സ്വപ്നമോ യാഥാർഥ്യമോ?

സങ്കീർണതകളുടെ ആഴിപ്പരപ്പുകളിലേക്ക് പ്രേക്ഷകനെ കൊണ്ടുപോകുന്നുണ്ട് സിനിമ. ഒരു പങ്കായംപോലും നൽകാതെ അയാളെ ഒറ്റക്ക് അവിടെ വിട്ടുപോരുന്ന അവസ്ഥ. ഒടുവിൽ സ്വപ്നത്തിന്റെ ചിറകിലേറി നാം തിരിച്ചു കരപറ്റുകതന്നെ ചെയ്യും

യാഥാർഥ്യമോ അതോ സ്വപ്നമോ എന്ന് പ്രേക്ഷകനെ ചിന്തിപ്പിച്ചുകൊണ്ടിരിക്കുന്ന നോളൻ മാജിക്കാണ് ‘ഇൻസെപ്ഷൻ’. സ്വപ്നപാളികളും വർത്തമാനകാലവും അടരുകളായി നിറയുന്ന ചലച്ചിത്രം. മറ്റാരും പരീക്ഷിച്ചിട്ടില്ലാത്ത കഥാതന്തു​വിനെ രാകിമിനുക്കി അനുഭവവേദ്യമാക്കുന്ന ​ക്രിസ്റ്റഫർ നോളന്റെ മറ്റൊരു അത്ഭുത സിനിമയാണിത്. 2010ൽ പുറത്തിറങ്ങിയ സയൻസ് ഫിക്ഷൻ ശ്രേണിയിൽപെടുത്താവുന്ന ഈ സിനിമയിൽ വിജയിച്ച സാങ്കേതിക പരീക്ഷണങ്ങളുടെ മറുപുറം കാണാം. ഒരാൾ നായകനെ ഒരു ജോലി ഏൽപിക്കുന്നു. ഇതുവരെ ആരും കേട്ടിട്ടുപോലുമില്ലാത്ത ആ ജോലിക്ക് പകരമായി നായകനു വാഗ്ദാനം ചെയ്യുന്നത് കുട്ടികളുടെ അടുത്തേക്കുള്ള തിരിച്ചുപോക്കാണ്. ഒരു വ്യക്തിക്ക് ഒരു ആശയം കൈമാറുക. ശേഷം അതുമായി ബന്ധപ്പെട്ട് അയാളുടെ മാനസിക വ്യാപാരങ്ങൾ നിരന്തരം നിരീക്ഷിക്കുകയും അയാളുടെ രഹസ്യങ്ങൾ ചോർത്തുകയും ചെയ്യുക. മനോരാജ്യത്ത് വിഹരിക്കുന്ന ആ കിനാവുകളെ നമ്മുടെ ഉപബോധ മനസ്സിന് നിയന്ത്രിക്കാൻകൂടി കഴിവുണ്ടെങ്കിലോ. സങ്കീർണതകളുടെ ആഴിപ്പരപ്പുകളിലേക്ക് പ്രേക്ഷകനെ കൊണ്ടുപോകുന്നുണ്ട് സിനിമ. ഒരു പങ്കായംപോലും നൽകാതെ അയാളെ ഒറ്റക്ക് അവിടെ വിട്ടുപോരുന്ന അവസ്ഥ. ഒടുവിൽ സ്വപ്നത്തിന്റെ ചിറകിലേറി നാം തിരിച്ചു കരപറ്റുകതന്നെ ചെയ്യും. ഓരോ സ്വപ്നത്തിലും നമ്മൾ എത്തിപ്പെടുന്നത് അതിന്റെ മധ്യഭാഗത്തുവെച്ചാണ്.

പക്ഷേ, കണ്ടുതുടങ്ങുമ്പോൾ കാര്യങ്ങൾ കൈവിട്ടുപോകുന്നു. സിനിമക്കുള്ളിലെ സിനിമപോലെ സ്വപ്നത്തിനകത്തു മറ്റൊരു സ്വപ്നം. അതങ്ങനെ വിവിധ പാളികളായി നമ്മുടെ മനോരഥങ്ങളുമായി ഇഴുകിച്ചേർന്നിരിക്കയാണ്. ഒറ്റക്കാഴ്ചയിൽതന്നെ മനസ്സിലാകുന്ന ലാളിത്യം സിനിമക്കില്ല. പതിവു സയൻസ്-ആക്ഷൻ-സസ്‍പെൻസ് ചലച്ചിത്ര ആസ്വാദന മനസ്സുമായി ‘ഇൻസെപ്ഷനെ’ സമീപിച്ചിട്ട് ഫലമുണ്ടാകില്ല. ലിയനാർഡോ ഡി കാപ്രിയോ വിസ്മയിപ്പിച്ച സിനിമകൂടിയാണിത്.

പ്രേക്ഷകനും ഇഷ്ടംപോലെ ചിന്തിക്കാനും തീർപ്പുകളിലെത്താനുമുള്ള അവസരം ഈ സിനിമയിലും പതിവുപോലെ സംവിധായകൻ നൽകുന്നുണ്ട്. ക്രിസ്റ്റഫർ നോളൻ ഏകദേശം 10 വർഷം എടുത്താണ് ഈ സിനിമയുടെ തിരക്കഥ പൂർത്തിയാക്കിയത്. എട്ട് വിഭാഗത്തിലായി ഓസ്കർ നോമിനേഷൻ ലഭിച്ച സിനിമ നാലു പുരസ്കാരങ്ങളും സ്വന്തമാക്കി. 2011ൽ മികച്ച ഛായാഗ്രഹണം, മികച്ച സൗണ്ട് എഡിറ്റിങ്, മികച്ച ശബ്ദ മിശ്രണം, മികച്ച വിഷ്വൽ ഇഫക്ടുകൾ എന്നിവക്ക് പുരസ്കാരം കരസ്ഥമാക്കാൻ സിനിമക്ക് കഴിഞ്ഞു. കൂടാതെ, മികച്ച ചിത്രത്തിനുള്ള എംപയർ അവാർഡ് അടക്കം മറ്റു നിരവധി പുരസ്കാരങ്ങളും ചിത്രം വാരിക്കൂട്ടി. സിനിമയുടെ കഥാരചനയും ക്രിസ്റ്റഫർ നോളനാണ് നിർവഹിച്ചത്.

എമ്മ തോമസും നോളനും ചേർന്നാണ് നിർമാണം. ലിയനാർഡോ ഡി കാപ്രിയോ, കെൻ വതനബെ, ജോസഫ് ഗോർഡൻ-ലെവിറ്റ്, മരിയൻ കോട്ടില്ലാർഡ്, എലിയറ്റ് പേജ്, ടോം ഹാർഡി, കിലിയൻ മർഫി, ദിലീപ് റാവു എന്നിങ്ങനെ വൻ താരനിര അണിനിരക്കുന്നുണ്ട് സിനിമയിൽ. വാലി ഫിസ്റ്ററിന്റെ ഛായാഗ്രഹണം അതി ഗംഭീരമാണെന്ന് സിനിമ കാണുമ്പോൾ മനസ്സിലാകും. സംഗീതം ഹാൻസ് സിമ്മർ നിർവഹിച്ചിരിക്കുന്നു. വാർണർ ബ്രോസ്, ലെജൻഡറി പിക്ചേഴ്സ്, സിൻകോപ്പി എന്നി കമ്പനികൾ ചേർന്നാണ് വിതരണം. ആപ്പിൾ ടി.വി, ഗൂഗ്ൾപ്ലേ മൂവീസ് എന്നീ പ്ലാറ്റ്ഫോമുകളിൽ സിനിമ കാണാം.

അടുത്തത്: ടെനറ്റ് (2020)

Tags:    
News Summary - Inception Review

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.