മലയാള സിനിമ അധികം പരീക്ഷിക്കാത്ത മേഖലയാണ് സർവൈവൽ ത്രില്ലർ. ചിത്രീകരണത്തിനുണ്ടാകുന്ന ബുദ്ധിമുട്ടും അതിലുപരി പ്രേക്ഷകരുമായി സംവദിക്കാനാകുമോ എന്ന ആശങ്കയുമായിരിക്കാം പലപ്പോഴും മലയാള സിനിമാ സംവിധായകരെ ആ ജോണറിലേക്ക് അധികം അടുപ്പിക്കാതിരുന്നത്. എന്നാൽ മലയാളത്തിലും ഇത്തരം സിനിമകളെടുത്ത് വിജയിപ്പിക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് സംവിധായകൻ ചിദംബരം. തമാശക്ക് പ്രാധാന്യം നൽകി ഒരുക്കിയ ആദ്യ ചിത്രമായ ജാനേമനിൽ നിന്നും രണ്ടാം ചിത്രത്തിലെത്തുമ്പോൾ മലയാളത്തിൽ മികച്ച ചിത്രമൊരുക്കാൻ കഴിവുള്ള സംവിധായക നിരയിലേക്ക് കസേര വലിച്ചിട്ടിരിക്കുകയാണ് ചിദംബരം.
യഥാർഥ സംഭവത്തെ അധികരിച്ചൊരു സിനിമ ഒരുക്കുമ്പോൾ അത് ഡോക്യുമെന്ററി, നാടക സ്വഭാവത്തിലേക്ക് വഴുതിപോവാനുള്ള സാധ്യത കൂടുതലാണ്. എന്നാൽ കൃത്യമായി ഗവേഷണം നടത്തിയൊരുക്കിയ മികച്ച തിരക്കഥയാണ് ഈ ചിത്രത്തിന്റെ കാതൽ.
2006 ൽ കൊച്ചിയിലെ മഞ്ഞുമ്മലിൽ നിന്ന് ഒരുസംഘം സുഹൃത്തുക്കൾ കൊടൈക്കനാലിലേക്ക് പോയ സംഭവമാണ് ചിത്രത്തിനാധാരം. ഗുണ കേവ് സന്ദർശിക്കുന്നതിനിടെ സുഭാഷ് എന്ന ചെറുപ്പക്കാരൻ ഗുണ കേവിനകത്തെ അഗാധ ഗർത്തത്തിലേക്ക് വീഴുന്നു. ഇയാളെ രക്ഷിക്കാനുള്ള സുഹൃത്തുക്കളുടേയും അധികാരികളുടേയും ശ്രമമാണ് മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമയുടെ സാരം. എന്നാൽ നമ്മളൊരു ടൂർ പോവുകയും നമുക്കിടയിൽ നിന്നും ഒരു കൂട്ടുകാരൻ ഗുഹക്കുള്ളിൽ പെട്ട്പോകുന്നതുമായ അനുഭവം സമ്മാനിക്കാൻ സിനിമക്ക് കഴിയുന്നുണ്ട്. നാട്ടിൻപുറങ്ങളിൽ കൂട്ടുകാരുമൊത്ത് പോവുന്ന യാത്ര അതിന്റെ റേഞ്ച് വേറെ തന്നെയാണ്. കൂട്ടുകാരുമൊത്ത് അടിച്ചുപൊളിച്ചൊരു യാത്ര, അവിടെ പണമല്ല, സൗഹൃമാണ് വലുത്. ആ സൗഹൃദം തന്നെയാണ് അവർക്ക് പാരയാകുന്നതും. സന്ദർശകർക്ക് അനുവാദമില്ലാത്ത ഗുഹക്കുള്ളിലേക്ക് പോവണമെന്ന് കൂട്ടുകർ നിർബന്ധിക്കുമ്പോൾ, ടീം ലീഡറും ടൂറിലെ കാരണവരുമായ കുട്ടേട്ടൻ മനസില്ലാ മനസോടെ സമ്മതിക്കുന്നതും തന്റെ കൂട്ടുകാരോട് നോ പറയാൻ കഴിയാത്തതിനാലാണ്. അതെ സൗഹൃദബന്ധം തന്നെയാണ് തന്റെ കൂട്ടുകാരനെ അവിടെ ഉപേക്ഷിച്ച് പോകാതിരിക്കാനുള്ള അവരുടെ കരുത്തും.
തിരക്കഥയും മേക്കിങ്ങുമെല്ലാം പറയുമ്പോൾ എടുത്ത് പറയേണ്ട മറ്റൊരു ടീം കൂടിയുണ്ട് ഈ ചിത്രത്തിൽ, അത് പ്രൊഡക്ഷൻ ഡിസൈനർ അജയൻ ചാലിശ്ശേരിയും ഛായാഗ്രാഹകൻ ഷൈജു ഖാലിദും സംഗീത സംവിധായകൻ സുഷിൻ ശ്യാമുമാണ്. സുഭാഷിനൊപ്പം പ്രേക്ഷകരും ഗുഹക്കുള്ളിൽ കുടുങ്ങിത്തന്നെ കിടക്കുന്ന അനുഭവമൊരുക്കാൻ അജയൻ ചാലിശ്ശേരിക്കായിട്ടുണ്ട്.
അത് തന്നെയാണ് ഈ സിനിമയുടെ ഏറ്റവും വലിയ കരുത്ത്. അതിനൊപ്പം ഷൈജു ഖാലിദിന്റെ കാമറയും കൂടി ചേരുമ്പോൾ അത് പ്രേക്ഷകനെ സീറ്റിൽ പിടിച്ചിരുത്തുക തന്നെ ചെയ്യും. കൂടെ സിനിമക്കൊപ്പം സഞ്ചരിക്കുന്ന സംഗീതം കൂടിയാകുമ്പോൾ നെഞ്ചിനുള്ളിൽ ഒരു കല്ല് കയറ്റിവെച്ചത് പോലെ ഓരോപ്രേക്ഷകനും സുഭാഷിനും കൂട്ടുകാർക്കുമായി പ്രാർഥിക്കും. 'ഡെവിൾസ് കിച്ചൺ' എന്ന് വിശേഷണമുള്ള ഗുണ കേവിന്റെ ദൃശ്യങ്ങൾ കാഴ്ചക്കാരിലേക്ക് അതുപോലെ എത്തിക്കുന്നതിൽ ഈ ടീമിന്റെ സംഭാവന എടുത്ത് പറയേണ്ടത് തന്നെയാണ്. പ്രത്യേകിച്ച് ആദ്യം മഞ്ഞുമ്മൽ ബോയ്സിനൊപ്പം ആടിപ്പാടി കൊടൈക്കനാലിന്റെ ഭംഗി ആസ്വദിക്കുന്ന പ്രേക്ഷകർ, പിന്നീട് അതേ കൊടൈക്കനാലിനെ പേടിയോടെ കാണാൻ തുടങ്ങും. കൊടൈക്കനാലിന്റെ മനോഹാരിത നിഗൂഢതയിലേക്ക് വഴിമാറുന്ന കാഴ്ച ഒരുക്കാൻ ഈ ടീമിനായി.
സുഭാഷായി ശ്രീനാഥ് ഭാസിയുടെ ഗംഭീര പ്രകടനവും സിനിമയിൽ കാണാം. കൂടെ സൗബിൻ ഷാഹിർ, ബാലു വർഗീസ്, ഗണപതി, ജീൻ പോൾ ലാൽ, അരുൺ കുര്യൻ, ചന്തു സലിംകുമാർ, അഭിരാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, വിഷ്ണു രഘു, ഖാലിദ് റഹ്മാൻ എന്നിവരും തങ്ങളുടെ കഥാപാത്രങ്ങളെ മികച്ചതാക്കി. സംവിധായകനായ ഖാലിദ് റഹ്മാന്റെ അഭിനയവും സലിംകുമാറിന്റെ മകൻ ചന്തുവും ചിത്രത്തിന് പുതുമ നൽകുന്നുണ്ട്. അവിടെ ഗണപതിയുടെ കാസ്റ്റിങ് ബ്രില്യൻസും നമുക്ക് കാണാനാകും. ഒമ്പത് അഭിനേതാക്കളെ വെച്ച് ഗംഭീര സിനിമയൊരുക്കാൻ ഈ മഞ്ഞുമ്മൽ ബോയ്സിനായിട്ടുണ്ട്. അതിനാൽ തന്നെ ധൈര്യമായി ടിക്കറ്റെടുക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.