പാട്ടിൽ ഭാസ്കരൻ മാഷ് വെട്ടിത്തെളിച്ച ഋജുവും വിശാലവുമായ വഴിത്താരയിൽ മാപ്പിളപ്പാട്ടെന്ന ഭാവനാജനുസ്സിന്റെ ഒരു പ്രകാശഗോപുരം ഇന്നും അണയാതെ നിൽക്കുന്നുണ്ട്. വൈവിധ്യവും കൽപനാസമൃദ്ധവുമായ സാധാരണതയുടെ ഭാവതലങ്ങൾ ആ ഗാനങ്ങളുടെ ആധാരശ്രുതിയാണ്.
അദ്ദേഹമെഴുതിയ മാപ്പിളപ്പാട്ടിന്റെ ഭാഷയും ഭാവനയുമെല്ലാം അത്രമാത്രം സാർവത്രികവും അതേ സമയം അനന്യസുന്ദരവുമായിരുന്നു. അത് നമ്മുടെ ഹൃദയത്തെ ഇരുട്ടിൽനിന്ന് വെളിച്ചത്തിലേക്ക് നയിക്കുന്ന പ്രബുദ്ധതയുടെയും മാനവികതയുമൊക്കെ പാട്ടായി മാറുന്നുണ്ട്. മാപ്പിളപ്പാട്ടുകളിലൂടെ സമുദായമൈത്രിയുടെ സന്ദർഭങ്ങൾ ഒരുക്കുകയായിരുന്നു ഭാസ്കരൻ മാഷ്. അവിടെ പാട്ടുകൾ മഹത്തായ രാഷ്ട്രീയ സാംസ്കാരിക പ്രവർത്തനമായി മാറി.
വിദ്യാഭ്യാസ കാലം മുതൽക്കേ ദേശീയ പ്രസ്ഥാനം, കമ്യൂണിസം എന്നിവ അദ്ദേഹത്തെ വശീകരിച്ചിരുന്നു. മാപ്പിളപ്പാട്ടിന്റെ ശീലും താളവുമൊക്കെ ഭാസ്കരൻ മാഷ് തന്റെ പാട്ടുകളിൽ വലിയൊരളവിൽ പടർത്തി. ‘വീറെഴുന്നോരോ നാട്ടിൽ മാപ്പിള സഖാക്കൾ തൻ വീര്യപാരമ്പര്യമൂറും ചോര നമ്മിലില്ലല്ലോ’ എന്നൊക്കെയുള്ള മാപ്പിളശീലുകൾ അദ്ദേഹം എഴുതി.
1947ൽ ‘അപൂർവ സഹോദരർകൾ’ എന്ന തമിഴ് ചിത്രത്തിനുവേണ്ടി ഭാസ്കരൻമാഷ് രചിച്ച മാപ്പിളപ്പാട്ടാണ് ‘കടക്കെണ്ണിൻ തലപ്പത്ത് കറങ്ങുന്ന വണ്ടേ, കളിച്ചും കൊണ്ട് പറക്കുന്നതെന്തിനോ വണ്ടേ’ എന്നത്. ഇതിനൊരു മാപ്പിളപ്പാട്ടിന്റെ സാദൃശ്യവും സാകല്യവുമുണ്ടായിരുന്നു. എന്നാൽ, ലക്ഷണമൊത്ത ഒരു മാപ്പിളപ്പാട്ടായി വന്നത് ‘കായലരികത്ത്’ ആണ്. കേരളീയർ മൊത്തം ഏറ്റുപാടുന്ന ഒരനുഭവം ആ പാട്ടിനുണ്ടായി. കായലരികത്ത് പോലെ ലിറിക്കൽ എലമെന്റ് ഉള്ള ഒരു മാപ്പിളപ്പാട്ടില്ല എന്ന് എം.എൻ. വിജയൻ മാഷ് പറഞ്ഞത് ശ്രദ്ധേയമാണ്. ഭാസ്കരൻ മാഷ് ഒരിക്കൽ എഴുതിയത് ഓർമിച്ചുപോവുകയാണ്.
‘‘സർദാർ കെ.എം. പണിക്കർ ഫ്രാൻസിലെ അംബാസഡർ ആണ്. അദ്ദേഹത്തെ ഡൽഹിയിലെ വസതിയിൽ പോയിക്കാണാൻ ഒരവസരം ലഭിച്ചു. ഞാൻ ഇരുപത് മിനിറ്റ് മുമ്പേ എത്തി. സർദാർ കുളികഴിഞ്ഞ് വന്നതേയുള്ളൂ. അകത്തെ മുറിയിൽനിന്ന് എന്റെ ചെവിയിലേക്ക് ഒരു ഗാനശകലം ഒഴുകിവന്നു.
‘കായലരികത്ത്’ എന്ന പാട്ടായിരുന്നു അത്. സർദാർ സാഹിത്യസാംസ്കാരിക രംഗത്തെക്കുറിച്ച് സംസാരിച്ചു. സന്ദർശനസമയം തീർന്നപ്പോൾ ഞാൻ പറഞ്ഞു. ‘നേരത്തെ ഒരു മൂളിപ്പാട്ട് കേട്ടുവല്ലോ.’ മധുരമായി ചിരിച്ച് സർദാർ പറഞ്ഞു. ‘ഓ... അതൊരു മാപ്പിളപ്പാട്ടാണ്. കേരളത്തിലെ ഏതോ ഒരു മാപ്പിളകവി എഴുതിയതാണ്.
ഇത്ര മനോഹരമായ ഒരു ഗാനം എന്റെ ശ്രദ്ധയിലില്ല. ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു ‘അത് ഞാനെഴുതിയ ഒരു സിനിമാപ്പാട്ടാണ്.’ സർദാർ എഴുന്നേറ്റ് എന്റെ കരം ഗ്രഹിച്ചു.’’ ലോകം മുഴുവൻ ആ പാട്ടിന്റെ പ്രചാരം അത്രക്കധികമായിരുന്നു. 1964ൽ ഭാസ്കരൻ മാഷ് ‘കുട്ടിക്കുപ്പായ’ത്തിനു വേണ്ടി രചിച്ച ‘ഒരു കൊട്ടാപ്പൊന്നുണ്ടല്ലോ’ എന്ന ഒപ്പനപ്പാട്ടും എന്തെന്നില്ലാത്ത പ്രചാരം നേടി.
‘അള്ളാഹു വെച്ചതാം അല്ലലൊന്നില്ലെങ്കിൽ അള്ളാഹുവെത്തന്നെ മറക്കില്ലേ, എല്ലാർക്കുമെപ്പോഴും എല്ലാം തികഞ്ഞാൽ സ്വർലോകത്തിനെ വെറുക്കില്ലേ’ എന്ന കുട്ടിക്കുപ്പായത്തിലെ ‘പൊൻ വളയില്ലെങ്കിലും’ പാട്ടിൽ അത്രക്കും അഗാധമായൊരു സമർപ്പണമുണ്ടായിരുന്നു. മാപ്പിളപ്പാട്ടിന്റെ ലളിതവും മനോഹരവുമായ ഒരു ലാവണ്യസംസ്കാരം അത്രമേൽ പ്രബലമാണ് ഭാസ്കരൻ മാഷിന്റെ പാട്ടുകളിൽ. മാപ്പിളപ്പാട്ടിന്റെ കമ്പിയും കഴുത്തുമൊക്കെ കവിക്ക് സ്വായത്തം. അതിൽ ചിലപ്പോൾ അദ്ദേഹം ദാർശനികതയുടെ സൗന്ദര്യമാനങ്ങൾ സമന്വയിപ്പിക്കുന്നു.
‘അള്ളാവിൻ കാരുണ്യമില്ലെങ്കിൽ ഭൂമിയിൽ’ എന്ന പാട്ടിലെ ‘ഇന്നത്തെ മന്നവൻ നാളത്തെ യാചകൻ, ഇന്നത്തെ സമ്പന്നൻ നാളെ വെറും യത്തീം’ എന്നൊക്കെ തോറ്റിയുണർത്തുന്ന ചിന്താധാരകൾ ഇന്നും പ്രസക്തമാകുന്നു. വർത്തമാനകാലത്തിന്റെ ആരോഹണവും ഭാവികാലത്തിന്റെ അവരോഹണവുംകൊണ്ട് സന്തുലിതമാകുന്ന ഒരു ശൈലിയാണിത്. ‘ലൈലാമജ്നു’ എന്ന ചിത്രത്തിലെ ‘അന്നത്തിനും പഞ്ഞമില്ല സ്വർണത്തിനും പഞ്ഞമില്ല, മന്നിതിൽ കരുണയ്ക്കാണ് പഞ്ഞം സഹോദരരേ’ എന്ന പാട്ടിലും ലോകദർശനത്തിന്റെ ലളിതപ്രസ്താവനകൾ പൂവിടർത്തുന്നുണ്ട്. ‘യത്തീമിൻ കൈപിടിച്ച് അത്താഴമൂട്ടുന്നവർ ഉത്തമൻ അള്ളാവിൻ കണ്ണിൽ സഹോദരരേ’ എന്ന വരി കൂടിയാവുമ്പോൾ ആ പാട്ട് അതിലെ സന്ദേശത്തിൽ പൂർണമാവുന്നു.
വിശുദ്ധമക്കയെക്കുറിച്ച് ഭാസ്കരൻ മാഷ് എഴുതിയ മറ്റൊരു പാട്ടുണ്ട് ‘ലൈലാമജ്നു’വിൽ. ‘കണ്ണിനകത്തൊരു കണ്ണുണ്ട്, അത് കണ്ടുപിടിച്ച് തുറക്കുക നീ, എന്നാൽ, സോദരവിശ്വാസികളുടെ സുന്ദരനഗരം മെക്കാ കാണാം, കണ്ണിൻകണിയായ് കരളിന്നമൃതായ് മണ്ണിലെ വിണ്ണാം മെക്കാ കാണാം, പാവനനായ മുഹമ്മദ് മുസ്തഫ പള്ളിയുറങ്ങും മക്ബറ കാണാം’ എന്നിങ്ങനെ ഭക്തിയും തത്ത്വചിന്തയും മാറിമാറി വരുന്ന എത്രയോ ഗാനങ്ങളുണ്ട്.
‘കുഞ്ഞാലി മരക്കാർ’ എന്ന ചിത്രത്തിൽ പി. ലീല പാടിയ ‘മുറ്റത്ത് പൂക്കുന്ന മുല്ലത്തൊടിയിലെ മുട്ടിച്ചെരുപ്പിന്റെ ചെത്തം കേട്ടപ്പോ’ എന്ന പാട്ടിൽ പ്രണയത്തിന്റെ നിഴൽ വീണുകിടപ്പുണ്ട്. ‘ഓളവും തീരവും’ എന്ന ചിത്രത്തിൽ പി. ഭാസ്കരൻ എഴുതി ബാബുരാജ് ഈണമിട്ട ‘കവിളിലുള്ള മഴവില്ലിന്’ എന്ന പാട്ടും ഇത്തരത്തിലുള്ളതാണ്. ‘തുറക്കാത്ത വാതിൽ’ എന്ന സിനിമയിലെ ‘കടക്കണ്ണിൽ മുനകൊണ്ട് കത്തെഴുതി പോസ്റ്റ് ചെയ്യാൻ’ എന്ന് തുടങ്ങുന്ന പാട്ടിലും ഒരു മുസ്ലിം പശ്ചാത്തലമുണ്ടായിരുന്നു. ‘ഉമ്മാച്ചു’വിൽ ബി. വസന്ത പാടിയ ‘കിളിയേ കിളിയേ’ എന്ന പാട്ടും ഭാസ്കരന്റെ വരികളാണ്.
രാഘവൻമാഷ് പാടിയ ‘‘പകലവനിന്ന് മറയുമ്പോൾ’ എന്ന പാട്ടിലെ ബിംബങ്ങളെല്ലാം ഭാസ്കരൻ മാഷ് ഒരുക്കിയത് മാപ്പിളപ്പാട്ടിൽ ഉപയോഗിക്കാറുള്ള വാക്കുകൾ ഉപയോഗിച്ചാണ്. ‘തരിവള കരംകൊട്ടി, തരമൊട് കിസ്സകൾ പലതും കാട്ടി, കളിചിരിയോടെ മൊഞ്ച് കലർന്ന കളമൊഴിമാരെത്തി’ പലപല കുളിരണിവിശറികളത്തറിൽ മുക്കി പുതുമകൾ കാട്ടിടും’ ഇങ്ങനെ പോകുന്നു ഈ പാട്ടിലെ മൈലാഞ്ചിച്ചന്തങ്ങൾ.
‘കണ്ടംവെച്ച കോട്ടി’ൽ ബാബുരാജിന്റെ ഈണത്തിൽ മാപ്പിളശൈലിയിലുള്ള നിരവധി ഗാനങ്ങൾ ഒരുക്കി ഭാസ്കരൻ മാഷ്. ‘ആനന്ദസാമ്രാജ്യത്തിൽ ഞാനല്ലോ രാജകുമാരി’ ‘ആട്ടെ പോട്ടെ ഇരിക്കട്ടെ ലൈലേ’, ‘അള്ളാവിൻ തിരുവുള്ളമിതേ (പി.ബി. ശ്രീനിവാസ്), ‘കണ്ടംവെച്ചൊരു കോട്ടാണ്’, ‘മാപ്പിള പുതുമാപ്പിള വരുമല്ലോ’, ‘പുത്തൻ മണവാട്ടി പുന്നാര മണവാട്ടി (ഒപ്പന) എന്നിങ്ങനെ ആറോളം ഗാനങ്ങൾ. ബാബുരാജ് ഈണം പകർന്ന് പി. ലീലയും കോറസ്സും ചേർന്ന് പാടിയ ‘കൊഞ്ചുന്ന പൈങ്കിളിയാണ് മൊഞ്ചുള്ള സുന്ദരിയാണ് എന്ന ഒപ്പനപ്പാട്ട് എഴുതിയതും ഭാസ്കരൻമാഷാണ്.
‘സുബൈദ’ എന്ന ചിത്രത്തിൽ ഭാസ്കരൻ മാഷെഴുതിയ മറ്റൊരു ഒപ്പനപ്പാട്ടുണ്ട്. ‘ഈ ചിരിയും ചിരിയല്ല ഈ കളിയും കളിയല്ല’ എന്ന ഈ പാട്ടെഴുതിയതും ഭാസ്കരൻമാഷാണ്. ഈ ചിത്രത്തിൽത്തന്നെ, ‘ഒരു കുടുക്കാ പൊന്ന് തരാം’ എന്ന മറ്റൊരു മാപ്പിളപ്പാട്ടും കൂടിയുണ്ട് മാഷിന്റേതായി. ‘മണിയറ’ എന്ന സിനിമയിലെ മാപ്പിളപ്പാട്ടുകൾ ഭാസ്കരൻ-എ.ടി. ഉമ്മർ ടീമിന്റേതായിരുന്നു. ‘പാരിലാകെ കാരുണ്യകരുളം വീശി ശാന്തിമാർഗം കാട്ടിയ മുഹമ്മദ് മുസ്തഫാ’ എന്ന പാട്ടിന് ഒരു ഖവാലി സ്റ്റൈൽ ആണുള്ളത്. മിഴിയിണ ഞാനടക്കുമ്പോൾ നിറവിന്റെ കായലിൽ, പെണ്ണേ മണവാട്ടിപ്പെണ്ണേ എന്നിവ ഈ ചിത്രത്തിലെ മറ്റ് മാപ്പിളപ്പാട്ടുകളാണ്.
പി. ഭാസ്കരൻ-എ.ടി. ഉമ്മർ ടീമിന്റെ ‘മൈലാഞ്ചിയിലെ മലർവാകപ്പുതുമാരൻ, കൊക്കരക്കൊക്കരേ കോയിക്കുഞ്ഞേ (വിളയിൽ വത്സലയും വി.എം. കുട്ടിയും) എന്നിവയെല്ലാം പ്രചുരപ്രചാരത്തിലുള്ള മാപ്പിളപ്പാട്ടുകളിൽപെടുന്നു. ‘കാലംമാറി കഥ മാറി’യിലെ ‘പടച്ചവനേ, കരം പിടിച്ചവനേ’ എന്ന ഗാനവും എഴുതിയത് ഭാസ്കരൻ മാഷാണ്. പ്രണയാനുഭവത്തെ മാപ്പിളപ്പാട്ടിന്റെ മൂശയിൽ വാർത്തെടുത്ത എത്രയോ ഗാനങ്ങളുണ്ട് ഭാസ്കരൻ മാഷിന്റെ ക്രെഡിറ്റിൽ.
‘കാടെല്ലാം പൂത്തുപൂത്തു കൈലി ചുറ്റണകാലത്ത് കാണാമെന്നോതിയില്ലേ സൈനബ’ എന്ന പാട്ട് ഇപ്പോഴും സാധാരണക്കരന്റെ ചുണ്ടത്ത് പാലും തേനുമാണ്. ‘മനിസ്സന്റെ നെഞ്ചിൽ പടച്ചോൻ കുയിച്ചിട്ട മധുരക്കനിയാണനുരാഗം’ (നീലിസാലി) എന്ന വരിയിലുമുണ്ട് സാധാരണ മനുഷ്യന്റെ അനുരാഗ വിചാരങ്ങൾ. ‘ഞാൻ വളർത്തിയ ഖൽബിലെ മോഹം പോത്തുപോലെ വളർന്നല്ലോ, ഞാൻ കാത്തുകാത്ത് കുഴഞ്ഞല്ലോ’ എന്ന പാട്ട് ഭാസ്കരൻമാഷിന്റെ ‘നീയല്ലാതാരുണ്ടെന്നുടെ’ എന്നതിന്റെ തുടർച്ചവരികളായിരുന്നു.
അതേസമയം ആത്മീയതയുടെ തെളിച്ചം പടർന്നുകിടക്കുന്ന ‘കണ്ടംവെച്ച കോട്ടിലെ’ വരികൾ ശ്രദ്ധിച്ചുനോക്കൂ. ‘ഏതൊരു കൂരിരുൾ തന്നിലും ഒരു ചെറു പാത തെളിച്ചിടും അള്ളാഹു, കണ്ണീർക്കടലിൽ നീന്തും കരളിന് കരയായ് തീർന്നിടും അള്ളാഹു’ എന്ന വരികൾ ഒരാളിൽ ഭക്തിയുടെ ചെറുപാതകൾ തെളിച്ചിടുമെന്നുറപ്പാണ്. എങ്കിലും പ്രണയം പറയുവാനാണ് അദ്ദേഹം മാപ്പിളപ്പാട്ടിന്റെ ലളിതശൈലികൾ കൂടുതലും കടം വാങ്ങിയത്.
അത്യന്തം ലളിതസുന്ദരമായ വാക്കുകളാൽ പാട്ടിൽ പ്രണയം വരച്ചിടുകയാ
യിരുന്നു ഭാസ്കരൻ മാഷ് ‘അരളിമരച്ചോട്ടിൽ ആറ്റിലെ മണലിമ്മേൽ കളിപ്പുരവെച്ചില്ലേ, പണ്ട് കരിഞ്ചീരയരിഞ്ഞിട്ട് കണ്ണഞ്ചിരട്ടയിൽ ബിരിയാണി വെച്ചില്ലേ’ എന്ന ഗൃഹാതുരത തുളുമ്പുന്ന കുട്ടിക്കുപ്പായത്തിലെ പാട്ട് ഓർക്കാത്ത ഏത് മലയാളിയുണ്ട്. ‘ഖൽബിലുള്ള സ്നേഹത്തിൻ കറുകനാമ്പ് തന്നുതിന്ന് ദിക്റ് പാടി എളേമ്മ നിന്നെ ഉറക്കാം പൊന്നേ (സുബൈദ)’ ‘കൺമണി നിൻ മലർത്തൂമുഖം കാണാതെ കണ്ണടച്ചിടും ഞാനെന്നാലും ഉമ്മടെ കണ്ണാണ് ഉപ്പാടെ കരളാണ്’ (കുപ്പിവള) എന്നീ ഗാനങ്ങളിൽ വാത്സല്യത്തിന്റെ വസന്തം വിടരുന്നത് കാണാം.
ബാബുരാജും രാഘവൻ മാഷും എ.ടി. ഉമ്മറുമൊക്കെയായിരുന്നു ഭാസ്കരൻമാഷെഴുതിയ മാപ്പിള ഗീതികൾക്ക് ഈണമിട്ടവർ. തരംഗിണിക്ക് വേണ്ടി ഭാസ്കരൻ മാഷെഴുതി രാഘവൻമാഷ് ഈണമിട്ട് യേശുദാസ് പാടിയ മാപ്പിളപ്പാട്ടുകൾ ഇന്നും നമ്മുടെ ഓർമയിലുണ്ട്. അതിലെ ‘ആക്കുളം കായലിൽ’, ‘ഖത്തറിൽനിന്ന് കത്തിൽ’, ‘അസ്സറ് നിസ്കരിച്ച’, ‘തീറ്റക്കാരൻ കുഞ്ഞവറാൻ’, ‘തേൻവരിക്ക പ്ലാവ് കായ്ക്കും’ എന്നിങ്ങനെയുള്ള പാട്ടുകളിൽ ഭാസ്കരൻമാഷ് തന്റെ സ്വതസിദ്ധമായി എഴുത്തുശൈലിയുടെ ലളിതഘടനകൾ ആവർത്തിക്കുന്നുണ്ട്.
ദേശീയ പ്രസ്ഥാനത്തിൽ പ്രവർത്തിക്കുമ്പോൾ ഒളിവിൽ കഴിഞ്ഞത് മലബാറിന്റെ ഭാഗങ്ങളിൽ ആയതിനാൽ അദ്ദേഹം അവിടെനിന്ന് മാപ്പിളപ്പാട്ടുകൾ കൂടുതൽ അനുവിച്ചറിഞ്ഞു. മാപ്പിളപ്പാട്ട് രചയിതാവായ നല്ലളം ബീരാനുമായി അദ്ദേഹത്തിന് അടുത്ത സൗഹദമുണ്ടായിരുന്നു. ബീരാൻ തന്റെ പല പഴയ രചനകളും അദ്ദേഹത്തെ പാടിക്കേൾപ്പിച്ചിരുന്നു. പുലിക്കോട് ഹൈദ്രു, മോയിൻകുട്ടി വൈദ്യർ തുടങ്ങിയവരുടെ പല മാപ്പിളപ്പാട്ടുകളും ഭാസ്കരൻ മാഷ് കേൾക്കുന്നത് അങ്ങനെയാണ്. മാപ്പിളപ്പാട്ടിന്റെ സുൽത്താനായിരുന്ന വി.എം. കുട്ടിയുടെ വാക്കുകൾ ശ്രേദ്ധയമാണ്.
‘‘എന്റെ ജീവിതമനോവ്യാപാരങ്ങളെ തീരുമാനിച്ചത് ഭാസ്കരൻ മാഷിന്റെ ‘കണ്ടംവെച്ചൊരു കോട്ടാണ്’ എന്ന പാട്ടായിരുന്നു. ഈ പാട്ടിൽ ഞാനെന്നെ സ്വയം സമർപ്പിച്ചു. മാപ്പിളപ്പാട്ടിന്റെ ഇശലിൽ ചിട്ടപ്പെടുത്തിയ ഈ ഗാനത്തിലെ തുടർന്നുള്ള വരികൾ എന്നെ ഏറെ ആകർഷിച്ചു, ‘കഷ്ടത പെരുകിയ സാധുജനങ്ങടെ കണ്ണീരൊപ്പണകോട്ടാണ്, റബ്ബിൻ കൽപ്പന കേട്ടുനടക്കണ ഖൽബിനെ മൂടിയ കോട്ടാണ്.’ പാട്ടുകാരനാവുകയും പാട്ടുകൾ പാടി മനുഷ്യനന്മയെ ഉണർത്തലുമാവണം എന്റെ ലക്ഷ്യമെന്ന് പഠിപ്പിച്ചുതന്നു ഭാസ്കരൻ മാഷിന്റെ ഈ പാട്ട്.’’ പാട്ടിനെ ഏറെ സമീപസ്ഥമാക്കുന്ന ഒരു കലാവിദ്യയുടെ സൗന്ദര്യാത്മകതകൾ എത്രകാലം കഴിഞ്ഞിട്ടും പിന്തുടരുന്നത് ഒരു പക്ഷേ, അവയിലെ ലാളിത്യത്തിന്റെ അന്തർഘടനകൾ തന്നെയാണെന്നുറപ്പിച്ചു പറയാനാവും.
.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.