ഒരു അസാധാരണ വിവാഹം എന്ന ടാഗോഡ് കൂടിയാണ് ചിത്രം പ്രേക്ഷകനിലേക്ക് എത്തുന്നത്. നമ്മുടെ ചിന്തകളുടെ ഉൾക്കാഴ്ചക്ക് അനുസരിച്ച് ചിത്രത്തെ നിർവചിക്കാം. അതുകൊണ്ടുതന്നെ ചിത്രത്തിൽ നിന്ന് എനിക്ക് കിട്ടിയ അനുഭവങ്ങൾക്ക് പ്രസക്തിയില്ല. അതായത്, നൂറുപേർ കാണുമ്പോൾ ഒരു പൊതു ചിന്ത കിട്ടുന്ന ഒന്നും ചിത്രത്തിൽ ഇല്ലെന്നു പറയാം. തീർത്തും വ്യത്യസ്തമായ രീതിയിലാകും നൂറുപേർക്കും ചിത്രം ഉൾകൊള്ളാൻ സാധിക്കുന്നത്. അതുകൊണ്ടാണ് വിവാഹ ആവാഹനം അവഗണിക്കാതെ കാണേണ്ട ചിത്രമാകുന്നത്.
രാഷ്‌ട്രീയ, സാമൂഹിക വാർപ്പ് മാതൃകകളെ അടിമുടി വെല്ലുവിളിക്കുന്ന തരത്തിലാണ് ചിത്രം തിരശീല ഉയർത്തുന്നത്. വ്യത്യസ്തമായ രാഷ്ട്രീയ ചിന്ത ഉയർത്തുമ്പോൾ തന്നെ അത്തരം ചിത്രങ്ങളോട് സാമ്യപ്പെടുത്താവുന്ന ഒന്നല്ല വിവാഹ ആവാഹനം. തീർത്തും വ്യത്യസ്തമായ പരീക്ഷണമാണ് ആദ്യാവസാനം വരെ.
സാജന്‍ ആലുംമൂട്ടിലാണ് രസച്ചരടുപൊട്ടാതെ ചിത്രം പ്രേക്ഷകനിലെത്തിച്ചത്. ഒരു മുറൈ വന്ത് പാർത്തായ എന്ന ചിത്രത്തിനുശേഷം അദ്ദേഹം സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മൂന്നു ഭാഗങ്ങളെന്ന തരത്തിലാണ് കഥ പറയുന്നത്. ഓരോ കാലത്തിനും വ്യത്യസ്ത കളർ ടോണുകളും ഉപയോഗിച്ചിട്ടുണ്ട്. നെഗറ്റീവ് ഫ്രെയിമിങും ചിത്രത്തിന്റെ പ്രത്യേകതയാണ്. തെറ്റായ ഫ്രെയിമുകൾ ആലോസരപ്പെടുത്തുമെങ്കിലും കഥക്ക് അത്തരം നെഗറ്റീവ് ഫ്രേമുകളുടെ സാധ്യത കൂടുതൽ ഗുണകരമായിട്ടുണ്ട്. കാണുന്ന ഓരോ പ്രേക്ഷകനും തീർത്തും വ്യത്യസ്തമായ അനുഭവമായിരിക്കും.
നിരഞ്ജ് മണിയന്‍ പിള്ളയാണ് കേന്ദ്ര കഥാപാത്രമായ അരുണിനെ അവതരിപ്പിച്ചത്. മണിയൻപിള്ള രാജുവിന്റെ മകൻ എന്ന വിലാസത്തിനപ്പുറത്തേക്കാണ് നിരഞ്ജ് ഓരോ ഫ്രെയിമിലൂടെയും നടന്നു കയറിയത്. അത്രമേൽ അനായാസമായാണ് ഓരോ സീനിലും കഥാപാത്രത്തിനുവേണ്ട സ്വാഭാവികത നിലനിർത്തിയത്. കഥയെ സൂക്ഷ്മമായി ഉൾകൊണ്ട് അവതരിപ്പിക്കുന്ന അപൂർവ്വം ചിലരുടെ പേരിനൊപ്പം ഇനി നിരഞ്ജിനേയും തുന്നിച്ചേർക്കാവുന്നതാണ്.
ഒട്ടേറെ മികച്ച പ്രതിഭകളെക്കൂടി ചിത്രം സമ്മാനിക്കുന്നുണ്ട്. പുതുമുഖ താരം നിതാരയാണ് കഥാനായിക. തികഞ്ഞ കയ്യടക്കത്തോടെ അവതരിപ്പിക്കാൻ നിതാരക്ക് സാധിച്ചിട്ടുണ്ട്. മിക്ക കോമ്പിനേഷൻ സീനുകളും മത്സരിച്ച് അഭിനയിക്കാൻ അവർക്ക് സാധിച്ചിട്ടുണ്ട്. നിറഞ്ഞ കയ്യടിയോടെയാണ് പുതിയ പ്രതിഭയെ തിയറ്റർ വരവേറ്റത്. അജു വർഗീസ്, പ്രശാന്ത് അലക്സാണ്ടർ, സുധി കോപ്പ, സാബുമോൻ, സന്തോഷ് കീഴാറ്റൂർ, രാജീവ് പിള്ള, ബാലാജി ശർമ, ഷിൻസ് ഷാൻ, ഫ്രാങ്കോ, സ്മൃതി, നന്ദിനി എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. എപ്പോഴത്തെയും പോലെ ചിത്രത്തെ തന്റെ പ്രതിഭകൊണ്ട് കൂടുതൽ സജീവമാക്കാൻ ഇവർക്കായിട്ടുണ്ട്. കഥാപാത്രങ്ങളെ കൂടുതൽ വിശദീകരിച്ചാൽ ചിത്രത്തെ ബാധിക്കുന്നതിനാൽ അതിന് മുതിരുന്നില്ല.
ചാന്ദ് സ്റ്റുഡിയോയുടെയും കാർമിക് സ്റ്റുഡിയോസിന്റെയും ബാനറിൽ സാജൻ ആലുംമൂട്ടിലും മിഥുൻ ആർ ചന്ദും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. പ്രമോദ് ഗോപകുമാറും സോണി സി വിയുമാണ് സഹനിർമ്മാതാക്കൾ. കഥാനായികയായ നിതാരയാണ് ആക്ഷേപഹാസ്യത്തിന് തിരക്കഥയുടെ കരുത്ത് നൽകിയത്. സാജന്‍ ആലുംമൂട്ടിലും സംഗീത് സേനനും ചേർന്നാണ് സംഭാഷണങ്ങൾ ചിട്ടപ്പെടുത്തിയത്.
വിഷ്ണു പ്രഭാകരാണ് ഛായാഗ്രഹണം. ഗ്രാമീണ പശ്ചാത്തലവും കഥാപാത്ര ജീവിതവും അതിസൂക്ഷമമായാണ് പകർത്തിയത്. പരീക്ഷണത്തിനൊപ്പം ഓരോ ഫ്രേമിലും അത് ദൃശ്യമാണ്. എഡിറ്റിംഗ് അഖിൽ എ ആറും സംഗീതം രാഹുൽ ആർ ഗോവിന്ദയുമാണ്. വിനു തോമസിന്റെ പശ്ചാത്തല സംഗീതവും മികവുറ്റതാണ്. ഗാനങ്ങൾക്ക് അക്ഷരചിറകു നൽകിയത് സാം മാത്യുവാണ്. അരുൺ നന്ദകുമാറിന്റെ കൊറിയോഗ്രാഫിയും കഥക്കുള്ളിൽ ഒതുങ്ങിനിന്നു.
കപട ചിന്തകളെ പാടെ വെല്ലുവിളിച്ച് ആക്ഷേപഹാസ്യത്തിന്റെ സിംഹവായിലേക്ക് വിഴുങ്ങുകയാണ് വിവാഹ ആവാഹനം. യുക്തിഭദ്രമല്ലാത്ത സാമൂഹിക അപനിർമ്മിതികളുടെ വേരറുത്തുകൊണ്ടാണ് ചിത്രം പ്രേക്ഷക മനസുകളിലേക്ക് പടരുന്നത്. ഒരു നല്ല തിയറ്റർ അനുഭവമാകും ചിത്രമെന്നതിൽ സംശയമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.