് പോകുന്നു. മകളുടെ ജനനം, കുസൃതികൾ, ജന്മദിനാഘോഷം, ഫുട്ബാൾ പരിശീലനം തുടങ്ങിയവയെല്ലാം മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു. അവളെ മാതാപിതാക്കൾ സന്തോഷ​ത്തോടെ സ്കൂളിലേക്ക് അയക്കുന്നു. എന്നാൽ, നിഴലുകൾ ഇത് തടയാൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുന്നു. സ്കൂളിൽ നടന്ന വെടിവെപ്പിൽ മകൾ കൊല്ല​പ്പെടുന്നു.

മകൾ മാതാപിതാക്കൾക്ക് അയച്ച അവസാന സന്ദേശമായി ‘ഇഫ് എനിതിങ് ഹാപ്പൻസ് ഐ ലവ് യു’ എന്ന വാചകങ്ങൾ എഴുതി കാണിക്കുന്നു. പരസ്പരം വേർപിരിഞ്ഞിരിക്കുന്ന നിഴലുകളെ മകളുടെ നിഴൽ ഒരുമിച്ച് ചേർക്കുന്നതുപോലെ മകളുടെ ഓർമകൾ മാതാപിതാക്കളെ പരസ്പരം കൂട്ടിച്ചേർക്കുന്നു. മങ്ങിയ ലളിതമായ നിറങ്ങൾ മാത്രമാണ് ചിത്രത്തിനായി ഉപയോഗിച്ചിരിക്കുന്നത്. മകളുടേതെന്ന് സൂചിപ്പിക്കുന്ന നീല ടീഷർട്ടിനും യു.എസിന്റെ പതാകക്കും മാത്രമാണ് കടുത്ത നിറങ്ങൾ നൽകിയിരിക്കുന്നത്. സംഭാഷണങ്ങൾ ഉപയോഗിച്ചിട്ടില്ല. എന്നാൽ, മനോഹരമായ പശ്ചാത്തല സംഗീതം ആസ്വാദകരെ ആഴത്തിൽ സ്വാധീനിക്കും. ചിത്രം നെറ്റ്ഫ്ലിക്സിൽ കാണാം.

Tags:    
News Summary - If Anything Happens I Love You

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.