മഴ പെയ്തൊഴിയാത്ത ഇരുണ്ടുമൂടിയ പശ്ചാത്തലം. പല സാഹചര്യങ്ങൾ കാരണം ഒന്നിക്കാൻ പറ്റാതെപോയ നീരുവും (ഐശ്വര്യ റായ്) മന്നുവും (അജയ് ദേവഗൺ) നീണ്ട ഇടവേളക്കുശേഷം കണ്ടുമുട്ടുന്നു. ജീവിതത്തിന്റെ ഏറ്റവും മോശമായ അവസ്ഥയിലൂടെ സഞ്ചരിക്കുന്ന അവരുടെ മനോവ്യാപാരങ്ങളെ കൂട്ടിയിണക്കിയ ചിത്രമാണ് ‘റെയിൻ കോട്ട്’. മന്നുവിന്റെ അവസ്ഥ തുടക്കം മുതലേ കാഴ്ചക്കാരന് വ്യക്തമാവുന്നുണ്ട്. സാമ്പത്തികമായി ബുദ്ധിമുട്ടുന്ന അയാൾ തന്റെ സുഹൃത്തുക്കളിൽനിന്ന് പണം കടം വാങ്ങാൻ നഗരത്തിലേക്ക് വരുകയാണ്. എന്നാൽ, നീരു ഒരേസമയം സന്തോഷവതിയും ദുഃഖിതയുമാണ്. അവളുടെ സാഹചര്യങ്ങളും മറ്റും സിനിമ മുന്നോട്ടുനീങ്ങുന്നതിനനുസരിച്ചാണ് വ്യക്തമാവുന്നത്.
വീടിനുള്ളിൽ മുഴുവൻ ഇരുട്ട് കലർന്ന വെളിച്ചമാണ്. പുറത്ത് നിർത്താതെ പെയ്യുന്ന മഴയും. അതുകൊണ്ടുതന്നെ സിനിമയുടെ മൊത്തത്തിലുള്ള കളർടോൺ ഇരുണ്ടതാണ്. നിസ്സഹായതയാണ് ചിത്രത്തിലുടനീളം വികസിക്കുന്നത്. ആ നിസ്സഹായത മറയ്ക്കാൻ കള്ളങ്ങളുടെ ഒരു നീണ്ടനിര മന്നുവും നീരുവും നിരത്തുന്നുണ്ട്. അവരുടെ നിലനിൽപിന് അത് ആവശ്യമാണ്. രണ്ടുപേരും അവരുടെ ജീവിത സാഹചര്യങ്ങളെ മറച്ചുവെച്ച് സംസാരിക്കുന്നുണ്ടെങ്കിലും ഒരുവേള അവർ പറയാതെതന്നെ അവരുടെ ജീവിതാവസ്ഥകൾ ഇരുവരും തിരിച്ചറിയുന്നുണ്ട്. എങ്കിലും അതിവിദഗ്ധമായി അവർ അഭിനയിക്കുന്നു.
വളരെ പതിഞ്ഞ താളത്തിലാണ് സിനിമയുടെ സഞ്ചാരം. കഥാപാത്രങ്ങളുടെ ബാഹുല്യമില്ലാത്ത, ഏറക്കുറെ ഒറ്റ കഥാപരിസരത്തിലാണ് ചിത്രം മുന്നോട്ടുപോകുന്നത്. കഥാപാത്രങ്ങളും കഥാപരിസരവും തുടക്കത്തിൽതന്നെ വളരെ വ്യക്തമായി അവതരിപ്പിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ മന്നുവിന്റെ നിസ്സഹായതയും നീരുവിന്റെ നിഗൂഢതയുംതന്നെയാണ് കഥയെ കണ്ണിചേർക്കുന്ന പ്രധാന ഘടകവും. ദാരിദ്ര്യവും ആഗ്രഹിച്ച ജീവിതം കിട്ടാത്ത അവസ്ഥയും ഇരുവരെയും സാരമായി ബാധിക്കുന്നുണ്ട്. മനുഷ്യന്റെ വികാരവിചാരങ്ങളുടെ ആകത്തുകയാണ് ‘റെയിൻ കോട്ട്’.
2004ൽ ഋതുപർണഘോഷിന്റെ സംവിധാന മികവിൽ അജയ് ദേവ്ഗണും ഐശ്വര്യ റായിയും അഭിനയിച്ച ഈ ഇന്ത്യൻ റൊമാന്റിക് ഡ്രാമ ‘ദി ഗിഫ്റ്റ് ഓഫ് ദി മാജി’ എന്ന ഒ. ഹെൻട്രി ചെറുകഥയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് ചെയ്തതാണ്. 16 ദിവസംകൊണ്ട് ചിത്രീകരണം പൂർത്തിയാക്കിയ ഈ ചിത്രം ബോക്സ് ഓഫിസിൽ വാണിജ്യപരമായി പരാജയമായിരുന്നു. ഹിന്ദിയിലെ മികച്ച ഫീച്ചർ ഫിലിമിനുള്ള ദേശീയ ചലച്ചിത്ര അവാർഡ് ചിത്രത്തിന് ലഭിച്ചിട്ടുണ്ട്. 7.7 ആണ് ഐ.എം.ഡി.ബി റേറ്റിങ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.