‘‘കാലനില്ലാക്കാലത്തൊരു തള്ള
കലികാലക്കാമുകിത്തള്ള
നുണവെച്ചു പൂട്ടിയ താക്കോലുകാണാതെ
ഇണയാകും കിളവനില്‍ തപ്പി തപ്പി
തപ്പോട് തപ്പ് തപ്പ് തപ്പ്
തന്തക്കുടന്തയില്‍ തപ്പ് തപ്പ്’’
മലയാളികളെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ‘പപ്പൻ പ്രിയപ്പെട്ട പപ്പൻ’ എന്ന സിനിമയിലെ ഈ ഗാനം ആരും മറക്കാൻ ഇടയില്ല. ആർ.കെ. ദാമോദരൻ വരികളെഴുതി ആലപ്പി രംഗനാഥ് സംഗീതസംവിധാനം നിർവഹിച്ച ഈ ഗാനം ആലപിച്ചിരിക്കുന്നത് ബാലഗോപാലൻ തമ്പിയാണ്. മലയാളികൾക്ക് അത്ര സുപരിചിതമല്ല ഈ പേര്. എന്നാൽ, ഇന്നും കേൾക്കുന്ന ചില ഗാനങ്ങളിലെ മാസ്മരിക ശബ്ദത്തിന്റെ ഉടമയായ ബാലഗോപാലൻ തമ്പിയെ മലയാള സിനിമ വേണ്ടവിധം ഉപയോഗിച്ചില്ലെന്ന് പറയാം. മലയാളത്തിൽ 22 സിനിമകളിലായി 30ഓളം ഗാനങ്ങൾ അദ്ദേഹം ആലപിച്ചു. 1984ൽ തുടങ്ങി കൃത്യം ഒരു പതിറ്റാണ്ടുമാത്രം നീണ്ടതായിരുന്നു അദ്ദേഹത്തിന്റെ സംഗീതയാത്ര. പിന്നീട് മലയാളികൾ സിനിമയിലൂടെ ആ ശബ്ദം കേട്ടില്ല.
കുട്ടിക്കാലം മുതൽ പാടുമായിരുന്ന തമ്പി മത്സരങ്ങൾക്കൊക്കെ പങ്കെടുക്കുകയും ധാരാളം സമ്മാനങ്ങൾ വാരിക്കൂട്ടുകയും ചെയ്തിട്ടുണ്ട്. സംഗീതം ശാസ്ത്രീയമായി പഠിച്ചു, അമ്മയാണ് ആദ്യത്തെ ഗുരു. ഹരിപ്പാട് നാരായണപിള്ള ശാസ്ത്രീയമായി സംഗീതം പഠിപ്പിച്ചു. പിന്നീട് മാവേലിക്കര പ്രഭാകരവർമയുടെ കീഴിലും സംഗീതം പഠിച്ചു. 1983ലായിരുന്നു മലയാള സിനിമാഗാനരംഗത്തേക്ക് ബാലഗോപാലൻ തമ്പിയുടെ അരങ്ങേറ്റം. സുഹൃത്തും ഉദയ സ്റ്റുഡിയോയിൽ അസോസിേയറ്റ് ഡയറക്ടറുമായിരുന്ന വേണുവിലൂടെയായിരുന്നു ഈ പ്രവേശനം.
എം.കെ. അർജുനൻ മാഷ്, ജോൺസൺ മാഷ്, ജെറി അമൽദേവ്, രവീന്ദ്രൻ, മോഹൻ സിത്താര, കണ്ണൂർ രാജൻ, എസ്.പി. വെങ്കിടേഷ്, ആലപ്പി രംഗനാഥ് എന്നീ പ്രതിഭകൾക്കൊപ്പം പാടിത്തിളങ്ങി. പി. ഭാസ്കരൻ, ഒ.എൻ.വി. കുറുപ്പ്, ബിച്ചു തിരുമല, പൂവച്ചൽ ഖാദർ, കൈതപ്രം, ഗിരീഷ് പുത്തഞ്ചേരി തുടങ്ങിയ അനശ്വര ഗാനരചയിതാക്കളുടെ വരികളായിരുന്നു അവയിലേറെയും. കൂടെ പാടിയത് യേശുദാസിനും ചിത്രക്കും സുജാതക്കും എം.ജി. ശ്രീകുമാർ, വാണി ജയറാം തുടങ്ങിയവർക്കൊപ്പവും. എന്നാൽ, മലയാള ചലച്ചിത്രഗാനരംഗത്ത് അധികകാലം മുന്നോട്ടുപോകാൻ ബാലഗോപാലൻ തമ്പിക്ക് കഴിഞ്ഞില്ല. മലയാള സിനിമാ ഗാനരംഗത്തുനിന്ന് വിട്ടുനിന്നെങ്കിലും ഗാനമേളകളിൽ സജീവമായി. ഗോഡ്ഫാദർമാരില്ലെങ്കിൽ പിടിച്ചുനിൽക്കുക പ്രയാസമായിരിക്കും എന്നത് അദ്ദേഹത്തിന്റെ ജീവിതംതന്നെ പറഞ്ഞുവെച്ചു.
ജോൺസൺ മാഷിന്റെ പ്രിയപ്പെട്ട ഗായകരിലൊരാളായിരുന്നു ബാലഗോപാലൻ തമ്പി. 1989ൽ ഇറങ്ങിയ കിരീടത്തിൽ ബാലഗോപാലൻ തമ്പി-ജോൺസൺ മാഷ്-കൈതപ്രം കൂട്ടുകെട്ടിൽ പിറന്ന ‘‘മേടപ്പൊന്നോടം കൈയെത്തുന്നേടം കന്നിക്കൈനീട്ടംപോലെ...’’ എന്നു തുടങ്ങുന്ന ഗാനം പാടിയെങ്കിലും ചിത്രമിറങ്ങിയപ്പോൾ ആ ഗാനം സിനിമയിലുണ്ടായില്ല. അന്നത് ഇറങ്ങിയിരുന്നെങ്കിൽ ഒരുപക്ഷേ, ബാലഗോപാലൻ തമ്പി ചലച്ചിത്രഗാനരംഗത്ത് ഇന്നും ഒഴിച്ചുകൂടാൻ പറ്റാത്ത ഗായകനായി മാറുമായിരുന്നു. അത്രയേറെ മനോഹരമായിരുന്നു ആ ഗാനം. മുപ്പതോളം ഗാനങ്ങളാണ് മലയാള സിനിമക്കുവേണ്ടി പാടിയതെങ്കിലും (അതും ചെറിയ കാലയളവിനുള്ളിലാണ് ഇത്രയധികം പാട്ടുകൾ പാടിയിരിക്കുന്നത്) പാടിയ ഓരോ ഗാനവും മനോഹരമായിരുന്നു. ജോൺസൺ സാറാണ് ഏറ്റവും കൂടുതൽ ബാലഗോപാലൻ തമ്പിയെ സഹായിച്ചിരുന്നതെന്ന് അദ്ദേഹം തന്നെ പറയുമ്പോൾ എങ്ങനെ സിനിമയിൽനിന്ന് പൊടുന്നനെ അപ്രത്യക്ഷമായി എന്ന മറുചോദ്യത്തിന് കൺകോണിലെവിടെയോ ദുഃഖഭാവം നിറഞ്ഞ പുഞ്ചിരിയായിരുന്നു ഉത്തരം. 1984ൽ ഇറങ്ങിയ ‘സ്വർണഗോപുരം’ എന്ന ചിത്രത്തിൽ സുശീലക്കും വാണി ജയറാമിനുമൊപ്പം പാടി. ജോൺസൺ മാഷ് ഇന്നുണ്ടായിരുന്നെങ്കിൽ ബാലഗോപാലൻ തമ്പിയെ കൈവിടുമായിരുന്നിെല്ലന്ന് അദ്ദേഹത്തിന്റെ വാക്കുകളിൽനിന്ന് വായിച്ചെടുക്കാനാകുമായിരുന്നു. സംഗീതലോകത്ത് തുടരാൻ ഗായകൻ മാത്രം വിചാരിച്ചതുകൊണ്ടായില്ലല്ലോ... മോഹൻ സിത്താരയും ഏറെ സഹായിച്ചിരുന്നെന്ന് അദ്ദേഹം പറയുമ്പോൾ എന്തുകൊണ്ട് ഇന്ന് ആരും അദ്ദേഹത്തെ തേടിവരുന്നില്ല എന്നചോദ്യം ആ ശബ്ദമാധുര്യം അനുഭവിച്ച ഏതൊരു സംഗീതപ്രേമിയും ചോദിക്കും.
1988ൽ ഇറങ്ങിയ, ഹാസ്യസമ്രാട്ടുകളായ പപ്പു, ജഗതി, മാള എന്നിവരുടെ ‘ലൂസ് ലൂസ് അരപ്പിരി ലൂസ്’ ചിത്രത്തിൽ യേശുദാസിന്റെ കൂടെ പാടിയിരിക്കുന്നത് ബാലഗോപാലൻ തമ്പിയാണ്. ‘നെറ്റിപ്പട്ടം’ സിനിമയിൽ 1991ലാണ് ചിത്രയുടെ കൂടെ പാടിയത്. ‘‘ചോതിക്കൊഴുന്നേ ചാമക്കിളുന്നേ
ചോദിച്ചോട്ടെ നിങ്ങടങ്ങേ പാകോതിത്തെയ്യപ്പറമ്പില്‍...’’ ഈഗാനം കേട്ട മലയാളികൾക്ക് അങ്ങനെ മറക്കാനാവുന്നതാണോ ബാലഗോപാലൻ തമ്പിയെ.
‘‘ഇനിയൊരു ഗാനവുമായ് പോരൂ ഇതുവഴി രാപ്പാടി
യാമിനിയാടുന്നൂ മഞ്ഞിൻ മുഖപടവും ചാർത്തി
താരാഹാരം മാറിൽ തുള്ളിത്തുള്ളി
ഓരോ ചെറുപൂവിലുമാപദമൂന്നിയാടവേ...’’ ‘എഴുന്നള്ളത്ത്’ എന്ന സിനിമയിൽ ജോൺസൺ മാഷിന്റെ സംഗീതത്തിൽ പാടി നമ്മെ കേൾപ്പിച്ചത് എം.ജി. ശ്രീകുമാറും ബാലഗോപാലൻ തമ്പിയുമാണ്. ’90ന്റെ ആദ്യകാലത്ത് ജോൺസൺ മാഷിന്റെ ഒട്ടുമിക്ക ഗാനങ്ങളും പാടിയത് ഈ അതുല്യഗായകനായിരുന്നു എന്ന് ഇന്ന് കേൾക്കുമ്പോൾ അത്ഭുതം തോന്നാം. ജോൺസൺ മാഷിന് ഏറെ പ്രിയപ്പെട്ടതായിരുന്നു ബാലഗോപാലിന്റെ ശബ്ദം.
1990 കാലഘട്ടത്തില്‍ നിരവധി ഹിറ്റ് ഗാനങ്ങള്‍ മലയാള സിനിമക്ക് സമ്മാനിച്ചു. താമരനെഞ്ചം, കുട്ടത്തിപ്പെണ്ണേ, സ്വര്‍ഗവാതില്‍ തുറന്നു, മാനം പൂമാനം, കവിതകള്‍ വിളയും, കാലനില്ലാ കാലത്തൊരു, നവവത്സരം, കള്ളന്മാരേ എന്നിങ്ങനെ അനവധി ഗാനങ്ങൾ മലയാളത്തിനായി സമ്മാനിച്ച അനുഗൃഹീതഗായകനായിരുന്നു അദ്ദേഹം.
സിബി മലയിലിന്റെ ‘മാലയോഗ’ത്തിലെ
‘പൂത്തുമ്പീ പൂങ്കഴുത്തില്‍ താലികെട്ടണതാരാണ്
പൂമെയ്യില്‍ പട്ടും മാലേം നോക്കിയൊരുക്കണതാരാണ്...’ എന്ന ഗാനം ബാലഗോപാലൻ തമ്പിയുടെ ആലാപനമികവിൽ അക്കാലത്ത് വൻ ഹിറ്റായി മാറിയിരുന്നു. കൈതപ്രം-മോഹൻ സിത്താര ടീമൊരുക്കിയ ആ ഗാനം ഇന്നും കേൾക്കുമ്പോൾ ഒരു പുതുമതോന്നും. തമ്പിയുടെ സ്വരമാധുര്യം അപ്പാടെ പകർത്തപ്പെട്ട ഗാനമായിരുന്നു അത്. ‘നെറ്റിപ്പട്ടം’ എന്ന ചിത്രത്തിലെ ‘ഹരിയും ശ്രീയും വരമായി
മഴവില്‍ യാഴില്‍ സ്വരമേകി...’ എന്ന ഗാനവും ഏറെ മനോഹരമാണ്.
ലെനിൻ രാജേന്ദ്രന്റെ ‘ദൈവത്തിന്റെ വികൃതികൾ’ ചിത്രത്തിലെ
‘ദൂരത്തൊരു തീരത്തിൽനിന്നണയും
കാറ്റു പറഞ്ഞേ...
പോരൂ നീ... പോരൂ
ഇവിടല്ലോ നിന്റെ സ്വർഗം...’ എന്ന ഗാനവും പാടിയതും ബാലഗോപാലൻ തമ്പിതന്നെ. ഒ.എൻ.വി രചിച്ച് മോഹൻ സിത്താര ഈണമിട്ട ഈ ഗാനവും മലയാളി മറക്കാനിടയില്ല. മനസ്സിൽനിന്ന് മായ്ച്ചുകളഞ്ഞാലും കാലമതിനെ മായ്ക്കാതെ നമ്മളെ വീണ്ടും ഓർമിപ്പിച്ചുകൊണ്ടേയിരിക്കും അദ്ദേഹത്തിന്റെ ഗാനങ്ങളിലൂടെ.
l
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.