തിയറ്ററുകളെ പൂരപ്പറമ്പാക്കുന്ന മലയാള സിനിമയുടെ സമീപകാല കുതിപ്പില്‍ മമ്മൂട്ടിയുടെ വക ഒരു ആക്ഷന്‍ ത്രില്ലര്‍ പടം -അതാണ് ടര്‍ബോ. ആക്ഷന്‍ പടമെന്ന നിലക്ക് ആരാധകരെ തൃപ്തിപ്പെടുത്താനുള്ള എല്ലാ ചേരുവകളും വൈശാഖ് സംവിധാനം ചെയ്ത ടര്‍ബോയിലുണ്ട്. മമ്മൂട്ടിയുടെ കിടിലന്‍ പെര്‍ഫോമന്‍സും സംഘട്ടനരംഗങ്ങളും തന്നെയാണ് സിനിമയുടെ ഹൈലൈറ്റ്‌സ്. മിഥുന്‍ മാനുവല്‍ തോമസിന്റെ കഥയും തിരക്കഥയും ശരാശരിയാണെങ്കിലും മേക്കിങ് കൊണ്ട് ടര്‍ബോ അതിനെയെല്ലാം മറികടക്കുന്നു.
ടര്‍ബോ ജോസ് എന്ന ഇടുക്കിക്കാരന്റെ കഥയാണ്. നാട്ടിലാകെ തല്ലുണ്ടാക്കിനടക്കുന്ന, ടൂറിസ്റ്റ് ജീപ്പ് ഡ്രൈവറായ ടര്‍ബോ ജോസ് അവിചാരിതമായി ചെന്നൈയിലെത്തുന്നതോടെയാണ് ടര്‍ബോ ട്രാക്കിലാവുന്നത്. കേരളം വിട്ട് മറ്റിടങ്ങളിലേക്ക് പടരുകയെന്നത് മലയാള സിനിമ അടുത്തകാലത്തായി സ്വീകരിച്ച ഒരു രീതിയാണ്. പ്രേമലു-ഹൈദരാബാദ്, മഞ്ഞുമ്മല്‍ ബോയ്‌സ് -കൊടൈക്കനാല്‍, വര്‍ഷങ്ങള്‍ക്ക് ശേഷം -ചെന്നൈ, ആവേശം -ബംഗളൂരു, ഇതിനൊപ്പം ഹിറ്റായ ആടുജീവിതമാകട്ടെ ഗള്‍ഫിലും. അതേരീതിയില്‍, കഥ മുക്കാലിലേറെയും നടക്കുന്നത് ചെന്നൈയിലാണ്. ചെന്നൈ നഗരവും തമിഴ്‌നാട് രാഷ്ട്രീയവും പൊലീസും ഗ്യാങ്ങുകളും ഒക്കെക്കൂടിയാകുമ്പോള്‍ മമ്മൂട്ടി അഭിനയിക്കുന്ന തമിഴ് സിനിമയാണോ ഇതെന്ന് ഒരുവേള പ്രേക്ഷകന്‍ ചിന്തിച്ചുപോയാലും തെറ്റുപറയാനാവില്ല.
കഥ ക്ലീഷേയാണെങ്കിലും പവര്‍ഫുള്‍ കഥാപാത്രങ്ങളാണ് ടര്‍ബോയുടെ കാതല്‍. വെട്രിവേല്‍ ഷണ്മുഖ സുന്ദരം എന്ന ചെന്നൈയെ വിറപ്പിക്കുന്ന ഗാങ്‌സ്റ്ററായി എത്തുന്നത് കന്നഡ സൂപ്പര്‍ താരം രാജ് ബി. ഷെട്ടി. വില്ലത്തരം കാട്ടുന്ന വെറുമൊരു വില്ലനപ്പുറം ആ കഥാപാത്രത്തെ രാജ് ബി. ഷെട്ടി വേറെ ലെവലിലേക്ക് ഉയര്‍ത്തി. മമ്മൂട്ടി ഒരു വശത്തും രാജ് ബി. ഷെട്ടി മറുവശത്തുമായി സിനിമ മുന്നേറുമ്പോള്‍ പ്രേക്ഷകര്‍ക്ക് മറ്റെന്ത് വേണം. രജനിയുടെ ജയിലറില്‍ ബ്ലാസ്റ്റ് മോഹനായി എത്തിയ തെലുങ്ക് നടന്‍ സുനിൽ ഓട്ടോ ബില്ല എന്ന കോമഡി വില്ലന്‍ കഥാപാത്രമായാണ് എത്തുന്നത്. വെട്രിവേല്‍ ഷണ്മുഖ സുന്ദരത്തിന്റെ വലംകൈയായ വിന്‍സെന്റിനെ അവതരിപ്പിക്കുന്നത് തെലുങ്ക് നടന്‍ കബീര്‍ ദുഹാന്‍ സിങ്.
ഹിറ്റ് സിനിമകളില്‍ സ്ത്രീകഥാപാത്രങ്ങള്‍ എവിടെയെന്നത് മലയാള സിനിമ അടുത്തിടെ ആവര്‍ത്തിച്ചുകേട്ട ചോദ്യങ്ങളിലൊന്നാണ്. ടര്‍ബോ അതിനൊരു മറുപടി നല്‍കുന്നു. ബിന്ദുപണിക്കര്‍-മമ്മൂട്ടി കോംബോ റോഷാക്കിന് ശേഷം വീണ്ടുമൊന്നിക്കുകയാണ് ഈ സിനിമയില്‍. ടര്‍ബോ ജോസിന്റെ അമ്മ റോസക്കുട്ടിയായി എത്തുന്ന ബിന്ദു പണിക്കര്‍ പതിവുപോലെ കഥയിലെ നിര്‍ണായക സാന്നിധ്യമാകുന്നു. സിനിമയെ വെറും അടിപ്പടം എന്നതിനപ്പുറം മണ്ണിലുറപ്പിച്ചു നിര്‍ത്തുന്നത് ടര്‍ബോ ജോസും അമ്മയും തമ്മിലുള്ള ആത്മബന്ധമാണ്. പാച്ചുവും അദ്ഭുതവിളക്കും സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട നടി അഞ്ജന ജയപ്രകാശാണ് ഇന്ദുലേഖ എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കഥാഗതിയെ മുന്നോട്ടു നയിക്കുന്നത് ഇന്ദുലേഖയുടെ ജീവിതത്തിലെ സംഭവവികാസങ്ങളാണ്. ഇവരെ കൂടാതെ, ശബരീഷ് വര്‍മ, അലക്‌സാണ്ടര്‍ പ്രശാന്ത്, ജോണി ആന്റണി, ദിലീഷ് പോത്തന്‍, നിഷാന്ത് സാഗര്‍, നിരഞ്ജന അനൂപ്, അമിന നിജം, ശ്രുതി സുരേഷ്, തമിഴ് നടന്‍ നമോ നാരായണ തുടങ്ങിയവരും ടര്‍ബോയിലുണ്ട്.
മമ്മൂട്ടിയുടെ ആക്ഷന്‍ പടങ്ങള്‍ക്ക് സ്ഥിരം കേള്‍ക്കാറുള്ള ഒരു പേരുദോഷമാണ് തല്ലാന്‍ കൈയാളായി ഇടംവലം വേറെ ആള്‍ വേണമെന്നത്. രാജമാണിക്യത്തിലായാലും ഭീഷ്മപര്‍വത്തിലായാലും ആ ഒരു പരാതിയുണ്ടായിരുന്നു. എന്നാല്‍, ടര്‍ബോയില്‍ ജോസ് ഒറ്റക്കാണ്. ഇത്ര കിടിലന്‍ സംഘട്ടനരംഗങ്ങള്‍ 72കാരനായ ഒരു നടനാണ് ചെയ്തിരിക്കുന്നതെന്ന് മമ്മൂട്ടിയെ അറിയാവുന്നവര്‍ക്ക് മാത്രം ഉള്‍ക്കൊള്ളാനാവും. ഇടവേളക്ക് ശേഷം സിനിമ വേറൊരു ട്രാക്കിലേക്ക് കടക്കുകയാണ്, അടിയോടടി. ക്ലൈമാക്‌സിലെ മിനിറ്റുകളോളം നീണ്ടുനില്‍ക്കുന്ന ഫൈറ്റ് സീനുകളിലെ മമ്മൂട്ടിയുടെ പ്രകടനം ഞെട്ടിക്കും. മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച ആക്ഷന്‍ സീക്വന്‍സുകളാണ് വൈശാഖ് പകര്‍ത്തിയിരിക്കുന്നത്. ഹോളിവുഡ് ആക്ഷന്‍ സിനിമകളുടെ അവിഭാജ്യഘടകമായ റോഡ് ചേസിങ് സീനുകള്‍ മലയാള സിനിമകളില്‍ അധികം കണ്ടിട്ടില്ല. എന്നാല്‍, ത്രില്ലടിപ്പിക്കുന്ന കാര്‍ ചേസിങ് രംഗങ്ങളാണ് ടര്‍ബോയിലുള്ളത്.
ടര്‍ബോയിലെ പശ്ചാത്തലസംഗീതമാണ് പടത്തിന്റെ മറ്റൊരു ഹൈലൈറ്റ്. സംഘട്ടനരംഗങ്ങളെ അത്രയേറെ ത്രില്ലുനിറഞ്ഞതാക്കുന്നതില്‍ ക്രിസ്റ്റോ സേവ്യറിന്റെ പശ്ചാത്തലസംഗീതത്തിന് വലിയ പങ്കാണുള്ളത്. ഭ്രമയുഗത്തില്‍ നല്‍കിയതിന്റെ തുടര്‍ച്ചയാണ് ക്രിസ്റ്റോ സേവ്യര്‍ ടര്‍ബോയില്‍ പ്രേക്ഷകര്‍ക്ക് നല്‍കുന്നത്. ടര്‍ബോ ജോസിന്റെ ഇന്‍ട്രോയേക്കാള്‍ ഒരുപടി മുന്നില്‍ നില്‍ക്കുന്നത് വെട്രിവേല്‍ സുന്ദരത്തിനും ഓട്ടോ ബില്ലക്കും നല്‍കിയ ബാക്ക്ഗ്രൗണ്ട് സ്‌കോറുകളാണ്.
കൊലകൊമ്പന്മാരായ വില്ലന്മാരെ അടിച്ചൊതുക്കി വിജയിക്കുന്ന നാടന്‍ നായകന്റെ സ്ഥിരം ചേരുവയാണ് മിഥുന്‍ മാനുവല്‍ തോമസിന്റെ കഥ. പ്രത്യേകിച്ച് പുതുമയൊന്നുമില്ല. എന്നാല്‍, കേന്ദ്ര കഥാപാത്രമായ ടര്‍ബോ ജോസിന് ഒരു ഹ്യൂമര്‍ ടച്ച് കൊടുത്തതിലൂടെ കഥപറച്ചില്‍ അല്‍പ്പം സരസമാക്കി. മമ്മൂട്ടിയാകട്ടെ ആ ഹ്യൂമറിനെ നന്നായി കൈകാര്യം ചെയ്യുകയും ചെയ്തു. ഒറ്റ സീനില്‍ വലിയ കഥാവികാസങ്ങള്‍ സംഭവിച്ചുപോകുന്ന രീതി മിഥുന്‍ മാനുവലിന്റെ പല സിനിമകളിലും കാണാം. ടര്‍ബോയിലും അത്തരം സീനുകളുണ്ട്. എന്നാല്‍, പടത്തില്‍ ഒരിടത്തും ഇഴച്ചിലോ മടുപ്പിക്കലോ ഇല്ല.
പഴകുംതോറും വീര്യം കൂടുകയാണ് മമ്മൂട്ടി എന്ന നടന്. അടുത്തകാലത്തായി മമ്മൂട്ടി കൈവെച്ച കഥാപാത്രങ്ങളെല്ലാം ആ നടന്റെ അഭിനയാഭിനിവേശം എത്രത്തോളമാണെന്ന് വെളിവാക്കുന്നതാണ്. പലപല തുറകളിലായുള്ള കഥാപാത്രങ്ങള്‍. അവയോടൊപ്പം തിയറ്ററില്‍ പ്രേക്ഷകര്‍ക്ക് ആര്‍ത്തുവിളിക്കാനും ആഘോഷമാക്കാനും ഒരു കഥാപാത്രം കൂടി വേണമെന്നുള്ളതാവാം ടര്‍ബോ ജോസ് എന്ന കഥാപാത്രത്തിന് പിന്നില്‍. ആക്ഷനില്‍ താന്‍ ഒട്ടുംപിന്നിലല്ലെന്ന് കാണിക്കാന്‍ വല്ലാത്തൊരു ശിശുസഹജമായ ത്വരയുണ്ടായിരിക്കാം അദ്ദേഹത്തില്‍. ആ ചുറുചുറുക്കും ആവേശവും ടര്‍ബോയില്‍ ഉടനീളം കാണാം.
ടര്‍ബോ ഒരു ആക്ഷന്‍ മാസ് മസാല പടമാണെന്ന ധാരണയോടെ തന്നെ തിയറ്ററിലേക്ക് പോകണം. കഥയിലെ ലോജിക്കൊന്നും ആലോചിച്ച് കഷ്ടപ്പെടരുത്. ഏറ്റവുമൊടുവിലത്തെ സീനില്‍ സംവിധായകന്‍ ഒരു ഉഗ്രന്‍ സസ്‌പെന്‍സ് ഒളിപ്പിച്ചുവെച്ചിട്ടുണ്ട്. ആ സീനിലെ അഡ്രിനാലിന്‍ റഷ് കൂടി അനുഭവിച്ച് വേണം തിയറ്റര്‍ വിടാന്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.