ലിംക ബുക്ക് ഓഫ് റെക്കോഡുമായി സനിൽ ദീപ്

ശബ്ദത്തിലൂടെയൊരു ലോകസഞ്ചാരം

ലോകം മുഴുവൻ സഞ്ചരിക്കണം എന്ന ആഗ്രഹം നമ്മളിൽ പലർക്കുമുണ്ട്. അതിനായി ആകുംവിധം നമ്മൾ ശ്രമിക്കാറുമുണ്ട്. എന്നാൽ, ശബ്ദത്തിലൂടെ മാത്രം വേറിട്ട രീതിയിൽ ലോകം ചുറ്റാൻ ശ്രമിക്കുന്ന വ്യക്തിയാണ് കോഴിക്കോട് കണ്ണഞ്ചേരി സ്വദേശി സനിൽ ദീപ്. ഹാം റേഡിയോ വഴിയുള്ള ആശയവിനിമയത്തിലൂടെ രാജ്യങ്ങളുടെ അതിർവരമ്പ് ഭേദിച്ച് സഞ്ചരിക്കുകയാണ് ഇദ്ദേഹം. യു.എൻ അംഗീകരിച്ച ഏക ഹോബിയായ ഹാം റേഡിയോ സനിലിന്‍റെ മനസ്സിലേക്ക് കടന്നുവന്നത് 1980കളിലാണ്. 1979ൽ മീഞ്ചന്ത ഗവൺമെന്‍റ് ആർട്സ് കോളജിൽ ബി.എ ഇക്കണോമിക്സ് വിദ്യാർഥിയായിരിക്കുമ്പോഴാണ് റേഡിയോ കേൾക്കൽ ശീലമായി മാറിയത്. ഇംഗ്ലീഷ് പത്രങ്ങൾ അപൂർവമായ അക്കാലത്ത് ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനത്തിന് റേഡിയോ ന്യൂസ് ബുള്ളറ്റിനുകളായിരുന്നു ഏക ആശ്രയം. ഓൾ ഇന്ത്യ റേഡിയോക്കൊപ്പം റേഡിയോ സിലോണും ബി.ബി.സിയും കേൾക്കുന്നത് പതിവാക്കി. ഇടക്കിടെ റേഡിയോ സ്റ്റേഷനുകൾക്ക് കത്തയക്കുകയും ചെയ്യും. തമിഴ്നാട് ഡിണ്ടിഗൽ സ്വദേശിയായ ധനപാലനാണ് ഇതിനെല്ലാം സനിലിന് പ്രേരണയായത്.

മറുപടിക്കത്തുകൾ

കത്ത് കിട്ടിയതിന് നന്ദിയർപ്പിച്ച് റേഡിയോ സ്റ്റേഷനുകൾ ക്യു.എസ്.എൽ കാർഡുകൾ മറുപടിയായി തിരിച്ചയക്കും. 1982ൽ ട്യൂൺ ചെയ്യുന്നതിനിടയിൽ ആസ്ട്രേലിയൻ റേഡിയോ സ്റ്റേഷൻ കേൾക്കാൻ സാധിച്ചത് കൗതുകകരമായി തോന്നിയെന്ന് സനിൽ പറയുന്നു. ഇത് ഉറപ്പാക്കാൻ വേണ്ടി താൻ കേട്ട ആസ്ട്രേലിയൻ സ്റ്റേഷനിലേക്ക് കത്തയച്ചു. നിങ്ങൾ ഞങ്ങളുടെ പരിപാടി കേട്ടതിന് നന്ദി പറഞ്ഞ് ആസ്ട്രേലിയൻ റേഡിയോയിൽ നിന്ന് മറുപടി കത്തും ലഭിച്ചു. ആദ്യമായി കത്ത് കിട്ടിയപ്പോൾ പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷമായിരുന്നു. അംഗീകാരമായാണ് അതിനെ കാണുന്നത് -സനിൽ ദീപ് പറയുന്നു.

കോഴിക്കോട് എരഞ്ഞിപ്പാലം സ്വദേശിയായ അനിൽ കോളിയാട്ടുമായുള്ള സൗഹൃദമാണ് ഹാം റേഡിയോ എന്ന വാർത്താവിനിമയ രംഗത്തേക്ക് കടന്നുവരാൻ സനിലിന് വഴിയൊരുക്കിയത്. തുടർന്ന് ഒരു റേഡിയോ സ്വന്തമാക്കാനുള്ള തത്രപ്പാടായിരുന്നു. അതിനിടെ സൗത്ത് മലബാർ ഗ്രാമീൺ ബാങ്കിൽ അസി. മാനേജറായി ജോലി ലഭിച്ചു. ജപ്പാൻ കമ്പനിയായ യാസു റിസീവർ ഇറക്കുമതി ചെയ്തതോടെ സനിൽ ഹാം റേഡിയോ രംഗത്തേക്ക് ചുവടുവെക്കുകയായിരുന്നു.

വീടിന്‍റെ ടെറസിന്‍റെ മുകളിൽ ആന്‍റിനയും മറ്റും സ്ഥാപിച്ചു. വി.എച്ച്.എഫ് ട്രാൻസീവറും എച്ച്. എഫ് ട്രാൻസീവറും മൈക്കും ഒരുക്കി. 1990 ലാണ് ഇന്ത്യയിലെ ഹാം റേഡിയോകളെ നിയന്ത്രിക്കുന്ന വയർലെസ് പ്ലാനിങ് വിങ് ഡൽഹിയിൽ നിന്ന് സനിലിന് ലൈസൻസ് ലഭിക്കുന്നത്. റേഡിയോ ഹാംബർഗ്, നെതർലൻഡ്സ്, സ്വീഡൻ, ഹവാന, എക്വഡോർ തുടങ്ങി നൂറോളം സ്റ്റേഷനുകൾ ആദ്യ കാലഘട്ടത്തിൽ കേട്ടുതുടങ്ങി. ഓരോ ഹാമും കോഡ് നമ്പർ മുഖേനയാണ് ആശയവിനിമയം നടത്തുക. VU3SIO എന്ന കോഡിലാണ് സനിൽ ഹാം ക്ലബിൽ അറിയപ്പെടുന്നത്.




 റെക്കോഡ് തിളക്കത്തിൽ

രാജ്യാന്തരതലത്തിൽ ഹാം റേഡിയോകളെ നിയന്ത്രിക്കുന്നത് അമേരിക്കൻ റേഡിയോ റിലേ ലീഗ് എന്ന സംഘടനയാണ്. 1998 ലാണ് സനിലിന് ആദ്യ അവാർഡ് ലഭിക്കുന്നത്. അമേരിക്കൻ റേഡിയോ റിലേ ലീഗിന്‍റെ ഡിഎക്സ് സെഞ്ച്വറി ക്ലബ് അവാർഡ് നേടിയതോടെ അന്താരാഷ്ട്ര തലത്തിൽ തന്നെ സനിലിന്‍റെ കോഡ് ശ്രദ്ധേയമായി. 108 രാജ്യങ്ങളിലെ റിലേ സ്റ്റേഷനുകളുമായി ക്യു.എസ്.എൽ കാർഡുകൾ വഴി വിനിമയം നടത്തിയ ആദ്യ മലയാളി കൂടിയാണ് സനിൽ. റേഡിയോ സ്റ്റേഷനുകൾക്കപ്പുറത്ത് കടൽ, വ്യോമ ഗതാഗത രംഗത്തുള്ളവരുമായും ബന്ധപ്പെടാൻ സനിലിന് കഴിഞ്ഞിട്ടുണ്ട്. ഇറ്റലിക്ക് മുകളിലൂടെ പറക്കുകയായിരുന്ന വിമാനത്തിലെ പൈലറ്റുമായി സംസാരിക്കാൻ കഴിഞ്ഞതാണ് സനിലിന്‍റെ ജീവിതത്തിലെ മറക്കാൻ കഴിയാത്ത അനുഭവങ്ങളിലൊന്ന്.

അഞ്ച് ഇന്ത്യൻ ബുക്ക് ഓഫ് റെക്കോഡുകളും മൂന്ന് ഏഷ്യ ബുക്ക് ഓഫ് റെക്കോഡുകളും രണ്ട് വേൾഡ് റെക്കോഡ് ഇന്ത്യയും ലിംക ബുക്ക് ഓഫ് റെക്കോഡും സ്വന്തമാക്കിയിട്ടുണ്ട് സനിൽ. കേരള ഗ്രാമീൺ ബാങ്കിൽനിന്നും സീനിയർ മാനേജർ ആയി വിരമിച്ച ഇദ്ദേഹത്തിന് പൂർണ പിന്തുണയുമായി ഭാര്യ അഖില സനിലും മകൻ ഷാരൂണും ഉണ്ട്. ഒരു ഹാമുമായി യൂറോപ്യൻ, അമേരിക്കൻ, ആഫ്രിക്കൻ രാജ്യങ്ങൾ മുതൽ കരീബിയൻ ഉപദ്വീപുകളിൽ വരെ തന്‍റെ ശബ്ദം എത്തിക്കാൻ കഴിഞ്ഞ സനിൽ ഇന്നും ലോകരാജ്യങ്ങളിലൂടെയുള്ള ശബ്ദസഞ്ചാരം തുടരുകയാണ്.


Tags:    
News Summary - A world tour through sound

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.