ചാരജീവിതം

സിറിയയിൽ നുഴഞ്ഞു കയറി അവിടത്തെ രാഷ്ട്രീയത്തിൽ നിർണായക സ്വാധീനം നേടിയ ഏലി കോഹൻ എന്ന ഇസ്രായേലി ചാരന്റെ യഥാർഥ ജീവിതകഥ അഭ്രപാളികളിലെത്തുമ്പോൾ

ശത്രുരാജ്യത്തു കടന്നുകയറി അവിടത്തെ തന്ത്രപ്രധാന രഹസ്യങ്ങൾ ചോർത്തുന്ന ചാരന്മാരെക്കുറിച്ചുള്ള നോവലുകളും കഥകളും സിനിമകളും എമ്പാടും ഇറങ്ങിയിട്ടുണ്ട്. എന്നാൽ, ഏതു നിമിഷവും സ്വന്തം ജീവിതം വരെ നഷ്ടപ്പെട്ടേക്കാവുന്ന അപകട ദൗത്യത്തിലേർപ്പെട്ട ഒരു ഇസ്രായേലി ചാരന്റെ കഥയാണ് ആറ് എപ്പിസോഡുകൾ മാത്രമുള്ള ‘ദി സ്പൈ’ എന്ന ഇംഗ്ലീഷ് ഭാഷയിലിറങ്ങിയ മിനി സീരീസ് പറയുന്നത്.

ഉദ്വേഗം എന്ന വാക്ക് അക്ഷരാർഥത്തിൽ അനുഭവഭേദ്യമാകുന്ന സീറ്റ് എഡ്ജ് ത്രില്ലിങ് അനുഭവമാണ് ഈ സീരീസ്. യഥാർഥ സംഭവങ്ങളെ അടിസ്ഥാനമാക്കി ഗിഡോൺ റാഫ് സംവിധാനം ചെയ്ത ചിത്രം ഇസ്രായേൽ പത്ര പ്രവർത്തകൻ യൂറി ദാനും യെഷാഹു ബെൻ ബോറട്ടും ചേർന്നെഴുതിയ ‘ദി സ്പൈ ഹു കെയിം ഫ്രം ഇസ്രായേൽ’ എന്ന പുസ്തകത്തിന്റെ ചലച്ചിത്രാവിഷ്കാരമാണ്.

പതിയെ തുടങ്ങി അവസാന നിമിഷങ്ങളിൽ ശ്വാസഗതി നിലച്ചുപോകുന്ന ലെവലിൽ എത്തുന്ന സൃഷ്ടി. ഐ.എം.ബി.ഡി 10ൽ 7.9 ആണ് റേറ്റിങ് സ്കോർ ചെയ്തത്. ഇടവേളയില്ലാതെ ആകാംക്ഷയും പിരിമുറുക്കവും ആവോളം ചേർത്തൊരു ചാരജീവിതം പതിയെ ഇതൾ വിരിയുന്നതു കാണാം. പിടിക്കപ്പെട്ടാൽ കടുത്ത പീഡനവും മരണവും മാത്രം കാത്തിരിക്കുന്നൊരു ജീവിതമാണ് ചാരന്മാർക്ക് വിധിച്ചിരിക്കുന്നത്. ചിത്രത്തിലെ നിശ്ശബ്ദതപോലും ആസ്വാദകരിൽ കടുത്ത ഭയം ജനിപ്പിക്കുന്ന രീതിയിലാണ് സംവിധാനം.

ഇസ്രായേലും സമീപരാജ്യങ്ങളുമായുള്ള ഭൂമിശാസ്ത്ര അതിരുകളും ചരിത്രവും രാഷ്ട്രീയവും പ്രതിപാദിക്കുന്ന ചിത്രത്തിൽ ഒരു രാജ്യം തങ്ങളുടെ രഹസ്യാന്വേഷണ സംവിധാനങ്ങളിലൂടെ അയൽരാജ്യത്തെ രാഷ്ട്രീയം നിർണയിക്കുന്നതും യുദ്ധം ജയിക്കുന്നതും എല്ലാം എങ്ങനെയെന്ന് സിനിമയിൽ കാണിക്കുന്നു. 1960കളിൽ ഇസ്രായേൽ-സിറിയ സംഘർഷം രൂക്ഷമായ കാലഘട്ടത്തിലാണ് കഥ നടക്കുന്നത്.

ഏലി കോഹനെന്ന ഇസ്രായേലി പൗരനെ ഭൂതകാലമില്ലാത്ത ഒരാളായി ഇസ്രായേലി ചാരസംഘടന മൊസാദ് സിറിയയിലേക്ക് അയക്കാനൊരുങ്ങുന്നു. അതിനുവേണ്ടി അയാൾ കടന്നുപോയ പരിശീലനങ്ങൾ, മാനസിക-ശാരീരിക തയാറെടുപ്പുകൾ എന്നിവയൊക്കെ എടുത്തുപറയേണ്ടവയാണ്. കഠിന പരിശീലനങ്ങൾക്ക് ഒടുവിൽ ഏലി കോഹൻ കമേൽ അമീൻ താബെത്ത് എന്ന പുതിയ വ്യക്തിത്വം സ്വീകരിച്ച് അർജന്റീനയിൽ എത്തുന്നു. സിറിയയിൽനിന്നും അർജന്റീനയിലേക്ക് കുടിയേറിയ കച്ചവടക്കാരന്റെ വേഷത്തിൽ അവിടത്തെ സിറിയൻ എംബസിയുമായി ബന്ധം സ്ഥാപിക്കുന്നു. പിന്നീട് അയാൾ സിറിയയിലേക്ക് കടക്കുകയാണ്. ആ യാ​ത്രയൊക്കെ ശ്വാസം നിലച്ചുപോകുന്ന രംഗങ്ങളാൽ സമൃദ്ധമാണ്.

പട്ടാളത്തിലെ ഉയർന്ന ഉദ്യോഗസ്ഥരുമായി അടുപ്പമുണ്ടാക്കിയ ഏലി കോഹൻ സിറിയയിൽനിന്നും രഹസ്യങ്ങൾ മൊസാദിനു നിരന്തരം അയച്ചുകൊടുക്കുന്നു. ഏലി കോഹന്റെ സംഭാവന ഇസ്രായേലിന്റെ ആറുദിന യുദ്ധം ജയിക്കാൻപോലും ആ രാജ്യത്തെ സഹായിച്ചിട്ടു​െണ്ടന്ന് പറയപ്പെടുന്നു. ഏലി കോഹന്റെ കുടുംബ ജീവിതമൊക്കെ വൈകാരിക രംഗങ്ങളാൽ സമൃദ്ധമാണ്.

ഒരുവേള സിറിയയിലെ ഡെപ്യൂട്ടി പ്രതിരോധ മന്ത്രി വരെ ആകാനുള്ള സാധ്യതപോലും ഏലി കോഹനു കൽപിക്കപ്പെട്ടിരുന്നു. ത്രില്ലർ മൂഡിൽ പറഞ്ഞുപോകുന്ന കഥയാണെങ്കിലും കോഹനും ഭാര്യയും തമ്മിലുള്ള വൈകാരിക ബന്ധത്തിന്റെ തീവ്രത സീരീസിൽ ഉടനീളം കാണാം. അതിശക്തമായ തിരക്കഥ തന്നെയാണ് സീരീസിന്റെ ത്രില്ലിങ് ത്രെഡ് പൊട്ടിപ്പോകാതെ തുടർച്ചയായി നിലനിർത്തുന്നത്. ‘ബോറാട്ട്’ എന്ന ഹാസ്യ സിനിമയിലും ഡിക്ടേറ്ററിലും വേഷമിട്ട ഇംഗ്ലീഷ് നടനായ സച്ചാ ബോറൺ കോഹന്റെ മികച്ച വേഷമാണ് ‘സ്പൈ’യിലേത്. നാദിയ കോഹന്റെ വേഷം ഇസ്രായേലി നടി ഹദാർ റോട്സൺ റോത്തം ഗംഭീരമാക്കി. യേൽ എയ്ത്താൻ, നോഹ എമിറിഷ് എന്നിവരും സീരീസിൽ വേഷമിടുന്നു. ഗെയ്‍ലാമെ റസലിന്റെ സംഗീതം പിരിമുറുക്കം മുഴുവൻ പ്രേക്ഷകരിലെത്തിക്കുന്നതാണ്.

 

സീരീസ് മുഴുവനായും ഇസ്രായേലി വീക്ഷണകോണിൽ നിന്ന് എടുത്തതാണ് എന്നതാണ് ശ്രദ്ധേയം. ചിത്രത്തിലെ പല അവകാശവാദങ്ങളും അവാസ്തവമാണെന്ന് നേരത്തേ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. നെറ്റ് ഫ്ലിക്സിൽ 2019 ലാണ് സീരീസ് റിലീസ് ആകുന്നത്. സ്പൈ ചലച്ചിത്രങ്ങളുടെ കൂട്ടത്തിൽ ഗംഭീരമായൊരു സൃഷ്ടിയായി ‘ദി സ്പൈ’ വേറിട്ടുനിൽക്കുമെന്ന കാര്യത്തിൽ സംശയമില്ല.

Tags:    
News Summary - the spy movie review

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.